? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

കുറച്ച് നേരം ഓരോരോ കാര്യങ്ങൾ സംസാരിച്ചിരുന്ന ശേഷം ഒന്നുകൂടി തൊഴുത് അവർ ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങി , ആ പൂജാരി അവരവിടെ നിന്ന് മടങ്ങുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു . ആ സമയം എവിടെ നിന്നോ വന്ന ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് മുന്നിലെ മണികൾ ആടിയുലഞ്ഞ് ശബ്ദം മുഴങ്ങാൻ തുടങ്ങി ….

 

” പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല …. ഇനിയുള്ളവ മറികടക്കാൻ ഏറെ പ്രയാസം …. ”

അയാൾ മനസ്സിൽ ഉരുവിട്ടു കൊണ്ട് തിരിഞ്ഞ് ആ ശ്രീകൃഷ്ണ വിഗ്രഹത്തെ ഒന്ന് തൊഴുതു …..

 

 

അവർ രണ്ട് പേരും ബുള്ളറ്റിൽ കയറി തിരികെ വീട്ടിലേയ്ക്ക് മടങ്ങി . തിരികെ പോകുന്നതിനിടയ്ക്ക് സിറ്റിയിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ട് അവർ റോഡിൽ നിൽക്കുന്ന സമയം . അവരുടെ തൊട്ടടുത്തായി ബ്ലോക്കിൽ പെട്ട് കിടക്കുകയായിരുന്ന ഒരു കാറ് , അതിൽ നിവേദും അവന്റെ കൂട്ടുകാരും ഉണ്ടായിരുന്നു . നവേദ് തന്റെ കയ്യിൽ ഇരുന്ന് എരിയുന്ന സിഗരറ്റിന്റെ പുക വലിച്ച് കയറ്റിയ ശേഷം ഒരു നിശ്വാസം വിട്ടു … അവന്റെ തൊട്ടടുത്ത് ഡ്രൈവിങ്ങ് സീറ്റിൽ വിപിനും പുറകിലായി അവന്റെ മൂന്ന് നാല് സുഹൃത്തുക്കളും ഉണ്ടായിരുന്നു ….

 

” ടാ ദേ ….. നോക്ക് …. ”

വിപിൻ അവനെ തട്ടി വിളിച്ച ശേഷം മുന്നിലേയ്ക്ക് വിരൽ ചൂണ്ടി കാണിച്ചു . നിവേദ് ഉടനെ അവൻ വിരൽ ചൂണ്ടിയ ദിശയിലേയ്ക്ക് നോക്കി ….