രാത്രിയായി. മഴ വീണ്ടും തിമിർത്തു പെയ്യാൻ തുടങ്ങി. ദേവൻ തന്റെ മുറിയിൽ കിടക്കുമ്പോൾ, ജനാലയിലൂടെ പുറത്തെ മഴ കണ്ടു. പെട്ടെന്ന്, ജനാലയ്ക്കൽ ഒരു നിഴൽ. അവൻ ഞെട്ടിയുണർന്നു.
അത് ഇന്നലെ കണ്ട അതേ കറുത്ത രൂപമായിരുന്നു! അത് ജനാലയ്ക്കൽ നിന്നു.
ദേവൻ പേടിയോടെ എഴുന്നേറ്റു. “ആ… ആരാ നീ?” അവൻ ചോദിച്ചു, ശബ്ദം ഇടറി.
ആ രൂപം ഒന്നും മിണ്ടിയില്ല. പകരം, അത് ജനാലയുടെ ചില്ലിൽ ഒരു വിരൽ കൊണ്ട് എന്തോ എഴുതി. അത് ‘സത്യം’ എന്ന വാക്കായിരുന്നു!
അതിനുശേഷം, ആ രൂപം ഇരുളിൽ മറഞ്ഞു. ദേവൻ പേടിയോടെ ജനാലയ്ക്കലേക്ക് നടന്നു. ചില്ലിൽ ‘സത്യം’ എന്ന വാക്ക് വ്യക്തമായി കണ്ടു.
അവൻ ഇല്ലത്തിന്റെ അകത്തളങ്ങളിലേക്ക് നടന്നു. അവിടെ, മങ്ങിയ വിളക്കിന്റെ വെളിച്ചത്തിൽ, രാമനാഥൻ തിരുമേനി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ദേവനെ നോക്കി.
“ദേവാ… നീ എന്താ തിരയുന്നത്?” അദ്ദേഹം പതുക്കെ ചോദിച്ചു.
“അമ്മാവാ… ഇവിടെ എന്തോ ഒരു രഹസ്യമുണ്ട്. ഞാൻ ഒരു കറുത്ത രൂപത്തെ കണ്ടു. അത് ജനാലയ്ക്കൽ വന്ന് ‘സത്യം’ എന്ന് എഴുതി.” ദേവൻ പറഞ്ഞു.
രാമനാഥൻ തിരുമേനിയുടെ മുഖം വല്ലാതെ മാറി. “നീ എന്താ വിചാരിച്ചത്? ഈ ഇല്ലത്ത്… ചില കാര്യങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അതൊന്നും നീ അറിയേണ്ട കാര്യമില്ല.നീ പോയി ഉറങ്ങാൻ നോക്ക് ” അദ്ദേഹം പെട്ടെന്ന് സംസാരം നിർത്തി. അധികം സംസാരിച്ചിട്ടും കാര്യമില്ലാത്തത് കൊണ്ട് ഭയന്നിട്ടാണെങ്കിലും ദേവൻ തിരികെ മുറിയിലേക്ക് പോയി.
പിറ്റേന്ന് രാവിലെ, ദേവൻ സുകുമാരൻ ചേട്ടനെ കണ്ടെത്താൻ തീരുമാനിച്ചു. അവൻ കാവിലേക്ക് പോയി. അവിടെ, വൻമരങ്ങൾക്കിടയിലൂടെ നേർത്ത പകൽ വെളിച്ചം അടിച്ചു കയറുന്നുണ്ടായിരുന്നു. ഇന്നലെ സുകുമാരൻ ചേട്ടനെ കണ്ട അതേ മരത്തിന്റെ ചുവട്ടിലേക്ക് അവൻ പതുക്കെ നടന്നു.
അവിടെ, വള്ളിപ്പടർപ്പുകൾക്കിടയിൽ മണ്ണിൽ പാതി പുതഞ്ഞ നിലയിൽ ഒരു പഴയ ഡയറി കിടപ്പുണ്ടായിരുന്നു!
ദേവൻ ആ ഡയറി എടുത്തു. അതിലെ താളുകൾ മറിച്ചു നോക്കിയ അവൻ ഞെട്ടി. രാമനാഥൻ തിരുമേനിയുടെ ഇളയ സഹോദരൻ, വിശ്വനാഥന്റേതായിരുന്നു അത്. ഇല്ലത്തെ സ്വത്തിന് വേണ്ടി രാമനാഥൻ തന്നെ വിശ്വനാഥനെ വർഷങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയെന്ന സത്യം ആ ഡയറിയിലെ മങ്ങിയ വരികൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. സുകുമാരന് ഈ രഹസ്യം അറിയാമായിരുന്നിരിക്കണം!
പെട്ടെന്ന്, പിന്നിലെ കരിയിലകളിൽ ഭാരമുള്ള എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ടു. ഉണങ്ങിയ മരച്ചില്ലകൾ ഒടിയുന്ന വലിയ ശബ്ദം കാവിന്റെ നിശബ്ദതയെ കീറിമുറിച്ചു. ദേവൻ ഞെട്ടിത്തിരിഞ്ഞു.
അവിടെ, ഒരു വലിയ മരത്തിന്റെ മറവിൽ നിന്നും രാമനാഥൻ തിരുമേനി പുറത്തേക്ക് വന്നു. കാവിലെ മങ്ങിയ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ ക്രൂരമായ ഒരു ചിരി തിളങ്ങുന്നുണ്ടായിരുന്നു.
