ഭ്രമം [ മണവാളൻ ] 1

 

“എന്താ ദേവാ… നീ വല്ലാതെ ഭയന്നിട്ടുണ്ടല്ലോ?” സുകുമാരന്റെ ചുണ്ടുകൾ അനങ്ങിയെങ്കിലും പുറത്തുവന്നത് ആ പഴയ വിശ്വനാഥന്റെ ഗാംഭീര്യമുള്ള ശബ്ദമായിരുന്നു. ആ ശബ്ദം തെക്കിനിയുടെ ചുവരുകളിൽ തട്ടി ഒരു അലർച്ചയായി മാറി.

സുകുമാരന്റെ ശരീരം വല്ലാതെ കോച്ചിവലിക്കുന്നുണ്ടായിരുന്നു. ഒടിഞ്ഞ നട്ടെല്ലും പൊട്ടിയ തലയോടും വെച്ചുകൊണ്ട് ഒരു സാധാരണ മനുഷ്യന് നിൽക്കാൻ പോലുമാകില്ല. എന്നാൽ ആ അമാനുഷിക ശക്തിയുടെ നിയന്ത്രണത്തിൽ അയാളുടെ സന്ധികൾ വിചിത്രമായ രീതിയിൽ തിരിഞ്ഞുകൊണ്ടിരുന്നു. നെറ്റിയിലെ ബാൻഡേജിലൂടെ പുതിയ ചോര കിനിഞ്ഞിറങ്ങി അയാളുടെ കവിളിലൂടെ ഒഴുകി.

 

“ചെമ്പ് തകിട് കൊണ്ട് നീ എന്റെ ഒരു രൂപം മാത്രമാണ് നശിപ്പിച്ചത് ദേവാ…” സുകുമാരൻ പതുക്കെ മുന്നോട്ട് നടന്നു തുടങ്ങി. അയാളുടെ കാൽവെപ്പുകൾക്ക് ഇപ്പോൾ പഴയ ആ ഭാരമില്ലായിരുന്നു; പകരം ചിലന്തിയെപ്പോലെ അത്യന്തം വേഗതയുള്ളതും ഭയാനകവുമായ ചലനങ്ങൾ. “ഇപ്പോൾ എനിക്ക് പുതിയൊരു ശരീരമുണ്ട്. ഇത് നശിപ്പിക്കാൻ കാവിലെ ഭഗവതിയുടെ തകിടുകൾ ഇനി നിന്റെ കയ്യിലില്ലല്ലോ…”

 

ദേവൻ പതുക്കെ പിന്നിലേക്ക് ചുവടുവെച്ചു. അവന്റെ കയ്യിൽ യാതൊരു ആയുധവുമില്ല. തന്റെ മനഃശാസ്ത്ര പുസ്തകങ്ങളിലെ സിദ്ധാന്തങ്ങളെല്ലാം ഈ ഇരുട്ടിന് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുന്നു. പെട്ടെന്ന് സുകുമാരൻ ഒരു വന്യമൃഗത്തെപ്പോലെ ദേവന്റെ നേർക്ക് കുതിച്ചു!

 

ദേവൻ വേഗത്തിൽ ഒഴിഞ്ഞുമാറിയതിനാൽ സുകുമാരന്റെ കൈകൾ ചുമരിലാണ് ചെന്നിടിച്ചതു. പഴയ കരിങ്കൽ ചുമരിലെ സിമന്റ് പാളികൾ ആ ഇടിയിൽ അടർന്നു വീണു. ഒരു മനുഷ്യന് എങ്ങനെ ഇത്രയും ശക്തി ലഭിക്കുന്നു എന്ന് ചിന്തിക്കാൻ ദേവന് സമയമുണ്ടായിരുന്നില്ല. അവൻ അവിടെനിന്നും ഇടനാഴിയിലൂടെ അടുക്കള ലക്ഷ്യമാക്കി കുതിച്ചു. നാരായണിയമ്മ അവിടെ ഒറ്റയ്ക്കാണ്!

 

അടുക്കളയുടെ വാതിൽ അവൻ ശക്തിയായി തള്ളിത്തുറന്നു. നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്ന അവർ ശബ്ദം കേട്ട് ഞെട്ടിയുണർന്നു.

 

“നാരായണിയമ്മേ… വേഗം എഴുന്നേൽക്ക്! നമുക്കിവിടുന്ന് പോകണം!” ദേവൻ അവരെ പിടിച്ചെഴുന്നേൽപ്പിച്ചു.

 

“എന്തുപറ്റി കുഞ്ഞേ? വീണ്ടും ആരെങ്കിലും വന്നോ?” അവർ ഭയത്തോടെ ചോദിച്ചു.

 

“വിശ്വനാഥൻ… അയാൾ മരിച്ചിട്ടില്ല. സുകുമാരൻ ചേട്ടന്റെ ശരീരത്തിൽ അയാൾ തിരിച്ചു വന്നിട്ടുണ്ട്.” ദേവന്റെ വാക്കുകൾ കേട്ട് നാരായണിയമ്മ സ്തംഭിച്ചുപോയി.

 

അവർക്ക് സംസാരിക്കാൻ പോലുമാകുന്നില്ല.

അപ്പോഴേക്കും ഇടനാഴിയിൽ നിന്നും ആ വിചിത്രമായ കാലൊച്ച കേട്ടു തുടങ്ങി. ‘ഠക്… ഠക്…’ എന്ന് താളത്തിലുള്ള, വേഗതയേറിയ ചുവടുവെപ്പുകൾ.

Leave a Reply

Your email address will not be published. Required fields are marked *