“അമ്മാവാ!” ദേവൻ പരിഭ്രാന്തിയോടെ ഓടിച്ചെന്ന് അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. ആ വലിയ മനുഷ്യന്റെ ഭാരം മുഴുവൻ ദേവന്റെ തോളിലേക്ക് വീണു. അവൻ വളരെ പാടുപെട്ട് അദ്ദേഹത്തെ കട്ടിലിലേക്ക് കിടത്തി.
“ദേവാ…”
രാമനാഥൻ തിരുമേനിയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. വായിൽ നിന്നും നേർത്ത രക്തം കിനിയുന്നുണ്ടായിരുന്നു.
“നീ… നീ ആ തെക്കിനിയിലെ അറ തുറന്നു അല്ലേ…?”
ദേവന്റെ കണ്ണുകൾ നിറഞ്ഞു. “അമ്മാവാ, നിങ്ങളൊന്നും സംസാരിക്കരുത്. ഞാൻ ഇപ്പൊത്തന്നെ ഡോക്ടറെ വിളിക്കാം… നമുക്കിവിടുന്ന് പോകാം…” അവൻ തന്റെ ഫോണെടുക്കാൻ ശ്രമിച്ചു.
“വേണ്ട ദേവാ!” അദ്ദേഹം അവന്റെ കൈയിൽ മുറുകെ പിടിച്ചു. ആ പിടിക്ക് വല്ലാത്ത ശക്തിയുണ്ടായിരുന്നു. “ഇനി ആർക്കും എന്നെ രക്ഷിക്കാൻ കഴിയില്ല… നീ… നീ സത്യങ്ങൾ അറിയണം…”
ദേവൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. “എനിക്കറിയാം അമ്മാവാ… ആ ഡയറി… വിശ്വനാഥൻ അമ്മാവനെ നിങ്ങൾ…”
“അല്ല!”
രാമനാഥൻ തന്റെ മുഴുവൻ ശക്തിയുമെടുത്ത് പറഞ്ഞു. “ആ ഡയറി… അവൻ എഴുതിയത് പൂർണ്ണമായും സത്യമല്ല. വിശ്വനാഥൻ… അവനിലെ ഇരുട്ടിനെ ഞാൻ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.”
ഇതുവരെ ദേവൻ മുറുകെ പിടിച്ചിരുന്ന ശാസ്ത്രവും യുക്തിയും ഇവിടെ പരാജയപ്പെടുകയായിരുന്നു. അപ്പോൾ ആ ഡയറിയിലെ വരികൾ കള്ളമായിരുന്നോ?
“നമ്മുടെ കുടുംബ സ്വത്തിന് വേണ്ടിയല്ല അവൻ ആ ദുർമൂർത്തിയെ ഉപാസിച്ചത്…” രാമനാഥൻ തിരുമേനി കിതച്ചുകൊണ്ട് തുടർന്നു. “മരണത്തെ തോൽപ്പിക്കാൻ… ചിരഞ്ജീവിയാകാൻ വേണ്ടിയായിരുന്നു. അതിനുവേണ്ടി അവൻ ഈ ഇല്ലത്തെ പത്തായപ്പുരയിൽ മൃഗങ്ങളെ ബലിനൽകി തുടങ്ങി. പിന്നീട്… പിന്നീട് മനുഷ്യരെയും.”
ദേവന്റെ ഓർമ്മയിലേക്ക് കുട്ടിക്കാലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച പഴയ വേലക്കാരൻ കേളു നായരുടെ മുഖം ഓടിയെത്തി.
“അതെ, കേളുവിനെ കൊന്നത് അവനായിരുന്നു. ആ കൊടുംക്രൂരതകൾ നേരിട്ട് കണ്ടതുകൊണ്ടാണ് സുകുമാരന് സമനില തെറ്റി ഈ കാവിൽ അലഞ്ഞു നടക്കേണ്ടി വന്നത്…” അമ്മാവൻ പതുക്കെ പറഞ്ഞു.
“ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ രാത്രി… നാരായണിയമ്മ എന്നോട് സത്യങ്ങൾ പറഞ്ഞു. അവൻ അവളെയും ബലിനൽകാൻ ഒരുങ്ങുകയായിരുന്നു. അന്ന്… ഈ കുടുംബത്തിന്റെ അഭിമാനം കാക്കാൻ, എന്റെ അനിയനെ… എന്റെ സ്വന്തം അനിയനെ എനിക്ക് തന്നെ കൊല്ലേണ്ടി വന്നു.” അമ്മാവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി. “ഞാൻ എന്റെ സ്വന്തം കൈകൊണ്ട് ആ വാക്കത്തിക്ക് അവന്റെ കഴുത്തറുത്തു…”
ദേവൻ ഞെട്ടലോടെ അമ്മാവനെ നോക്കി.
