ഭ്രമം [ മണവാളൻ ] 1

അവൻ ഇരുമ്പു പാരയുമായി വിഗ്രഹത്തിന് മുന്നിലേക്ക് നടന്നു. പാര മുകളിലേക്ക് ഉയർത്തിയതും, പെട്ടെന്ന് അവന്റെ തലച്ചോറിനുള്ളിൽ ഒരു വലിയ ഇടിമുഴക്കം പോലെ ആ സ്വരം കേട്ടു.

 

“ദേവാ…”

 

അത് സുകുമാരന്റെയോ വിശ്വനാഥന്റെയോ ശബ്ദമായിരുന്നില്ല. അത് ദേവന്റെ സ്വന്തം അമ്മയുടെ ശബ്ദമായിരുന്നു!

അവൻ ഞെട്ടി ചുറ്റും നോക്കി. ആരുമില്ല.

 

“ദേവാ… മോനേ… നീയെന്താ ഈ കാണിക്കുന്നത്? ആ ഇരുമ്പുദണ്ഡ് താഴെയിട് മോനേ…”

അമ്മയുടെ ശബ്ദം കരയുകയായിരുന്നു.

 

“ഇല്ല… ഇതൊക്കെ എന്റെ തോന്നലാണ്… നീ എന്റെ മനസ്സുമായി കളിക്കുകയാണ്…” ദേവൻ സ്വയം പറഞ്ഞുറപ്പിച്ചു. അവൻ വീണ്ടും ആയുധം ഉയർത്തി.

 

“ദേവാ, കണ്ണുതുറന്നു നോക്ക്… നീ എവിടെയാണെന്ന് നോക്ക്…” ഇത്തവണ രാമനാഥൻ അമ്മാവന്റെ ശബ്ദം.

പെട്ടെന്ന് ദേവന്റെ ഫോണിലെ വെളിച്ചം പൂർണ്ണമായും അണഞ്ഞു! കൂരിരുട്ട് അവനെ വിഴുങ്ങി. എന്നാൽ ആ ഇരുട്ടിൽ, അവന്റെ മുന്നിലിരുന്ന ആ കരിങ്കൽ വിഗ്രഹത്തിന് ജീവൻ വെക്കുന്നതുപോലെ അവന് തോന്നി. ആ വിഗ്രഹത്തിന്റെ കണ്ണുകൾ ചുവന്ന നിറത്തിൽ തിളങ്ങാൻ തുടങ്ങി.

 

അവന്റെ സൈക്കോളജി സിദ്ധാന്തങ്ങളെല്ലാം അവനെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ അവന് തോന്നി. ഒരു ശബ്ദം അവനോട് മന്ത്രിച്ചു:

 

“നീ ഇപ്പോൾ ഈ ഇല്ലത്തല്ല ദേവാ… നീ ഒരു ഭ്രാന്താശുപത്രിയിലെ ഇരുട്ടറയിലാണ്. നാരായണിയമ്മയോ അമ്മാവനോ വിശ്വനാഥനോ ആരും ഇവിടെയില്ല. ഇതെല്ലാം നിന്റെ തലച്ചോറ് സൃഷ്ടിക്കുന്ന സ്കീസോഫ്രീനിക് ഡെല്യൂഷനുകൾ മാത്രമാണ്. നീ കയ്യിൽ പിടിച്ചിരിക്കുന്നത് ഇരുമ്പു പാരയല്ല… നിന്റെ സ്വന്തം ജീവനെടുക്കാനുള്ള കയറാണ്… ഉണരൂ ദേവാ… ഉണരൂ…”

 

ഒരു നിമിഷം ദേവൻ വല്ലാതെ തളർന്നുപോയി. അവന്റെ യുക്തിയും ഭ്രമവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുതുടങ്ങി. തനിക്ക് ശരിക്കും ഭ്രാന്താണോ? താൻ ഈ കാണുന്നതൊന്നും സത്യമല്ലേ? അവന്റെ കൈയിലിരുന്ന ഇരുമ്പു പാരയുടെ ഭാരം കുറയുന്നതുപോലെ, അത് താഴേക്ക് വീഴാൻ പോകുന്നതുപോലെ അവന് തോന്നി.

 

വിഗ്രഹത്തിന്റെ ചുണ്ടുകളിൽ വക്രമായ ആ ചിരി തെളിഞ്ഞു. മാനസികമായി അവനെ തകർത്ത്, അവനെക്കൊണ്ട് തന്നെ ആയുധം താഴെയിടീക്കുകയാണ് ആ ശക്തിയുടെ ലക്ഷ്യം.

 

പെട്ടെന്നാണ് നിലവറയുടെ പടവുകളിൽ നിന്നും എന്തോ ഒന്ന് താഴേക്ക് ഉരുണ്ടു വീഴുന്ന വലിയ ശബ്ദം അവൻ കേട്ടത്.

‘ധും… ധും… ധും…’

അത് വന്ന് ദേവന്റെ കാലുകൾക്ക് മുന്നിൽ വീണു. ഫോൺ വീണ്ടും തനിയെ ഓൺ ആയി, വെളിച്ചം തെളിഞ്ഞു. ആ വെളിച്ചത്തിൽ തന്റെ കാൽക്കൽ വന്നു വീണതെന്താണെന്ന് കണ്ട് ദേവൻ അലറിക്കരഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *