ഭ്രമം [ മണവാളൻ ] 1

 

പെട്ടെന്ന് അവനൊരു കാര്യം ഓർമ്മവന്നു. തന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ! അവൻ അതെടുത്ത് ക്യാമറ ഓൺ ചെയ്തു. സ്ക്രീനിലെ പൊട്ടിയ ഗ്ലാസ്സിലൂടെ അവൻ തന്റെ മുഖത്തേക്ക് നോക്കി.

 

അവന്റെ കണ്ണുകൾ! ആ കൃഷ്ണമണികൾക്ക് ചുറ്റും നേർത്ത മഞ്ഞ നിറം പടർന്നു തുടങ്ങിയിരിക്കുന്നു!

സുകുമാരൻ പറഞ്ഞ വാക്കുകൾ അവന് ഓർമ്മ വന്നു.

 

“ഒരു ശരീരം നശിച്ചാൽ അവസാനിക്കുന്നതല്ല ഈ ഇരുട്ട്… ഇനി ഈ ശരീരം… എന്റേതാണ്…”

 

ഭയത്താൽ ദേവൻ ഉച്ചത്തിൽ അലറി. അവൻ പത്തായപ്പുരയുടെ വാതിൽ തുറന്ന് പുറത്തേക്ക് കുതിച്ചു. ഇല്ലത്തിന്റെ മുറ്റത്ത് പ്രഭാത വെളിച്ചം പരന്നു തുടങ്ങിയിരുന്നു. മഴത്തുള്ളികൾ മരച്ചില്ലകളിൽ നിന്നും ഇറ്റുവീഴുന്നുണ്ട്. ഈ വെളിച്ചം കണ്ടാൽ തനിക്ക് ആശ്വാസം ലഭിക്കുമെന്ന് അവൻ കരുതി. പക്ഷേ ഇല്ല, സൂര്യപ്രകാശം അവന്റെ കണ്ണുകളെ വല്ലാതെ അലോസരപ്പെടുത്തി. അവന്റെ ഉള്ളിലെ ‘എന്തോ ഒന്ന്’ ആ വെളിച്ചത്തെ വെറുക്കുന്നുണ്ടായിരുന്നു.

അവൻ മുറ്റത്തെ ചെളിയിലൂടെ ഓടി ഇല്ലത്തിന്റെ പൂമുഖത്തേക്ക് കയറി.

അവിടെ, കഴിഞ്ഞ ദിവസം അമ്മാവൻ ഇരുന്നിരുന്ന ആ ചാരുകസേര ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവൻ അകത്തേക്ക് കയറി, ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇന്നലെ രാത്രി സുകുമാരൻ തകർത്ത അടുക്കളയുടെ വാതിലിനടുത്തേക്ക് അവനൊന്ന് നോക്കി.

 

പക്ഷേ, അവൻ ഞെട്ടിപ്പോയി!

 

അടുക്കളയുടെ വാതിൽ തകർന്നിട്ടില്ല! അത് ഭദ്രമായി അടഞ്ഞു കിടക്കുന്നു!

അവൻ വേഗത്തിൽ ആ വാതിൽ തുറന്നു. അവിടെ തറയിൽ യാതൊരു മരക്കഷണങ്ങളും ഉണ്ടായിരുന്നില്ല. ഇന്നലെ നാരായണിയമ്മ കിടന്നുറങ്ങിയിരുന്ന പായ ഭംഗിയായി മടക്കിവെച്ചിട്ടുണ്ട്.

 

എന്താണ് ഇവിടെ നടക്കുന്നത്? ഇന്നലെ രാത്രി ഇതെല്ലാം തകർത്തത് സുകുമാരനായിരുന്നില്ലേ?

 

അവൻ വേഗത്തിൽ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി. താൻ ആദ്യം വന്ന ദിവസം കിടന്നിരുന്ന തന്റെ മുറി. ആ മുറിയുടെ വാതിൽ അവൻ തള്ളിത്തുറന്നു. അവിടെ… കട്ടിലിൽ… രക്തത്തിൽ കുളിച്ച രാമനാഥൻ തിരുമേനിയുടെ ശരീരമില്ല! രക്ത കറകൾ ഇല്ല! പകരം, വിരിപ്പുകളെല്ലാം പഴയതുപോലെ തന്നെ കിടക്കുന്നു.

 

ദേവന്റെ തലച്ചോർ പൊട്ടിത്തെറിക്കുന്നതുപോലെ അവന് തോന്നി. യാഥാർത്ഥ്യവും ഭ്രമവും തമ്മിലുള്ള അവസാനത്തെ അതിർവരമ്പും അവിടെ മാഞ്ഞുപോകുകയായിരുന്നു.

 

പെട്ടെന്ന് പുറത്ത് പടിപ്പുര കടന്ന് ഒരു ജീപ്പ് വരുന്ന ശബ്ദം കേട്ടു. അവൻ ജനാലയിലൂടെ താഴേക്ക് നോക്കി. പോലീസ് ജീപ്പാണ്! അതിൽ നിന്നും ഭദ്രപുരം പോലീസ് ഇൻസ്പെക്ടർ രവീന്ദ്രനും രണ്ട് പോലീസുകാരും ഇറങ്ങി വന്നു. ഇന്നലെ താൻ വിളിച്ചറിയിച്ചതനുസരിച്ചാണോ അവർ വീണ്ടും വന്നത്?

Leave a Reply

Your email address will not be published. Required fields are marked *