ഭ്രമം [ മണവാളൻ ] 1

“നാരായണിയമ്മേ…” ദേവൻ പെട്ടെന്ന് ഓർത്തു.

 

അവൻ ഫോണിന്റെ വെളിച്ചം ബലിക്കളത്തിലേക്ക് തിരിച്ചു. നാരായണിയമ്മ അവിടെ ബോധമറ്റ് കിടപ്പുണ്ടായിരുന്നു. ദേവൻ വേഗത്തിൽ അവരുടെ അടുത്തേക്ക് ഓടിച്ചെന്ന്, കൈകാലുകളിൽ വരിഞ്ഞുകെട്ടിയിരുന്ന വള്ളിപ്പടർപ്പുകൾ അഴിച്ചുമാറ്റി.

 

“നാരായണിയമ്മേ… കണ്ണ് തുറക്ക്…” അവൻ അവരുടെ മുഖത്ത് തട്ടി വിളിച്ചു.

അവർ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ചുറ്റും ഇരുട്ടാണെന്ന് കണ്ടപ്പോൾ അവർ ദേവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.

 

“കുഞ്ഞേ… അത്… ആ ദുർമൂർത്തി പോയോ?” അവരുടെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

 

“പോയി നാരായണിയമ്മേ… ആ ശരീരം പൂർണ്ണമായും കത്തിത്തീർന്നു. ഇനി പേടിക്കാനില്ല,” ദേവൻ അവരെ ആശ്വസിപ്പിച്ചു.

 

പെട്ടെന്നാണ് ഇരുട്ടിൽ എവിടെയോ കിടക്കുന്ന സുകുമാരൻ ചേട്ടനെക്കുറിച്ച് അവൻ ഓർത്തത്. തന്റെ ജീവൻ രക്ഷിക്കാനായി വിശ്വനാഥന്റെ ദേഹത്തേക്ക് എടുത്തുചാടിയ ആ പാവം മനുഷ്യൻ. ദേവൻ ഫോണിന്റെ വെളിച്ചവുമായി ആ വലിയ മരത്തിന്റെ അടുത്തേക്ക് നടന്നു.

 

സുകുമാരൻ മരത്തിന്റെ വേരുകൾക്കിടയിൽ അനക്കമില്ലാതെ കിടപ്പുണ്ടായിരുന്നു. തല ശക്തമായി മരത്തിലിടിച്ചതുകൊണ്ട് നെറ്റിയിൽ നിന്നും ചോര ഒഴുകി മഴവെള്ളത്തിൽ കലരുന്നുണ്ട്. ദേവൻ താഴെയിരുന്ന് സുകുമാരന്റെ കഴുത്തിൽ വിരൽ വെച്ചു നോക്കി. നാഡിമിടിപ്പുണ്ട്! ആശ്വാസത്തോടെ അവൻ ദീർഘമായി നിശ്വസിച്ചു. സുകുമാരൻ മരിച്ചിട്ടില്ല, പക്ഷേ തലയ്ക്കേറ്റ ക്ഷതം കാരണം അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്.

 

“നാരായണിയമ്മേ, ഒന്ന് സഹായിക്ക്… സുകുമാരൻ ചേട്ടനെ നമുക്ക് ഇല്ലത്തേക്ക് കൊണ്ടുപോകണം,” ദേവൻ വിളിച്ചു പറഞ്ഞു.

രണ്ടുപേരും ചേർന്ന് വളരെ പാടുപെട്ട് സുകുമാരനെ താങ്ങിയെടുത്ത് ഇല്ലത്തേക്ക് നടന്നു. കാവിലെ ഇരുട്ടിന് ഇപ്പോൾ പഴയ ഭീകരത ഉണ്ടായിരുന്നില്ല.

 

മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ, വർഷങ്ങളായി ഈ കാവിനെ വരിഞ്ഞുമുറുക്കിയിരുന്ന എന്തോ ഒരു ശാപം ഒഴിഞ്ഞുപോയതുപോലെ ദേവന് തോന്നി.

ഇല്ലത്തിന്റെ പടിപ്പുര കടന്ന് അവർ അകത്തേക്ക് കയറി. മുറ്റത്തെ ചെളിയിലൂടെ നടന്ന് പൂമുഖത്തെത്തിയപ്പോൾ ദേവന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി. രാമനാഥൻ അമ്മാവൻ! രക്തം വാർന്ന് മുകളിലത്തെ മുറിയിൽ കിടക്കുന്ന അദ്ദേഹത്തെ ഡോക്ടറെ കാണിക്കണം.

 

സുകുമാരനെ പൂമുഖത്തെ ചാരുകസേരയിൽ കിടത്തിയ ശേഷം ദേവനും നാരായണിയമ്മയും വേഗത്തിൽ മുകളിലേക്ക് ഓടി.

 

മുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ആ വലിയ കട്ടിലിൽ രാമനാഥൻ തിരുമേനി കിടപ്പുണ്ടായിരുന്നു. ദേവൻ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു. ആ കൈകൾ ഐസുപോലെ തണുത്തുറഞ്ഞിരുന്നു. ദേവൻ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചെവി ചേർത്തു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *