ഭ്രമം [ മണവാളൻ ] 1

ഇനി ഈ രഹസ്യങ്ങൾ അറിയാൻ ഒരാൾ മാത്രമേ ബാക്കിയുള്ളൂ. നാരായണിയമ്മ. വിശ്വനാഥൻ തന്റെ ഡയറിയിൽ അവരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അവർക്കെല്ലാം അറിയാം.

 

പുറത്ത് സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും, കാറ്റിൽ ജനാലപ്പലകകൾ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുന്നുണ്ട്. ദേവൻ ഡയറിയും കീറിയ താളുകളും ഭദ്രമായി തന്റെ ബാഗിൽ വെച്ച ശേഷം മുറി തുറന്ന് പുറത്തിറങ്ങി.

താഴത്തെ നിലയിൽ തീർത്തും നിശബ്ദതയായിരുന്നു. പൂമുഖത്ത് ഒരു മണ്ണെണ്ണ വിളക്ക് മാത്രം കത്തുന്നുണ്ട്. അമ്മാവനെ അവിടെയെങ്ങും കാണാനില്ല. അടുക്കളയുടെ ഭാഗത്തുനിന്നും പാത്രങ്ങൾ കൂട്ടിയുരസുന്ന നേർത്ത ശബ്ദം കേട്ട് അവൻ അങ്ങോട്ട് നടന്നു.

 

വലിയ അടുക്കളയിൽ, വിറകടുപ്പിലെ തീയല്ലാതെ മറ്റൊരു വെളിച്ചവും ഉണ്ടായിരുന്നില്ല. ആ തീയുടെ ചുവന്ന വെളിച്ചത്തിൽ, നാരായണിയമ്മ തറയിലിരുന്ന് എന്തോ അരിയുകയായിരുന്നു. ദേവൻ പതുക്കെ ചെന്ന് അടുക്കളയുടെ വാതിൽ ചാരി, സാക്ഷയിട്ടു. ശബ്ദം കേട്ട് നാരായണിയമ്മ ഞെട്ടിത്തിരിഞ്ഞു നോക്കി.

 

“ദേവാ… എന്താ കുഞ്ഞേ നീ വാതിലടച്ചത്?” അവരുടെ ശബ്ദത്തിൽ പരിഭ്രമമുണ്ടായിരുന്നു.

ദേവൻ അവരുടെ അടുത്തേക്ക് നടന്നു ചെന്നു. “എനിക്ക് എല്ലാം അറിയണം നാരായണിയമ്മേ… ഈ ഇല്ലത്തെ രഹസ്യങ്ങൾ മുഴുവൻ.”

അവർ ഒന്നും മനസ്സിലാകാത്തതുപോലെ അവനെ നോക്കി. “എന്ത് രഹസ്യം കുഞ്ഞേ? നീ വല്ലതും കണ്ട് പേടിച്ചോ?”

 

“അഭിനയിക്കേണ്ട നാരായണിയമ്മേ…” ദേവന്റെ ശബ്ദം കടുത്തു. “വിശ്വനാഥൻ അമ്മാവന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. രാമനാഥൻ അമ്മാവൻ അദ്ദേഹത്തെ കൊന്നതാണെന്നും, അതിന് നിങ്ങൾ കൂട്ടുനിന്നുവെന്നും എനിക്കറിയാം.”

ആ വാക്കുകൾ കേട്ടതും നാരായണിയമ്മയുടെ കൈയ്യിലിരുന്ന കത്തിയെങ്ങോ തെറിച്ചുവീണു. അവരുടെ കണ്ണുകൾ ഭയം കൊണ്ട് വികസിച്ചു. വിറയ്ക്കുന്ന കൈകൾ നെഞ്ചോട് ചേർത്ത് അവർ പിന്നിലേക്ക് നീങ്ങി.

 

“ആരു പറഞ്ഞു നിന്നോട് ഇതൊക്കെ ? അതൊന്നും സത്യമല്ല കുഞ്ഞേ… വിശ്വനാഥൻ കുട്ടി നാടുവിട്ടു പോയതാ…” അവർ കരയാൻ തുടങ്ങി.

“കള്ളം പറയരുത്!” ദേവൻ ശബ്ദമുയർത്തി. “അദ്ദേഹത്തിന്റെ ഡയറി എന്റെ കൈയ്യിലുണ്ട്. ഈ ഇല്ലത്തെ തെക്കിനിയിലെ അറയിൽ എന്താണ് നടക്കുന്നതെന്ന് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. നിങ്ങൾ സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.”

 

പോലീസ് എന്ന വാക്ക് കേട്ടതും അവർ പൊട്ടിക്കരഞ്ഞുകൊണ്ട് ദേവന്റെ കാലുകളിലേക്ക് വീണു.

“വേണ്ട കുഞ്ഞേ… പോലീസൊന്നും ഇങ്ങോട്ട് വരരുത്. അവർ വന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഇത് മനുഷ്യർക്ക് പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല.” അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *