ഭ്രമം [ മണവാളൻ ] 1

 

ദേവൻ അടുക്കളയുടെ കനത്ത മരവാതിൽ വലിച്ചടച്ച് സാക്ഷയിട്ടു. പുറത്തേക്കുള്ള വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് പുറത്തുനിന്നും ആരോ പൂട്ടിയിരുന്നു! ഈ ഇല്ലം മുഴുവൻ ആ ഇരുട്ട് വിഴുങ്ങിയിരിക്കുന്നു. എങ്ങോട്ടും രക്ഷപ്പെടാൻ കഴിയില്ല.

വാതിലിനപ്പുറത്ത് കാലൊച്ച വന്ന് നിന്നു. പിന്നാലെ സുകുമാരന്റെ ചിരി കേട്ടു.

 

“എങ്ങോട്ട് പോകാനാണ് ദേവാ? ഈ ഇല്ലത്തിന്റെ വാതിലുകളെല്ലാം ഞാൻ അടച്ചു കഴിഞ്ഞു. ഇന്നലെ രാത്രി മുടങ്ങിപ്പോയ ആ ബലി എനിക്ക് പൂർത്തിയാക്കണം. നാരായണിയുടെ ചോര എനിക്ക് വേണം…”

വാതിലിൽ ശക്തമായ ഇടിമുഴങ്ങി. വാതിലിന്റെ മരപ്പലകകൾ പൊട്ടാൻ തുടങ്ങിയിരിക്കുന്നു. അധികനേരം അത് പിടിച്ചുനിൽക്കില്ല.

 

പെട്ടെന്ന് ദേവന് തന്റെ പോക്കറ്റിൽ കിടക്കുന്ന ആ ഇരുമ്പു താക്കോലിന്റെ കാര്യം ഓർമ്മവന്നു. അവൻ പോക്കറ്റിൽ നിന്നും അതെടുത്ത് നാരായണിയമ്മയെ കാണിച്ചു. “ഇന്ന് വൈകുന്നേരം കാവിൽ നിന്നും എനിക്കിത് കിട്ടി. നാരായണിയമ്മയ്ക്ക് അറിയാമോ ഇത് എന്തിന്റെ താക്കോലാണെന്ന്?”

 

മങ്ങിയ വെളിച്ചത്തിൽ ആ വിചിത്രമായ കൊത്തുപണികളുള്ള താക്കോൽ കണ്ടതും നാരായണിയമ്മയുടെ കണ്ണുകൾ വികസിച്ചു. അവർ വിറയ്ക്കുന്ന കൈകളോടെ അത് തൊട്ടുനോക്കി.

 

“ഭഗവതിയേ… ഇത്… ഇത് പത്തായപ്പുരയുടെ താഴെയുള്ള നിലവറയുടെ താക്കോലാണ് കുഞ്ഞേ!”

 

“നിലവറയോ?” ദേവൻ ചോദിച്ചു.

 

“അതെ കുഞ്ഞേ… വിശ്വനാഥൻ ഉപാസിച്ചിരുന്ന ആ ദുർമൂർത്തിയുടെ യഥാർത്ഥ വിഗ്രഹം ഇരിക്കുന്നത് അവിടെയാണ്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് തിരുമേനി ആ വിഗ്രഹം അവിടെ വെച്ച് പൂട്ടി കാവിൽ കുഴിച്ചിട്ടതാണ് ഈ താക്കോൽ. തെക്കിനിയിൽ അവൻ പൂജിച്ചിരുന്നത് ഇതിന്റെ ചെറിയൊരു പ്രതിരൂപം മാത്രമാണ്.”

 

പുറത്ത് വാതിലിലെ ഇടി ഒന്നുകൂടി ശക്തമായി. അതിനൊപ്പം സുകുമാരന്റെ ശബ്ദം കേട്ടു:

“ആ താക്കോൽ… അത് എനിക്ക് താ ദേവാ… ഇരുപത്തിയഞ്ച് വർഷമായി ഞാൻ ആ ഇരുട്ടിൽ തിരയുന്നതാണ് അത്. എനിക്കത് വേണം!”

 

ദേവന് കാര്യങ്ങൾ വ്യക്തമായി. ആ ചെമ്പുതകിട് കരിഞ്ഞുപോയപ്പോൾ, വർഷങ്ങളായി കാവിലെ മണ്ണിൽ ആവാഹിച്ചു വെച്ചിരുന്ന ഈ താക്കോൽ പുറത്തുവന്നതാണ്. ഇതിപ്പോൽ സുകുമാരന്റെ രൂപത്തിലുള്ള ആ ശക്തിയുടെ കയ്യിൽ കിട്ടിയാൽ, അയാൾ നിലവറ തുറക്കും. ആ ദുർമൂർത്തിയുടെ പൂർണ്ണരൂപത്തെ അയാൾ സ്വന്തമാക്കിയാൽ പിന്നെ ഈ ഗ്രാമം മുഴുവൻ നശിക്കും.

 

“നാരായണിയമ്മേ, പത്തായപ്പുരയിലേക്ക് ഇവിടുന്ന് വേറെ വഴി വല്ലതുമുണ്ടോ?” ദേവൻ വേഗത്തിൽ ചോദിച്ചു. സുകുമാരൻ അത് സ്വന്തമാക്കും മുൻപേ ആ താക്കോൽ ഉപയോഗിച്ച് ആ വിഗ്രഹം നശിപ്പിക്കണം!

Leave a Reply

Your email address will not be published. Required fields are marked *