”ആരു വന്നാലും ഇന്ന് ഈ കാവ് രക്തം കുടിക്കും…” വിശ്വനാഥൻ അലറിക്കൊണ്ട് വീണ്ടും എഴുന്നേറ്റു.
പക്ഷേ, സുകുമാരൻ നൽകിയ ആ ചെറിയ സമയം ദേവന് ധാരാളമായിരുന്നു. തന്റെ വേദനകളെല്ലാം കടിച്ചിറക്കി, മണ്ണിൽ പുതഞ്ഞുകിടന്ന ആ ചെമ്പു തകിട് അവൻ വലിച്ചെടുത്തു. വിശ്വനാഥൻ പൂർണ്ണമായി എഴുന്നേറ്റ് തിരിയും മുൻപേ, തന്റെ സർവ്വശക്തിയുമെടുത്ത് ദേവൻ മുന്നോട്ട് കുതിച്ചു.
അവന്റെ ലക്ഷ്യം വിശ്വനാഥന്റെ നെഞ്ചായിരുന്നു. ആ പൈശാചിക രൂപം ദേവനെ തടയാൻ കൈകൾ ഉയർത്തിയെങ്കിലും, അതിനുമുൻപേ ദേവന്റെ വലംകൈയിലെ കാവിലെ ഭഗവതിയുടെ ആ ചെമ്പു തകിട് വിശ്വനാഥന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി!
അത് വെറുമൊരു സ്പർശനമായിരുന്നില്ല; വലിയൊരു തീഗോളം ശരീരത്തിലേക്ക് തുളച്ചുകയറുന്നതുപോലെ ആ തകിട് തൊട്ട ഭാഗത്തുനിന്ന് മാംസം കരിഞ്ഞ മണം ഉയർന്നു.
വിശ്വനാഥന്റെ വായിൽ നിന്നും ഹൃദയം പിളർക്കുന്ന ഒരു നിലവിളി പുറത്തുവന്നു. ആ കാവ് മുഴുവൻ കുലുങ്ങുന്നതുപോലെ ദേവന് തോന്നി. കറുത്ത രൂപം പിന്നിലേക്ക് വേച്ചു വേച്ചു പോയി. ആ ശരീരത്തിൽ നിന്നും കറുത്ത പുക ഉയരാൻ തുടങ്ങി. ഒരു നിമിഷം ആ കാവിലെ കാറ്റിന് പോലും വല്ലാത്തൊരു ചൂട് അനുഭവപ്പെട്ടു. വിശ്വനാഥന്റെ ശരീരം നിലത്തേക്ക് വീഴുകയും, വേദനകൊണ്ട് പുളയുകയും ചെയ്തു.
പെട്ടെന്ന്, കാവിലെ പന്തങ്ങളെല്ലാം ഒരുമിച്ച് അണഞ്ഞു.
കനത്ത ഇരുട്ട് അവരെ പൂർണ്ണമായും വിഴുങ്ങി!
കണ്ണുതുറന്നിരുന്നിട്ടും കാഴ്ചയില്ലാത്ത അവസ്ഥ. മഴത്തുള്ളികൾ മരച്ചില്ലകളിൽ വീണുടയുന്ന ശബ്ദം മാത്രമേ ഇപ്പോൾ അവിടെ കേൾക്കാനുണ്ടായിരുന്നുള്ളൂ.
കുറച്ചുനേരത്തേക്ക് വിശ്വനാഥന്റെ അലർച്ചയോ മറ്റനക്കങ്ങളോ ഉണ്ടായില്ല. ആ ചെമ്പു തകിട് നെഞ്ചിൽ തറഞ്ഞപ്പോൾ കരിഞ്ഞ മാംസത്തിന്റെ രൂക്ഷഗന്ധം ഇപ്പോഴും ആ കാറ്റിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.
ദേവൻ ചെളിയിൽ കിടന്നുകൊണ്ട് ശ്വാസമെടുക്കാൻ പാടുപെട്ടു. നെഞ്ചിലും പുറത്തും വല്ലാത്ത വേദന. വിശ്വനാഥൻ മരിച്ചോ? അതോ ആ ഇരുട്ടിൽ തന്നെ ലക്ഷ്യമാക്കി പതുങ്ങിയിരിക്കുകയാണോ?
വിറയ്ക്കുന്ന കൈകളോടെ ദേവൻ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ പരതി. ഭാഗ്യത്തിന് മൊബൈൽ ഫോൺ അവിടെ തന്നെയുണ്ടായിരുന്നു. അവൻ വേഗത്തിൽ ഫോണെടുത്ത് ടോർച്ച് ഓൺ ചെയ്തു.
ഫോണിന്റെ നേർത്ത വെളിച്ചം മഴത്തുള്ളികളെ വകഞ്ഞുമാറ്റി മുന്നിലെ കാഴ്ചയിലേക്ക് വീണു. ദേവൻ സ്തംഭിച്ചുപോയി.
വിശ്വനാഥൻ വീണുകിടന്ന ആ സ്ഥലത്ത് ഇപ്പോൾ അയാളുടെ ഭീമാകാരമായ ശരീരമില്ല! പകരം, പകുതി കരിഞ്ഞ ആ കറുത്ത തുണിയും ചോര പുരണ്ട കാവി മുണ്ടും കുറെ ചാരവും മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ. ആ ചാരത്തിന് നടുവിലായി, രാമനാഥൻ അമ്മാവൻ നൽകിയ കാവിലെ ഭഗവതിയുടെ ആ ചെമ്പു തകിട് പൂർണ്ണമായും കറുത്ത നിറത്തിൽ കിടപ്പുണ്ടായിരുന്നു. ആ പൈശാചിക ശക്തി വസിച്ചിരുന്ന വിശ്വനാഥന്റെ ശരീരം വെറുമൊരു ചാരമായി മാറിയിരിക്കുന്നു!
