ഭ്രമം [ മണവാളൻ ] 1

 

നാരായണിയമ്മ വിറയ്ക്കുന്ന കൈകളോടെ നടുവിലുള്ള ഏറ്റവും വലിയ പത്തായത്തിന് അടുത്തേക്ക് ചൂണ്ടി. “ആ വലിയ പത്തായത്തിന് പിന്നിൽ… പഴയ ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ താഴെയാണ്…”

 

ദേവൻ വേഗത്തിൽ അങ്ങോട്ട് ഓടി. ഫോൺ വായിൽ കടിച്ചു പിടിച്ച്, രണ്ട് കൈകൊണ്ടും അവൻ ആ പഴയ നെൽച്ചാക്കുകൾ വലിച്ചുമാറ്റാൻ തുടങ്ങി. വർഷങ്ങളുടെ പഴക്കമുള്ള ആ ചാക്കുകൾ പൊടിഞ്ഞ് അവന്റെ ദേഹത്തേക്ക് വീണു. എലികൾ ചിതറിയോടി. ചാക്കുകൾ മുഴുവൻ മാറ്റിയപ്പോൾ തറയിലെ തടിപ്പലകകൾക്കിടയിൽ ഇരുമ്പു പട്ടകൾ കൊണ്ട് ഉറപ്പിച്ച ഒരു ചെറിയ വാതിൽ അവൻ കണ്ടു. അതിൽ കൈപ്പത്തിയുടെ വലിപ്പമുള്ള, തുരുമ്പുപിടിച്ച വലിയൊരു ഇരുമ്പു പൂട്ടുണ്ട്!

 

പിന്നിൽ, അവർ കടന്നുവന്ന കലവറയുടെ വാതിൽക്കൽ എന്തോ വന്ന് ഇടിക്കുന്ന ശബ്ദം കേട്ടു.

‘ഠും… ഠും…’

അയാൾ എത്തിക്കഴിഞ്ഞു! ഇനി നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

ദേവൻ വേഗത്തിൽ തന്റെ പോക്കറ്റിൽ നിന്നും ആ വിചിത്രമായ താക്കോലെടുത്തു. വിറയ്ക്കുന്ന കൈകളോടെ അവൻ ആ താക്കോൽ പൂട്ടിലേക്ക് കടത്തി. പക്ഷേ വർഷങ്ങളായി പൂട്ടി കിടന്നതുകൊണ്ടും, പൂട്ട് തുരുമ്പെടുത്തതുകൊണ്ടും താക്കോൽ തിരിയുന്നില്ല!

 

“ഭഗവതിയേ… രക്ഷിക്കണേ…” നാരായണിയമ്മ കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു.

 

‘ഠാേ!’ കലവറയുടെ വാതിൽ വലിയ ശബ്ദത്തോടെ തുറക്കപ്പെട്ടു.

ദേവൻ തിരിഞ്ഞു നോക്കി. പത്തായപ്പുരയുടെ വാതിൽക്കൽ, പകുതി ഇരുട്ടിൽ സുകുമാരൻ നിൽക്കുന്നു. അയാളുടെ ശരീരം വല്ലാതെ വളഞ്ഞിരുന്നു. പെട്ടെന്ന്, സുകുമാരൻ തന്റെ തല പതുക്കെ ഉയർത്തി ദേവനെ നോക്കി. ആ മഞ്ഞക്കണ്ണുകൾ ഇരുട്ടിൽ തിളങ്ങുന്നുണ്ടായിരുന്നു. മനുഷ്യന്റെ ശരീരഘടനയ്ക്ക് അസാധ്യമായ രീതിയിൽ, കഴുത്ത് പുറകിലേക്ക് തിരിച്ച് അയാൾ വായുവിൽ മണത്തുനോക്കി.

 

“ആ താക്കോൽ… എന്റെ താക്കോൽ…” വിശ്വനാഥന്റെ ശബ്ദം സുകുമാരന്റെ തൊണ്ടയിൽ നിന്നും വീണ്ടും മുഴങ്ങി. പെട്ടെന്ന് അയാൾ നാലുകാലിൽ, ഒരു മൃഗത്തെപ്പോലെ അവർക്ക് നേരെ കുതിച്ചു വന്നു!

 

“നാരായണിയമ്മേ, മാറി നിൽക്ക്!” ദേവൻ അലറി. അവൻ തന്റെ പൂർണ്ണ ശക്തിയുമെടുത്ത് ആ താക്കോൽ വലത്തോട്ട് തിരിച്ചു.

 

‘ക്ലിക്ക്!’

തുരുമ്പ് പൊട്ടി പൂട്ട് തുറന്ന ശബ്ദം പത്തായപ്പുരയിൽ മുഴങ്ങി. ദേവൻ വേഗത്തിൽ പൂട്ട് വലിച്ച് പുറത്തെടുത്തു, ആ കനത്ത മരവാതിൽ മുകളിലേക്ക് വലിച്ചു തുറന്നു.

 

ഉള്ളിൽ നിന്നും പുറത്തേക്ക് വന്നത് അത്യന്തം രൂക്ഷമായ ഒരു ഗന്ധമായിരുന്നു. ചീഞ്ഞ മാംസത്തിന്റെയും ഉണങ്ങിയ രക്തത്തിന്റെയും ഗന്ധം! ഫോണിന്റെ വെളിച്ചത്തിൽ, താഴേക്ക് നീളുന്ന ഇടുങ്ങിയ കരിങ്കൽപ്പടവുകൾ അവൻ കണ്ടു. കൊടും ഇരുട്ടിലേക്ക് നീളുന്ന മരണത്തിന്റെ പടവുകൾ!

Leave a Reply

Your email address will not be published. Required fields are marked *