താൻ ചുംബിച്ചു ചുവപ്പിച്ച അവന്റെ ചുണ്ടുകളിൽ ഒന്ന് കൂടി ചുണ്ടമർത്തിയിട്ടവൾ അവന്റെ മേലുള്ള തന്റെ പിടി അയച്ചു.
“മനുഷ്യൻ അത്ര നിസ്സാരക്കാരൻ അല്ല എന്ന് നിനക്ക് മുൻപേ മനസിലായതല്ലേ മാവിക……. ”
പതിഞ്ഞ സ്വരത്തിൽ ചോദിച്ചു കൊണ്ട് ഏഥൻ, തോൾസഞ്ചിക്കുള്ളിൽ ഇരുന്ന തന്റെ വലതു കൈ മിന്നൽ വേഗതയിൽ മാവികയുടെ കിരീടത്തിലേക്ക് ചേർത്തു വച്ചു.
“ആാാാാ…ഘ്രാ………….”
നിമിഷ നേരംകൊണ്ട് തലക്ക് ഇരു വശത്തും ഇരു കൈകളും അമർത്തിപ്പിടിച്ച മാവിക തല പൊട്ടിപ്പിളരുന്ന പോലെയുള്ള വേദനയിൽ അലറിക്കരഞ്ഞു.
അറിയാതെ അയഞ്ഞുപോയ അവളുടെ ചിറകുകളും കൈകളും തട്ടിമാറ്റി ചുണ്ടിൽ ഊറിയ പുശ്ചച്ചിരിയോടെ ഏഥൻ ഇരു കൈകളും നെഞ്ചിൽ കെട്ടി രണ്ടു ചുവട് പിന്നോട്ടേക്ക് മാറിനിന്നു.
അലറികരഞ്ഞുകൊണ്ട് നിലത്തേക്ക് വീണ മാവിക ആ മണ്ണിൽ കിടന്നുരുണ്ടു.
കുറച്ചു നേരം മണ്ണിൽ കിടന്നു പിടഞ്ഞ അവൾ പതിയെ അനക്കമറ്റ് നിശ്ചലയായി.മനോഹരമായ കൺപീലികൾ നിറഞ്ഞു നിന്നിരുന്ന കൺപോളകൾ ഇറുകെ അടഞ്ഞിരുന്നു. അവയിൽനിന്ന് ഒഴുകിയിറങ്ങിയ ഏതാനും നീർത്തുള്ളികൾ കവിളിനെ നനച്ച് താഴേക്ക് പതിച്ചു. അവളുടെ മൂക്കിൽ നിന്നും ഒഴുകിയിറങ്ങിയ നീലയും ചുവപ്പും കലർന്ന നിറമാർന്ന രക്തത്തുള്ളികൾ മണ്ണിനെ നനച്ചു.
“ടോല്ലേ ഫിലിയേം ട്യൂവം… ”
(നിന്റെ മകളെ കൊണ്ട് പൊയ്ക്കൊള്ളുക..)
ഇരുകൈകളും കാടിന് നേർക്കുയർത്തി ഏഥൻ തന്റെ മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു.
ഏതാനും നിമിഷങ്ങളിലേക്ക് പ്രകൃതി എന്തിനോ വേണ്ടി കാത്തിരിക്കും പോലെ നിശബ്ദമായി.
പൊടുന്നനെ, മരച്ചില്ലകളിൽ അവിടവിടെയായി തങ്ങളുടെ കണ്ണുകളടച്ച് നിദ്രയെ പുൽകി ഇരുന്ന പക്ഷിക്കൂട്ടങ്ങൾ എന്തോ കണ്ടു ഭയന്നിട്ട് എന്നവണ്ണം കരഞ്ഞുകൊണ്ട് പറന്നുയർന്നു ദൂരേക്ക് മറഞ്ഞു.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്