രുധിരാഖ്യം -4 [ചെമ്പരത്തി ] 350

തോളിൽ തൂക്കിയ തോൾ സഞ്ചിയുമായി എന്തുചെയ്യണമെന്നറിയാതെ, എങ്ങോട്ട് പോകണമെന്നറിയാതെ  അല്പനേരം ഏഥൻ പകച്ച് നിന്നു.

“എന്റെ അനുവാദമില്ലാതെ നീ ഇവിടെ നിന്ന് പുറത്തു പോയാൽ, ആ പോകുന്ന നിമിഷം, ഞാൻ ഇല്ലാതെ ആയി പോയാൽ പോലും,എന്റെ സൈന്യം ഇവിടെയെത്തും.. നിമിഷനേരംകൊണ്ട് ഒരു പുൽനാമ്പ് പോലും ബാക്കി ഇല്ലാതെ അവർ നശിപ്പിക്കും…. ഈ നാട്ടിലെ അവസാന ആളുടെയും മരണം കണ്ടതിനുശേഷം മാത്രമേ നിനക്ക് ഇവിടെ നിന്ന് പോകാൻ കഴിയൂ  ഏഥൻ….”

അൽപനേരം ശൂന്യമായി പോയ മനസോടെ ആ  കൂരിരുളിൽ  വിജനമായ  വഴിയിൽ തന്നെ നിന്ന ഏഥൻ  അവളുടെ വാക്കുകൾ വീണ്ടും കാതിൽ വന്നലച്ചതോടെ  തിരികെ ഗിരീഷിന്റെ വീട് ലക്ഷ്യമാക്കി പതിയെ നടന്നു.

കാർമേഘത്തിന്റെ പിടിയിൽനിന്ന് പതിയെ വെൺചന്ദ്രൻ മോചിതമായിരുന്നു. ഭീതി വിട്ടൊഴിഞ്ഞ മുഖത്തെ പാല്പുഞ്ചിരി പോലെ ഭൂമിയിൽ എങ്ങും നിലാവെളിച്ചം പരന്നു.

അതേസമയം മാവികയെ കടിച്ചു തൂക്കിയെടുത്ത് തിരികെ പാഞ്ഞ മൃഗം  ചെമ്പാനദിയുടെ ഉത്ഭവ സ്ഥാനത്തിനടുത്തേക്ക് എത്തിയിരുന്നു.

ആ താഴ്‌വാരത്തിൽ ഒരു പടർന്നു പന്തലിച്ച, അസാധാരണമാംവണ്ണം വലിപ്പമുള്ള  മരം നിന്നിരുന്നു. അതിന്റെ ചുവട്ടിൽ പോയി നിന്ന മൃഗം ആ മരത്തിന്റെ ഒരു വശത്ത് ഉണ്ടായിരുന്ന  ഒരു വലിയ വിള്ളലിലേക്ക് മാവികയെ ഇട്ടു.

ഏതാനും അടി ആഴത്തിലേക്ക് പോയ അവൾ പൊടുന്നനെ ഇളം ചുവപ്പു നിറമാർന്ന ജലത്തിലേക്ക് പതിച്ചു. ഞെട്ടിയെന്നോണം കണ്ണുതുറന്ന മാവിക, ആ ജലം ദേഹത്ത് തൊട്ടതോടെ, എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയാത്തവണ്ണം തീരെ അശക്തയായി പോയിരുന്നു.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.