രുധിരാഖ്യം -4 [ചെമ്പരത്തി ] 350

തൽക്കാലത്തേക്ക്  താമസിക്കാൻ ഒരു വീട് കണ്ടുപിടിക്കണം…. വാടകയ്ക്ക് മതി….. ഇവിടുത്തെ ഈ പ്രശ്നം ഒന്ന് ഒതുങ്ങാതെ എനിക്ക് ഇവിടം വിട്ടു പോകാൻ പറ്റില്ല… ”

ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങി വയൽവരമ്പിലൂടെ അതിനപ്പുറമുള്ള ഉയർന്ന പാറക്കെട്ടിലേക്ക് നടക്കുമ്പോൾ ഏഥൻ പറഞ്ഞുകൊണ്ട് ഗിരീഷിനെ ഒന്ന് നോക്കി.

” എടാ അത്…. ഇതൊരു ഗ്രാമപ്രദേശമാണ്…. ഇവിടെ അങ്ങനെ വാടകയ്ക്ക് വീടുകൾ ഒന്നും കിട്ടാൻ വഴിയില്ല…. ”

ഗിരീഷ് നിസ്സഹായതയോടെ ഏഥൻ നോക്കി….

“അല്ലെങ്കിൽ….. അല്ലെങ്കിൽ…. എടാ നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ…. ”

അവൻ പറഞ്ഞ് പൂർത്തിയാക്കാതെ ഏഥനെ നോക്കി..

” നീ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി ഗിരി… പക്ഷേ അത് വേണ്ട… അവൾ സൃഷ്ടിച്ച ആ സംരക്ഷണ വലയം.. അത് അവിടെ തന്നെ ഇരുന്നോട്ടെ.. പിന്നെ അതു മാത്രമല്ല അവൾ പ്രായപൂർത്തിയായ ഒരു പെൺകുട്ടി അല്ലേ എന്നെപ്പോലെ ഒരാൾ അവിടെ വന്ന് താമസിച്ചാൽ അത് ശരിയാകില്ല നാട്ടുകാർ പലതും പറയും….”

ഗിരീഷ് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയ ഏഥൻ അവനെ നിരുത്സാഹപ്പെടുത്തി.

“ഏഥൻ… എടാ എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ… നിനക്ക് എന്റെ  വീട്ടിൽ താമസിക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ ദാ ആ കാണുന്നത് നമ്മുടെ കളപ്പുര ആണ്. ഒന്നു രണ്ടു മുറികൾ നല്ലപോലെ വൃത്തിയാക്കി ഇട്ടിരിക്കുന്നതാണ്. നിന്റെ ബംഗ്ലാവിലെ പോലെ സൗകര്യങ്ങൾ ഒന്നും ഉണ്ടാകില്ല….നിനക്ക് അവിടെ താമസിക്കാൻ ഇഷ്ടമാകുമെങ്കിൽ….”

അവന് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അറിയാത്തതിനാൽ ചെറിയ പരുങ്ങലോടെ പറഞ്ഞ ഗിരീഷ് ഒരു അർദ്ധോക്തിയിൽ നിർത്തി.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.