തന്റെ ഹൃദയമിടിപ്പിന്റെ ശക്തിയിൽ നെഞ്ചിൻകൂട് വിറയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു.
” അല്ലാ….ഏട്ടന്റെ കൂട്ടുകാരന് ഭക്ഷണം കൊണ്ട് കൊടുക്കണ്ടേ…??”
പെട്ടെന്ന് മുഖഭാവം സാധാരണ പോലെതന്നെ ആക്കി എന്തോ മറന്ന പോലെ അവൾ അവനെ നോക്കി.
” ഞാൻ പോയിട്ട് എടുത്ത് വയ്ക്കാം ട്ടോ… ഏട്ടൻ കൊണ്ട് കൊടുത്തോ…. അതോ ഞാൻ കൊടുക്കണോ…? ”
ഗിരീഷിൽ നിന്ന് മറുപടിയൊന്നും പ്രതീക്ഷിക്കാതെന്നവണ്ണം അവൾ ചോദിച്ചുവെങ്കിലും, അവളുടെ ചോദ്യത്തിൽ പരിഹാസം ആണോ അതോ മറ്റെന്തെങ്കിലും ആണോ ഒളിച്ചിരിക്കുന്നത് എന്ന് അറിയാത്തതിനാൽ വീണ്ടും അവൻ നിശബ്ദനായി തുടർന്നു.
“ഒരു പത്ത് മിനിറ്റ്….ഏട്ടൻ പോയി പല്ലുതേച്ച് മുഖം കഴുകി വരുമ്പോഴേക്കും ഞാൻ എടുത്തു വയ്ക്കാം ട്ടോ….”
പറഞ്ഞു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി അവിടെ നിന്ന ഗൗരിയുടെ കൈയ്യും പിടിച്ചു വലിച്ച് അടുക്കളയിലേക്ക് പോകുന്ന ഇന്ദുവിനെ അവൻ വിയർപ്പു പൊടിഞ്ഞ മുഖത്തോടെ അന്തം വിട്ടു നോക്കി നിന്നു.
ഇന്ദു പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിന് ഇടയിലും കൂടെ കൂടെ തന്നെ തിരിഞ്ഞു നോക്കുന്ന ഗൗരിയെ കണ്ട ഗിരീഷിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി.
“ഇന്ദു നീ ഇവിടെ നിന്നാൽ മതി….നീ വായോ…. ”
കുറച്ച് സമയം കഴിഞ്ഞതിനുശേഷം ഏഥന് വേണ്ടിയുള്ള ഭക്ഷണവും ചായയും എടുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്ന ഇന്ദുവിന്റെ കയ്യിൽ നിന്ന് അത് മേടിച്ചതിനുശേഷം അവളോട് പറഞ്ഞിട്ടവൻ, അവളുടെ കൂടെ പുറത്തേക്ക് ഇറങ്ങി വന്ന ഗൗരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്