തിരുഗണിക-4 [Harshan] 4024

രാത്രി

അവനു ഭക്ഷണവും കൊണ്ട് ശതരൂപ മുറിയിലേക്ക് വന്നു.

അവനോടു ഒന്നും മിണ്ടാതെ ഭക്ഷണം കുഴച്ചു അവനു വായിലേക്ക് കാണിച്ചു.

അമുദൻ വിഷമത്തോടെ ശതരൂപയുടെ മുഖത്തേക്ക് നോക്കി.

അവൾ മുഖം വെട്ടിച്ചു.

“എന്താ എന്നോടൊന്നും മിണ്ടാത്തെ ?”

“എനിക്കൊന്നും മിണ്ടാനില്ല  ”

“എന്നോടിനി മിണ്ടില്ലേ ? ”

അവളൊരു മറുപടിയും പറഞ്ഞില്ല

“ഇത് കഴിക്ക്,,,എനിക്ക് വേറെ പണിയുണ്ട് ”

അത് കേട്ട് അമുദൻ ഒന്നും മിണ്ടാതെ വിഷമത്തോടെ അവൾ നീട്ടിയത് കഴിച്ചു.

ഭക്ഷണം കഴിഞ്ഞു ശതരൂപ അമുദനെ വൃത്തിയാക്കിച്ച് പാത്രവുമായി എഴുന്നേറ്റു അവിടെ നിന്നും തിരികെ പ്പോയി.അമുദൻ മുഖം തിരിച്ചു തുറന്ന ജാലകത്തിലൂടെ വിദൂരതയിലേക്ക് വിഷമത്തോടെ  നോക്കികിടന്നു.

അല്പം കഴിഞ്ഞപ്പോൾ ശതരൂപ വീണ്ടും ഉള്ളിലേക്ക് വന്നു.അവളുടെ കൈയിൽ വിരിപ്പും തലയിണയുമുണ്ടായിരുന്നു. അവൾ അത് നിലത്തു വിരിച്ചു

“കതിരൻ ഇല്ലേ രൂപേ ” സഹായി എവിടെയെന്നു അമുദൻ തിരക്കി

“എന്തെ കതിര൯ കിടന്നാലെ ഉറക്കം വരുള്ളോ ?”

ആ ചോദ്യം കേട്ടപ്പോ അമുദൻ ഒന്നും മിണ്ടിയില്ല.

ശതരൂപ അമുദനെ പുതപ്പിച്ചു താഴെ കിടന്നു.

അമുദൻ അല്പം കഴിഞ്ഞപ്പോൾ

“രൂപ ഉറങ്ങിയോ ?”

“ഇല്ല ,,,എന്തെ ?”

“എന്നോടെന്തിനാ കോപം കാണിക്കണേ ?”

അവൾ മറുപടിയൊന്നും പറഞ്ഞില്ല.

“എന്നോടുള്ള ദേഷ്യം കൊണ്ട് നാളെ പോകല്ലേട്ടോ ” വിഷമമുള്ളിലൊതുക്കി അമുദൻ പറഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല.

“എന്നെ പോലെ ഈ നാട്ടില് ഒരായിരം പേരെങ്കിലും ഉണ്ടാകില്ലേ,, ഇങ്ങനെ ദേഹത്തിനു അനക്കമില്ലാതെ ഇങ്ങനെ ചത്തു കിടക്കുന്നവർ ,,ഹമ്,,ഉണ്ടാകും,, കൈയും അനങ്ങില്ല കാലും അനങ്ങില്ല നടക്കാനും പറ്റില്ല ഇങ്ങനെ  മരണം വരെ കട്ടിലിൽ കിടക്കുന്ന എന്നെ പോലെയുള്ള ഒരുപാട് പേര് ”

അവളെല്ലാം കേട്ട് കിടന്നു

“പണമുള്ളവർ ആണെങ്കിൽ ആരെയെങ്കിലും വച്ച് നോക്കും, അല്ലാത്തവരുടെ കാര്യമാ കഷ്ടം, പിന്നെ സ്നേഹമുള്ള അച്ഛനും അമ്മയുമൊക്കെയുണ്ടെങ്കിൽ അവർ നോക്കിക്കോളും,,സഹോദരങ്ങളുടെ കാര്യം അറിയില്ല,,ചിലര് നോക്കും ചിലര് വല്ല അഗതിമന്ദിരത്തിലും കൊണ്ടാക്കും,,”

“എന്തിനാ ഇതൊക്കെ ഇപ്പോ എന്നോട് പറയണത് ” അല്പം ശബ്ദം മാറി ശതരൂപ ചോദിച്ചു.

“പറഞ്ഞതാ, എനിക്കൊരു സമാധാനത്തിന്,,കിടക്കുന്നവരല്ലേ എന്ന് കരുതി നേരത്തിനു ഭക്ഷണം തരും , ദേഹം വൃത്തിയാക്കും . മരുന്നെടുത്ത് തരും ,,എല്ലാരും ഇങ്ങനെയൊക്കെ ചെയ്യും,,അപ്പോളും എന്നെപ്പോലെ ഇങ്ങനെ കിടക്കുന്നവരുടെ മനസ്സിലൊക്കെ ആകെ സങ്കടമായിരിക്കും, ഒന്ന് ദേഹം അനക്കി എഴുന്നേൽക്കാനായിരുന്നെങ്കിൽ ഇങ്ങനെ ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി”

“അമുദാ ,,,മതി ഉറങ്ങാൻ നോക്ക് ” ശതരൂപ ശബ്ദം ഉയർത്തി പറഞ്ഞു.

“എന്നോട് ദേഷ്യമാണോ ഇപ്പോളും ?”

അവൾ അപ്പോളും മിണ്ടിയില്ല

“ദേഷ്യമാണോ ?”

“അതെ ,,,”

“എന്നോട് ക്ഷമിക്കില്ലേ ?”

“ഇല്ല ,,,,”

അമുദൻ കുറച്ചു നേരം ചിരിച്ചു

“രൂപയ്ക്ക് അറിയോ,,,ഇങ്ങനെ കിടക്കുന്നവർക്കും ഉണ്ട് , ഇഷ്ടങ്ങള് ആഗ്രഹങ്ങള് ,അതൊന്നും ഒരാളോട് പോലും പറയാൻ പറ്റില്ല,,അച്ഛനോടും അമ്മയോടും സഹോദരങ്ങളോട് പോലും പറയാനൊക്കാത്ത ഇഷ്ടങ്ങള്,, അതൊന്നും പറയാൻ പറ്റാത്തകൊണ്ട് ജീവിതകാലം മുഴുവനും ഉള്ളിലൊതുക്കി ഒളിപ്പിച്ചു വെക്കാനേ കഴിയൂ ഞങ്ങളെ പോലുള്ളവർക്ക്,,മനുഷ്യരല്ലേ ഞങ്ങളും, മനുഷ്യർക്കുള്ള എല്ലാ വികാരങ്ങളും ഞങ്ങൾക്കുമില്ലേ ,, ആർക്കും അതൊന്നും മനസ്സിലാകില്ല, ആരും അതൊന്നും മനസ്സിലാക്കാനും ശ്രമിക്കാറില്ല,പലപ്പോഴും മനസ്സിൽ ആഗ്രഹിച്ച്‌ പോകാറുണ്ട്, എന്റെ ഒരു കൈക്കെങ്കിലും അല്പം സ്വാധീനം ഉണ്ടായിരുന്നുവെങ്കിലെന്ന്,,”

അമുദൻ അല്പം ഒന്ന് നിർത്തി.

Updated: June 19, 2022 — 12:55 am