തിരുഗണിക-4 [Harshan] 4022

Views : 226815

അവിടെ ധനാഢ്യരായ നാട്യസുമംഗലിമാരുടെ വീടുകളിൽ വീട്ടുവേലയ്ക്ക് പോയും ഒപ്പം ഇടയ്ക്കും തലയ്ക്കുമായി ഭോഗിക്കാൻ വരുന്ന സാധാരണക്കാരായ കൂലിവേലക്കാരുടെയൊപ്പം കിടന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടും മൃണാളിനി തന്നാലാകുന്ന പോലെ കുടുംബചിലവുകൾ നിവർത്തിച്ചുകൊണ്ടിരുന്നു.

ശതരൂപയ്ക്ക് അമ്മയായ മൃണാളിനിയെ പ്രാണനായിരുന്നു. ‘അമ്മ തങ്ങളെ പരിപാലിക്കുവാൻ കഷ്ടപ്പെടുന്നത് അവളെ ഒട്ടേറെ പ്രയാസപ്പെടുത്തിരുന്നു. ആ സങ്കടം  അരിശമായി കുഞ്ഞായ അമ്രപാലിയുടെ ദേഹത്താണ് ശതരൂപ തീർത്തിരുന്നത്.

നാല് മാസംകഴിഞ്ഞൊരു നാൾ അവരുടെ വീട്ടിൽ ദല്ലാൾ സുന്ദരപാണ്ട്യൻ വരികയുണ്ടായി.

അയാളെ കണ്ടു മൃണാളിനിയും  ശതരൂപയും കണ്ണുനീർ വാർത്തു.

“നിങ്ങൾ കരയാതെ,,ഇതൊക്കെ വിധിയായി കണ്ടു സമാധാനിക്കു ”

അവരുടെ കരച്ചിൽ കണ്ട് ദല്ലാൾ സുന്ദരപാണ്ട്യൻ അവരെ സമാധാനിപ്പിച്ചു.

“ദല്ലാൾ മാമാ,,ഇങ്ങനെയൊന്നും കരുതിയതല്ല,,അന്നാ അറയിൽ പാമ്പുകടിയേറ്റ് ചത്താൽ മതിയായിരുന്നു , ഇപ്പോൾ കണ്ടില്ലേ ഈ എരണം കെട്ട പിഴച്ച നശൂലം  എന്റെ വയറ്റിൽ വന്നു പിറന്നു” പായിൽ നിവർന്നു കിടന്നു കുഞ്ഞിളം പല്ലു കാട്ടി ചിരിച്ചു കളിക്കുന്ന അമ്രപാലിയെ നോക്കി സ്വന്തം തലയിൽ കൊട്ടി ശപിച്ച് ശതരൂപ സങ്കടം പങ്കുവെച്ചു.

“മോളെ ,,ഇങ്ങനെയൊന്നും കുഞ്ഞിനെ പറയല്ലേ ,,അതെന്തു പിഴച്ചു, കഷ്ടമാണ് ഈ പാവം കുഞ്ഞിനെയിങ്ങനെയൊക്കെ പറയുന്നത്”

“പറയാതെ ഞാനെന്ത് ചെയ്യും ദല്ലാൾ മാമാ,,,എല്ലാം പോയി എന്റെ ആശകളൊക്കെ നശിച്ചു , ഒക്കെ ഈ നാശം  പിറന്നത് കൊണ്ട് മാത്രം ,,എന്റെ ഒടുക്കം വരാനായി,,,നശിച്ചു പോട്ടെ ഞാൻ നശിച്ചു പോട്ടെ ” സ്വയം പ്രാകി ശതരൂപ ഭിത്തിയിൽ ചാരിയിരുന്നു.

സഹതാപത്തോടെ ദല്ലാൾ സുന്ദരപാണ്ട്യൻ കുഞ്ഞിനേയും കുഞ്ഞിനരികിൽ താടിയിൽ കൈ ചേർത്ത് വിഷമിച്ചിരുന്ന മൃണാളിനിയെയും നോക്കി.

കുറെ നേരം അവരുടെ ദുഖങ്ങളിൽ പങ്കു ചേർന്നിരുന്നു സമയം പോക്കിയതിനു ശേഷം ദല്ലാൾ ഇറങ്ങാനായി എഴുന്നേറ്റു.

“കുറെ നാളത്തേക്ക് ഇങ്ങോട്ട് വരവുണ്ടാകില്ല, അടുത്ത വാരം ഞാൻ സിലോണിലേക്ക് പോകും,  അവിടെ ഞങ്ങളുടെ തേയിലതോട്ടത്തിൽ കാര്യങ്ങളെല്ലാം കുഴപ്പത്തിലാണ്, കുറച്ചു നാൾ പോയി നിന്നു എല്ലാം ശരിയാക്കിയിട്ടെ മടങ്ങൂ,,വരുമ്പോൾ ഉറപ്പായും വരാം”

തന്റെ കുപ്പായകീശയിൽ നിന്നും ഒരു കെട്ട് പണം ദല്ലാൾ സുന്ദരപാണ്ട്യൻ മൃണാളിനിയുടെ  നേരെ നീട്ടി .

ആ പണം വാങ്ങണോ വേണ്ടയോ എന്ന ശങ്കയോടെ മൃണാളിനി ശതരൂപയെ നോക്കി.

“എന്തിനാ മടിക്കുന്നത് , മൃണാളിനിയക്കച്ചി,,ഞാൻ നിങ്ങൾക്കന്യനായി തുടങ്ങിയോ” ദല്ലാൾ ചോദിച്ചു.

“അയ്യോ ,,അങ്ങനെയൊന്നും പറയല്ലേ,,,  ഈ കടമൊക്കെ എങ്ങനെ വീട്ടും ദല്ലാളെ ” അയാളുടെ കൈയ്യിൽ മുറുകെപിടിച്ചു നിറകണ്ണുകളൊടെ മൃണാളിനി ചോദിച്ചു.

“എന്താ മൃണാളിനിയക്കച്ചി ഈ പറയുന്നത്, ഇതൊക്കെ എന്നെ കൊണ്ടാകുന്ന ഒരു സഹായം  എന്ന് കരുതിയാൽ മതി, ഇപ്പോൾ ഇത് വാങ്ങൂ,, കുറെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരട്ടെ”

മൃണാളിനി  ആ പണം വാങ്ങാൻ മടിച്ചു നിന്നു.

“പറ മോളെ ,,ഇത് വാങ്ങാൻ ” ദല്ലാൾ സുന്ദരപാണ്ട്യൻ മനപ്രയാസത്തോടെ ശതരൂപയെ നോക്കി അഭ്യർത്ഥിച്ചു.

“അത് വാങ്ങിക്കമ്മെ,,മറ്റാരുമല്ലലോ ദല്ലാൾ മാമനല്ലേ” ശതരൂപ മൃണാളിനിയോട് പറഞ്ഞു.

ആ പണം കിട്ടിയാൽ അമ്മയുടെ കഷ്ടപ്പാടുകൾക്ക് അൽപ്പമെങ്കിലും ഒരു കുറവുണ്ടാകുമല്ലോ എന്നുള്ള ചിന്തയായിരുന്നു അവളെയങ്ങനെ പറയാൻ പ്രേരിപ്പിച്ചത്.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com