തിരുഗണിക-4 [Harshan] 4022

Views : 226815

“പിന്നെ ഇഷ്ടമുള്ള പാട്ടുകൾ എന്റെ ഗ്രാമഫോൺ പാടുമല്ലോ,,അതാ എന്റെ ജീവിതത്തിന്റെ സംഗീതം,,ഇത്രയൊക്കെയുള്ളൂ ,,അല്ലെങ്കിലും ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കേണ്ട എനിക്ക് അതിൽ കൂടുതലായി ആശിക്കാൻ പാടുണ്ടോ ”

ഉള്ളിലെ നോവ് ഒരു പുഞ്ചിരിയാൽ മറച്ചു വെച്ച് കൊണ്ട് അമുദൻ ശതരൂപയോട് ചോദിച്ചു.

ആ വാക്കുകൾ അവളുടെ ഉള്ളത്തെ പൊള്ളിക്കാൻ പോന്നതായിരുന്നു.

“സഹോദരങ്ങൾ ? അവൾ വിഷയം മാറ്റുവാനായി ചോദിച്ചു.

“എല്ലാരുമുണ്ട്, രണ്ട് ഏട്ടന്മാർ വിദേശത്ത്, രണ്ടു ഏച്ചിമാർ കുറെയകലെ,ഇളയവ൯ ഞാനും ”

“അവരൊന്നും വരാറില്ലേ കാണാനായി ”

“ഇളയ ഏച്ചി രണ്ടു മൂന്നു മാസം കൂടുമ്പോ വരും, ബാക്കിയുള്ളവർ എല്ലാരും തിരക്കിലാ , എനിക്ക് എല്ലാരേയും കാണണമെന്നുണ്ട്  , പക്ഷെ ആരും അങ്ങനെ വരാറില്ല ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോ വന്നാലായി  ” പുഞ്ചിരി ചുണ്ടിൽ നിന്നും മായാതെ അമുദൻ പറഞ്ഞു.

അപ്പോൾ അവിടത്തെ ഒരു ജോലിക്കാരൻ വാതിലിൽ മുട്ടി മുറിയിലേക്ക് വന്നു.

അയാൾ ഒരു വലിയ കുപ്പിയിൽ അമുദന്റെ യൂറിൻ ബാഗിൽ നിറഞ്ഞ മൂത്രം അതിൽ നിറച്ചു പുറത്തേക്ക് പോയി. അവിടത്തെ ഒരു സ്ത്രീ വന്നു അമുദന് ചായ ചൂടാറ്റി കൊണ്ട് വന്നു കുടിപ്പിച്ചു, അവരും തിരികെ പോയി.

“ഇങ്ങനെയൊക്കെയാ എന്റെ ജീവിതം ശതരൂപേ,,എന്നെ വച്ച് നോക്കുമ്പോ നിങ്ങളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ,, ആരെയും ആശ്രയിക്കാതെ ജീവിക്കാമല്ലോ. എനിക്കോ ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ , സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കുമോ , ഒരാൾ കനിഞ്ഞില്ലെങ്കിൽ ഞാൻ പട്ടിണി കിടന്നു മരിച്ചു പോകില്ലേ”

ആ വാക്കുകൾ അവളെ ഒരുപാട് നോവിച്ചു.

അവൾ സങ്കടം കൊണ്ട് മുഖം തിരിച്ചു , അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു.

അവൾ ചേല കൊണ്ട് കണ്ണുകൾ ഒപ്പി

“ശേ ഞാനെന്തൊക്കെയോ പറഞ്ഞു,,, ഒക്കെ മറന്നേക്ക്,,”

അമുദൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“ശതരൂപയുടെ വിശേഷങ്ങൾ പറ, എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ മാത്രം”

അമുദൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

അവളൊന്നും പറയാതെ ജാലകത്തിലൂടെ തെളിഞ്ഞ ആകാശത്തെ നോക്കിയിരുന്നു.

“എന്താ ശതരൂപേ , ഒന്നും പറയാത്തത് ?”

“ദുഃഖം,,അത് മാത്രമാണ് എനിക്കുള്ള വിശേഷം, അതൊരിക്കലും എന്നെ വിട്ടുമാറില്ല, എൻറെ  മരണം വരെ അതെന്നെ പിന്തുടരും,,തലയ്ക്ക് മേലെയൊരു കരിമേഘമായി”

“അങ്ങനെയൊന്നും പറയല്ലേ ശതരൂപേ,,ദുഃഖങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ?”

“എനിക്ക് അതൊരു ശാപമാ,,,പക്ഷെ ഇന്ന് ഇവിടെ വന്നു അമുദനുമായി സംസാരിച്ചപ്പോൾ എനിക്ക് കുറെയധികം ബോധ്യപ്പെട്ടു,, എന്റെ ദുഃഖങ്ങൾ അമുദനോടൊത്ത് തട്ടിച്ചു നോക്കുമ്പോൾ കുറവാണെന്ന്”

അങ്ങനെ കുറച്ചധികം നേരം ശതരൂപ അമുദനോടൊത്ത് സംസാരിച്ചവിടെയിരുന്നു.

അന്നേരം കല്ല്യാണി ഉറക്കമെണീറ്റപ്പോൾ ശതരൂപയെ കാണാതെ കരയുന്ന അമ്രപാലിയുമായി ഉള്ളിലേക്ക് വന്നു. ശതരൂപ ഉള്ളിലെ നീരസം പ്രകടമാക്കാതെ കുഞ്ഞിനെ മടിയിൽ ഇരുത്തി.

കുഞ്ഞ് അമുദനെ കണ്ടപ്പോൾ അല്പം നേരം നോക്കി പിന്നെ ചിരിക്കാൻ തുടങ്ങി. അവളെ നോക്കി അമുദനും, ഒപ്പം അമുദൻ വിവിധ ശബ്ദങ്ങൾ ഉണ്ടാക്കി അവളെ കളിപ്പിച്ചപ്പോൾ അമ്രപാലി സന്തോഷത്തിൽ കൈ കൊട്ടി ചിരിച്ചു.

അന്ന് രാത്രി

ഭക്ഷണമൊക്കെ കഴിഞ്ഞു ശതരൂപയുടെ മുറിയിൽ കൂട്ട് കിടക്കുവാനായി കല്യാണി വന്നു.

അമ്രപാലി അവളുമായി നല്ല കൂട്ടായത് കൊണ്ട് കല്ല്യാണിയുടെ ഒപ്പം കിടന്നുറങ്ങി.

ശതരൂപ, മുറി തുറന്നു അമുദന്റെ മുറിയിലേക്ക് നടന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com