” ആ .. രാമേട്ടാ അത് പഞ്ഞിക്കാരുടെ അവിടുത്തെ ചെക്കനാണ് . അവന് കോയമ്പത്തൂര്‍ പോയി ഇലക്ട്രിക്കൽ , വയറിങ് , പ്ലംബിങ് സാധനങ്ങൾ കൊണ്ടുവരുന്ന പരിപാടിയാണ് . അവൻ ഹോൾ സെയിൽ എടുക്കുന്നതോണ്ട് ചെറിയ ഡിസ്കൗണ്ട് തരും പിന്നെ ഗ്യാരണ്ടി സാധനങ്ങൾ ആണ് . ടെൻഷനില്ല .” അനു പറഞ്ഞു .
“അങ്ങനെ ആണെങ്കിൽ വെള്ളിയാഴ്ചയോടെ പണികൾ ഒക്കെ തീരും . പിന്നെ ഒന്ന് മുഴുവൻ അടിച്ചൂട്ടി വൃത്തിയാക്കാൻ ആ പാറുട്ടിയോടോ , വേശമ്മൂനോടോ പറയാം . അല്ല മോഹനനും വനജയും വല്ലതും പറഞ്ഞിരുന്നോ ? ” രാമേട്ടൻ ചോദിച്ചു .
ശ്രീലു പറഞ്ഞു ” മമ്മി വിളിച്ചിരുന്നു . ഞായറാഴ്ച്ച രാത്രി എത്തും എന്ന് പറഞ്ഞു .”
അങ്ങനെ കാപ്പി കുടിച്ച് രാമേട്ടൻ പോകാനെണീറ്റു ” അപ്പൊ കുട്ട്യോളെ പറഞ്ഞ പോലെ ശനിയാഴ്ച്ച രാവിലെ തന്നെ അങ്ങോട്ടെത്തിക്കോളൂ ട്ടോ മോഹനൻ വിളിക്കുമ്പോ പറഞ്ഞോളൂ ട്ടോ , ഞാന്‍ അപ്പൊറത്തും കൂടി ഒന്ന് പോയി പറയട്ടെ ഇപ്പോളാണെങ്കിൽ സോമനും എത്തിക്കാണുമല്ലോ ?” എന്നും പറഞ്ഞുകൊണ്ട് രാമേട്ടൻ ഇറങ്ങി .
ഈ അപ്പൊറത്തും കൂടി എന്ന പറഞ്ഞത് ഞങ്ങളുടെ മൂധേവി അമ്മായി എന്ന അച്ഛന്റെ ഒരേ ഒരു പെങ്ങൾ മാധവി സോമനാഥൻ ആണ് . പ്രീഡിഗ്രി തൊറ്റപ്പോൾ തന്നെ അച്ചാച്ഛൻ അതിനെ കയ്യോടെ പെങ്ങളുടെ മകന്റെ കയ്യിലേൽപിച്ചു . അതുകൊണ്ട് ഇപ്പോൾ മൂപ്പർ മാത്രം അതിനെ സഹിച്ചാൽ മതി . രണ്ട് മക്കളാണ് സുമിത്തും സൗമ്യയും . അവിടെ അമ്മാവൻ സോമൻ മാത്രമാണ് മനുഷ്യരോട് ഇടപെടാൻ പറ്റുന്നത് . അമ്മായിയും മക്കളും ഒക്കെ ഒരേ കണക്കാണ് . അസൂയ , അഹങ്കാരം , പൊങ്ങച്ചം , ഈ മൂന്നു ഗുണങ്ങളുടെയും നിറകുടങ്ങളാണ് ഈ മൂന്നു പേരും . അമ്മാവൻ Sales Tax ഉദ്യോഗസ്ഥനാണ് . സുമിത്ത് ICICI ബാങ്കിലാണ് . സൗമ്യ MBA ചെയ്യുകയാണ് .