“ആ ഹാ … ബഷ്യാക്കു ലാന്റീതോ .? മൂപ്പർ ജിദില് പോയിന്നാലോ അന്ന് പറഞ്ഞത് ” ഞാൻ ചോദിച്ചു .
” ഇല്ല .അവൻ വന്നിട്ടുണ്ട്. കുറച്ചു ദിവസം ആയി . വന്നിട്ട് ആദ്യത്തെ പരിപാടി ഇതാവും . ഓനാവുമ്പോ ഒരു ധൈര്യാണ് .” രാമേട്ടൻ പറഞ്ഞു നിർത്തി.
ബഷീർ കാക്കു എന്ന ബഷ്യാക്കു ഒരു ബഹുമുഖ പ്രതിഭയാണ് . പുള്ളിക്കറിയാത്ത പരിപാടികൾ ഇല്ലെന്ന് തന്നെ പറയാം . നാളികേരം ഇടുന്നത് മുതൽ മാങ്ങാ , ചക്ക , കുരുമുളക് എന്നിവ ഒക്കെ പറിക്കുന്നത് മൂപ്പരാണ് . മിഷ്യൻ ഉപയോഗിച്ച് കാടു വെട്ടൽ , കിണറുകളും കുളങ്ങളും പമ്പ്സെറ്റ് കൊണ്ട് തേവി വൃത്തിയാക്കൽ , മരം മുറിക്കൽ എന്നിങ്ങനെ ഉള്ള ഒട്ടുമിക്ക ജോലികളും കരാർ എടുത്ത് ചെയ്യും . പിന്നെ പുള്ളി നല്ല ഒരു ബിരിയാണി വെപ്പുകാരനാണ് . കൂടാതെ ഉത്സവപ്പറമ്പുകളിൽ സ്റ്റാൾ ഒക്കെ ലേലത്തിൽ എടുത്ത് ജിലേബി പോലെ ഉള്ള ചക്കര മുട്ടായിയും , അഞ്ചാം നമ്പറും, ഹലുവയും ഉണ്ടാക്കി വിൽക്കും . അസാധ്യ ടെസ്റ്റാണ് . പിന്നെ അൽപ്പസ്വൽപ്പം സ്ഥല കച്ചോടവും ഉണ്ട് . പുള്ളി ഒന്ന് സൗദിൽ പോയിരുന്നു . ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്.
അപ്പോളേക്കും ശ്രീലു രാമേട്ടനോട് കാപ്പി കുടിക്കാൻ നിർബന്ധിച്ചു .അതിനിടെ രാമേട്ടൻ പറഞ്ഞു .
” നാളെ കൂടി കഴിഞ്ഞാൽ പെയിന്റിംഗ് തീരും ട്ടോ . പിന്നെ സുന്ദരന് ഒരു ദിവസത്തെ പണിയെ ഉള്ളൂ . പ്ലംമ്പിങ്ങും വയറിങ്ങും . ആ സ്വിച്ചും ടാപ്പും ഒക്കെ ഒരു പയ്യൻ കൊണ്ടു വന്നിരുന്നു അനു പറഞ്ഞതാണെന്ന് പറഞ്ഞു .”