⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

രുദ്രനെ പാറു ഭയത്തോടെ നോക്കുകയായിരുന്നു….. അവനെയല്ല…. അവന്റെ അവസ്ഥയെ ആണ് അവൾക്ക് ഭയമായത്…..

അവന്റെ ദേഹമാകെ നീലയും ചുവപ്പും നിറങ്ങളിൽ അഗ്നി പോലുള്ള പ്രകാശം ആളി കത്തുന്നു…..

അവനിൽ നിന്നും അകലുവാൻ ആവില്ല അവൾക്ക്….. കാരണം അവളുടെ സ്ഥാനം എന്നും അവനോടൊപ്പമാണ്……

ആ തീ ചൂട് നിറഞ്ഞ നെഞ്ചിൽ…..

പാറു തന്റെ വേദനയെ മറന്ന് രുദ്രന്റെ അടുക്കലേക്ക് പാഞ്ഞു…. ഓടുമ്പോൾ ഇടർന്ന പാദങ്ങളെ പോലും അവൾ കാര്യമാക്കിയില്ല….. ഒരു ഭ്രാന്തനെ പോലെ നിലത്തിരിക്കുന്ന അവന്റെ ദേഹത്തേക്ക് പാറു വീണു…. തന്റെ പാതിയെ കെട്ടി പുണർന്നുകൊണ്ട്……

അവനുള്ളിൽ നിയന്ത്രണം വിട്ട് യുദ്ധം ചെയ്തിരുന്ന അസുരനും ദേവനും അടങ്ങി…..
രുദ്രൻ രുദ്രനായി തന്നെ മാറി…..
ഏറെ നേരം നൽകിയ വേദനകൾ എല്ലാം തീരുന്ന നിമിഷമായിരുന്നു അത്…..

ആ സർവ്വ ശക്തന്റെ ഉള്ളം ഇതിനോടകം തന്നെ തച്ചുടഞ്ഞു പോയിരുന്നു….. അതിന് കാരണം അവനിൽ നിന്നും അകന്നു പോയ ദേവു തന്നെയാണ്….

അസുരന്റെ രക്ഷസ്സ ശക്തി അവനിൽ കയറിയപ്പോൾ തന്നെ ആകമാകെ തെളിഞ്ഞു കണ്ടത് ദേവൂവിനെയാണ്…. അവൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുഃഖം…..

ഓർക്കുവാൻ പോലും ആഗ്രഹിക്കാത്ത ആ ഓർമകളെ വീണ്ടും ഉണർത്തിയിരുന്നു അത്….
അവനിലെ അപകടകാരി ഉറങ്ങിയെങ്കിലും അത് തന്ന ഓർമ്മകൾ അണഞ്ഞിരുന്നില്ല….
തീരാ ദുഖത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……

ആ കണ്ണുനീർ പോയി നനഞ്ഞത് പാറുവിന്റെ പിൻ കഴുത്തിലാണ്…..പൊള്ളുന്ന പോലെ തോന്നി അവൾക്കത് ദേഹത്ത് കൊണ്ടപ്പോൾ….

ഒപ്പം തന്റെ ചുമലിൽ കിടക്കുന്ന രുദ്രനോട് ഒരു വല്ലാത്ത വാത്സല്യവും….. കാരണം പോലുമില്ലാതെ അവനവളുടെ ആരെല്ലാമോ ആവുകയായിരുന്നു…..

അവൻ കരഞ്ഞതിനൊപ്പം തന്നെ അവളും കരഞ്ഞു…. അവന്റെ വേദന അവനെ പോലെ തന്നെ അവളും അനുഭവിച്ചു…..

എല്ലാം കൊണ്ടും ഒരു അപകട നിമിഷം വന്നതും പാർവതിയുടെയും രുദ്രന്റെയും ഉള്ളിൽ മറഞ്ഞിരുന്ന ജീവിത സത്വം ഉണരുകയായിരുന്നു ….

ദുഷ്ട ശക്തികൾ വിധിയെ മാറ്റിയെഴുതുവാൻ ശ്രമിക്കുമ്പോൾ അവിടെ പുതിയ വിധി സൃഷ്ടിക്കപ്പെടുന്നു….. അവർ മാറ്റാൻ ശ്രമിച്ച വിധിയുടെ നൂറു ഇരട്ടി വീര്യം കൂടിയ മറ്റൊരു വിധി…..

പതിയെ പതിയെ അവൻ മാറുവാൻ തുടങ്ങി…..മനസ്സിൽ നിറഞ്ഞു കൂടിയ ദുഃഖം മറക്കുവാൻ ആരംഭിച്ചു………
അവൻ തല ചായ്‌ച്ച് കിടന്ന മാറിന്റെ മൃതുത്വവും ചൂടും അവനെ വല്ലാതെ മാറ്റിക്കളഞ്ഞു…..

അതിൽ നിന്നും വരുന്ന വിയർപ്പിന്റെയും താമര പൂവിന്റെയും മണം അവനൊരു വല്ലാത്ത സുഖം നൽകി….. അവളെ പോലെ തന്നെ അവനും പാറുവിനെ ഇറുകെ പുണർന്നു…..

രുദ്രന്റെ വലത് കരം പോയി പിടിച്ചത് സാരിക്കിടയിൽ നഗ്നമായ അവളുടെ ഇടുപ്പിൽ ആയിരുന്നു……

സ്വബോധം ഇല്ലാതെ അവനെ കെട്ടിപിടിച്ചിരുന്ന പാർവതി ശരിക്കുമോന്ന് വിറച്ചുപോയി….
തന്റെ അണിവയറിൽ രുദ്രന്റെ കല്ല് പോലെ തഴമ്പു പിടിച്ച കരം അമരുന്ന അനുഭൂതി അവളറിഞ്ഞിരുന്നു….

പാറുവിനാകെ വല്ലായ്മ തോന്നി…..
അവന്റെ സ്പർശം കൊണ്ട് ഉണ്ടായ സുഖമോ അല്ലെങ്കിൽ യാഥാർഥ്യത്തിൽ ജീവിക്കുന്ന പാറുവിന്റെ മനസ്സോ….. അവളിൽ ഒരു വല്ലാത്ത അസ്വസ്ഥത ഉളവാക്കി……

അല്പം മുമ്പ് വരെ അവൾ അവളല്ലായിരുന്നു….. എല്ലാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തെങ്കിൽ കൂടി മാറ്റാരോ അവളെ നിയന്ത്രിക്കും പോലാണ് പാറുവിന് തോന്നിയത്…..

വയറിൽ അമർന്ന അവന്റെ കയ്യും മാറിൽ അമർന്നിരിക്കുന്ന അവന്റെ മുഖവും എല്ലാം കണ്ടപ്പോൾ അവൾക്കാകെ എന്തോ പോലെ തോന്നി….. ഹൃദയമെല്ലാം വല്ലാതെ മടിക്കുന്നു….

അവനിൽ കീഴ്പ്പെട്ടു പോകും പോലാണ് തോന്നിയത് പാറുവിന്….. എന്നാൽ രുദ്രൻ ഇതൊന്നും അറിയാതെ അവളിലേക്ക് കൂടുതൽ അടുക്കുന്നു…..

‘”” എ….. ഏട്ടാ…….
രു…. രുദ്രേട്ടാ…….'””

വിറയാർന്ന ശബ്ദത്തോടെ അവളവനെ വിളിച്ചു…. പാറുവിന്റെ സ്വരം അവന്റെ കാതിൽ വീണതും രുദ്രൻ സ്വബോധത്തിലേക്ക് കണ്ണ് തുറന്നു….. അവളെ കെട്ടിപിടിച്ചിരിക്കുന്നത് കൂടെ മനസ്സിലാക്കിയ നിമിഷം ഒരു ഞെട്ടലോടെ വിട്ടകന്നു അവൻ അവളിൽ നിന്നും……

ഇരുവരും ആ മണ്ണിൽ ഇരുന്ന് വല്ലാതെ കിതക്കുവാൻ തുടങ്ങി….. ആ കണ്ണുകൾ തമ്മിൽ എന്തെല്ലാമോ പറയും പോലെ….

അവന് പാറുവിന്റെ കണ്ണുകളെ നേരിടുവാൻ പോലും സാധിച്ചില്ല….. രുദ്രന്റെ ശിരസ്സ് താഴ്ന്നു പോയി…..

“”” പ്…. പാറു വണ്ടിയിൽ പോയിരിക്ക്…..
ഞാ…. ഞാനിപ്പോ വരാ……'””

പതറുന്ന സ്വരത്തോടെ രുദ്രൻ എങ്ങനെയൊക്കെയോ പറഞ്ഞു…. അവളെയൊന്ന് നോക്കാൻ പോലും തോന്നിയില്ല അവന്……

പാറു പതിയെ നിലത്ത് നിന്നും എഴുന്നേറ്റു…..

‘”” ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ……'””

പാറു അവനിൽ നിന്നും പോകാനുള്ള ഭയത്താൽ ചോദിച്ചു….. പക്ഷെ മറുപടിയായി ഇല്ലെന്ന് തലയാട്ടി രുദ്രൻ……

ഇനിയും കൂടുതൽ ചോദിക്കുവാനുണ്ട്….. പക്ഷെ ഒന്നിനും മനസ്സ് അനുവദിച്ചില്ല അവളുടെ….. പാറു രുദ്രന്റെ വാക്ക് കേട്ടുകൊണ്ട് അവിടെ നിന്നും വണ്ടി വച്ചിരുന്ന സ്ഥലത്തേക്ക് നടന്നു…..

രുദ്രൻ കുറച്ചു സമയം അവിടെ തന്നെ ഇരുന്നുപോയി….. ഒപ്പം ചുറ്റിനും നോക്കി….. ഒരു നിശ്ചിത ചുറ്റളവിൽ കരിഞ്ഞു കിടക്കുന്ന ചെടികളും ഇലകളും…… അവന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന ശിവലിംഗം…..

രുദ്രൻ തന്റെ കണ്ണുകൾ അടച്ചോന്ന് ആലോചിച്ചു നോക്കി….. ഇത്ര സമയം എന്ത് നടന്നെന്ന് അറിയുവാനായി…….
അവന്റെ അക കണ്ണിൽ ഓരോന്നായി തെളിഞ്ഞു വന്നുകൊണ്ടിരുന്നു…..

അവനിൽ വന്ന മാറ്റവും റോഡ് മുറിച്ചു കടക്കാൻ നോക്കിയ കുട്ടികളെ കൊല്ലുവാൻ നോക്കിയതും…..
ഇവിടെ എത്തിയതും…. പാർവതിയെ കൊല്ലാൻ നോക്കിയതും കാർ നിന്നതും….
ഈ അമ്പലത്തിൽ കയറിയതും…. തന്റെ ദേഹം കത്തി ജ്വാലിച്ചതും അങ്ങനെ എല്ലാം…..

ഒന്നും തന്നെ അവന് വിശ്വസിക്കാൻ പോലും സാധിച്ചില്ല….. ഒപ്പം തന്നെ അറിവില്ലായ്മ കൊണ്ട് ചെയ്ത എല്ലാ പാപങ്ങളെ ഓർത്തും അവന്റെ ഉള്ള് ചുട്ട് നീറി……

എന്നാൽ ഉള്ളിൽ ഉത്തരം ലഭിക്കാത്ത ഒരേയൊരു ചോദ്യമേ ഉള്ളു….. ഇതെല്ലാം എങ്ങനെ സംഭവിച്ചു……

ഒന്നിനും ഒരു മറുപടി ലഭിച്ചില്ല അവന്….. രുദ്രൻ തന്റെ മുന്നിലുള്ള ആ ശിവലിംഗത്തെ നോക്കി…. ചുറ്റുപാടും എല്ലാം നശിച്ചെങ്കിലും ബാക്കി വന്നത് അത് മാത്രമാണ്…..

ഏറെ നന്ദിയോടെ ആ ദൈവത്തിന് മുന്നിൽ കൈകൂപ്പി പോയി അവൻ…..

തന്റെ ദേവു പോയതിനു ശേഷം ഒരു ദൈവത്തിന് മുന്നിലും നിന്നിട്ടില്ല അവൻ…. എന്നാലിന്ന് വീണ്ടും അവൻ വന്നെത്തിയത് ആ ദൈവത്തിന് മുന്നിൽ തന്നെയാണ്…..

സകല സൃഷ്ടിയുടെയും ദേവനായ മഹാദേവന് മുന്നിൽ….. ഈരെഴു ലോകത്തിന്റെയും പ്രധാന ശക്തിയായ ശിവത്വത്തിന് മുന്നിൽ……

രുദ്രന്റെ കാലുകൾ യാന്ത്രികമായി മഹാദേവന്റെ അടുക്കലേക്ക് ചലിച്ചു…. തന്റെ മുട്ടോളം വലിപ്പമുള്ള ആ വിഗ്രഹത്തിന് മുന്നിൽ അവൻ ഇരുന്നു…..

‘”” മഹാദേവാ……..
എന്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടക്കുന്നത്…… എന്നെ വേദനിപ്പിച്ചു മതിയായില്ലേ നിനക്ക്…….'”””

അവനുമുന്നിൽ ഉള്ള ദൈവത്തോട് ചോദിക്കുവാൻ ആ ഒരു ചോദ്യം മാത്രമേ രുദ്രന് ഉണ്ടായിരുന്നള്ളൂ…… തന്റെ ജന്മ നിയോഗം എന്തെന്ന് അറിയാത്ത ഒരുവന്റെ വേദനയുടെ ചോദ്യം……

പക്ഷെ ഉത്തരം ലഭിക്കുവാനുള്ള സമയം ഇതുവരെയും ആഗതമായിട്ടില്ല…..
ഭൂമിയിലെ ഏറ്റവും വലിയ ശക്തിശാലി അവൻ തന്നെയാണ്……
അതോടൊപ്പം തന്നെ ഏറ്റവും വേദന അനുഭവിക്കുന്നവനും അവൻ തന്നെ….

തകർന്ന മനസ്സോടെ രുദ്രൻ അവിടെ നിന്നും എഴുന്നേറ്റു…… ആ ദൈവത്തോട് നന്ദി പറയണമോ അതോ പഴയ പടി കോപം കാണിക്കാമോ എന്നൊന്നും അറിയില്ല അവന്…..

തിരികെ കാറിലേക്ക് പോകുവാൻ ഒരുങ്ങിയ രുദ്രൻ അവിടെ നിന്നും തിരിഞ്ഞതും യാദൃശ്ചികമായ ഒന്നിനെ കണ്ടു……

അവന് ചുറ്റും ഭസ്മമായി പുകഞ്ഞുകൊണ്ടിരിക്കുന്ന മണ്ണിന്റെ അറ്റത്ത് ഒരു തൃശൂലവും ഏന്തി നിൽക്കുന്ന ഒരുവൻ….

വെറും അടി വസ്ത്രം മാത്രം ധരിച്ച അയാളുടെ ദേഹമാസകലം ഭസ്മത്താൽ മൂടപ്പെട്ടിരുന്നു…..

നീണ്ട ജടപ്പിടിച്ച മുടിയും താടിയും…..
ഭ്രാന്തന്റെ മുഖവും രൗദ്രത നിറഞ്ഞ കണ്ണുകളും……..

അവനൊരു ചണ്ടാളനാണ്……. തീണ്ടാപ്പാട് അകലെ നിർത്തേണ്ടവൻ…..
മരിച്ചു മണ്ണടിഞ്ഞവനെ അഗ്നിക്ക് ഇരയാക്കുന്നവൻ…..
മഹാദേവനിൽ അലിഞ്ഞ ഒരേയൊരു സത്യം….

രുദ്രന്റെ കണ്ണുകൾ അയാളെ തന്നെ വീക്ഷിച്ചു….. അയാൾ അവനെത്തന്നെ നോക്കി നിൽക്കുന്നു….. ഒരു വല്ലാത്ത ഭാവത്തോട് തന്നെ……

ആ മുഖം എവിടെയോ കണ്ട് മറന്ന പോൽ തോന്നി രുദ്രന്….. പക്ഷെ ഒന്നും ഓർമ കിട്ടുന്നില്ല…….

പെട്ടെന്നാണ് അവന്റെ തലച്ചോറിൽ മറന്ന ഒരു യാത്രയുടെ ഓർമ്മകൾ വന്ന് തുടങ്ങിയത്…..
മനശാന്തിക്കായി ഹിമാലയത്തിൽ യാത്ര പോയ സമയം കണ്ടുമുട്ടിയ അതെ ചണ്ടാളൻ……

രുദ്രനാകെ അത്ഭുതം തോന്നി…..
കാരണം അവിടെ വസിക്കുന്നവർ ഇത്രയും മൈൽ താണ്ടി ഇവിടെ എത്തിയത് എങ്ങനെ എന്നവൻ ചിന്തിച്ചു…..

കയ്യിലെ തൃശൂലം മണ്ണിൽ കുത്തി മെതിച്ച് അയാൾ മുന്നിലേക്ക് വന്നു…… രുദ്രന്റെ മുന്നിൽ…….

‘””” എന്നയ് ഞ്യാപകം ഇറുക്കാടാ ദേവാസുരാ…..'””

അവന്റെ കണ്ണിലേക്കു സൂക്ഷ്മം നോക്കികൊണ്ട് ചുടല ചോദിച്ചു…..

‘”” മറന്നിട്ടില്ല ചുടലേ…….
നീ എങ്ങനെ ഇവടെ……..'””

ഒരു ഭാവ വ്യത്യാസവും ഇല്ലാതെ തന്നെ രുദ്രൻ അവന്റെയാ രൗദ്രത നിറഞ്ഞ ചുവന്ന കണ്ണുകളെ നോക്കി ചോദിച്ചു…… രുദ്രന്റെ മറുപടി കേട്ടതും ആ ഭ്രാന്തന്റെ ചുണ്ടുകളിൽ ഭ്രാന്തമായ ചിരി വിടർന്നു…..

‘” നാൻ എങ്കയും ഇരുപ്പോം……
നാൻ തേവയാന എന്ത ഇടത്തിലും ഇരുപ്പോം…
ഇപ്പൊ എൻ തേവ ഇങ്കെ ഇറുക്കില്ലേ……
എൻ ശിവനുക്ക് മുന്നാടി…….'””

ചുടല അവനെ നോക്കി കൈകൂപ്പി…… രുദ്രന് അയാൾ പറയുന്ന ഒന്നും തന്നെ മനസ്സിലായിരുന്നില്ല…..

‘”” നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ലടാ…..
പക്ഷെ ഞാൻ ആകെ അപ്സെറ്റ് ആണ്…..
ഈ ജീവിതം എന്നെ ചുട്ടേരിച്ച് കൊല്ലുകയാണ്…. മനസ്സെല്ലാം ചത്ത് മരവിച്ചു കഴിഞ്ഞു…… നിനക്ക് ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം തരാൻ സാധിക്കുമോ….'””

അവൻ ചോദിച്ചു…… ചുടല ഒരു ചെറു പുഞ്ചിരിയോടെ അവനെ നോക്കികൊണ്ട് പറഞ്ഞു…..

‘”” കേള് ദേവാസുരാ…….'”””

‘”” ഇനി എത്രനാൾ……
എന്റെ മരണത്തിലേക്കുള്ള ദൂരം എത്രനാൾ….
അതാണ്‌ എനിക്കറിയേണ്ടത്…..'””

അവന്റെ ചോദ്യം കേട്ട് ചുടല ഉറക്കെ ചിരിക്കുവാൻ തുടങ്ങി…..

‘”” ഹ ഹ ഹ ഹ ഹ ഹ..,.,.,…,,..
അന്ത മരണത്തെ പാത്ത് വന്തവൻ താനേ ടാ നീ……. ഇത് ഉൻ ഇരണ്ടാം ജന്മം….. ഇങ്കെ ഉൻ ലക്ഷ്യവും ജീവനും വേറെ…… സത്ത് പോണ ഉൻ വാഴ്ക്കയിൽ ഇരുന്ത് വെളിയെ വാ ദേവാസുരാ…… നീ എതിർപ്പാത്ത ഉൻ സന്തോഷം തിരികെ വന്തിടും……'””

‘”” അത് പറ്റില്ല……
എന്റെ ജീവനും ജീവിതവും സന്തോഷവും എല്ലാം എന്റെ ദേവു ആണ്…….'””

‘”” ഡേയ് മുട്ടാൽ…….
അവ സത്ത് റൊമ്പ നാൾ ആച്ച് ടാ…… ഇപ്പൊ അവൾ വെറും പൊണം….. അവ ഞാപകം താൻ ഉന്നോടെ സാപം…..'””

ചുടല അലറിയത് പറഞ്ഞപ്പോൾ രുദ്രന്റെ കണ്ണുകളിൽ കോപം ഇറച്ചു കയറി…… അവനൊന്നും ആലോചിക്കാതെ ചുടലയുടെ കഴുത്തിൽ പിടിച്ചു ഉയർത്തി…….

‘”” എന്റെ പെണ്ണിനെ പറഞ്ഞാ കൊന്ന് കളയും നായെ……..'””

എരിയുന്ന അഗ്നിയുടെ ചൂട് ഉണ്ടായിരുന്നു അവന്റെ വാക്കിനു….. ആ കയ്യിൽ കിടന്ന് ചുടല ചിരിച്ചു…….

‘”” തപ്പ്……
നീ സൊന്നത് തപ്പ്……
ദേവു രുദ്രനിൻ പാതി…… അന്ത രുദ്രൻ സത്ത് പല നാൾ ആച്ച് ടാ……'””

‘”” എനിക്കൊന്നും കേൾക്കണ്ടാ…….
നീ പറയുന്നതെല്ലാം പൊയ്‌ വാക്കുകൾ…..
ദേവു മരിച്ചാലും ഇല്ലെങ്കിലും അവൾ എന്റെ മാത്രമാ…….'””

എന്നും പറഞ്ഞുകൊണ്ട് രുദ്രൻ അയാളെ വിട്ടയച്ചു….. ചുടല മണ്ണിൽ കാല് കുത്തി കഴുത്തിൽ ഒന്ന് തടവി……

ശേഷം അവനെ നോക്കിയൊന്ന് ചിരിച്ചു……

‘”” നീ എവളോ എതിർത്താലും വിധി പോൽ താൻ നടക്കും എല്ലാം……
ഉൻ സൂട് താങ്ക ഒരേ ഒരു പെണ്ണാൽ താൻ മുടിയും….. അവൾ മട്ടും താൻ ഉൻ വാഴ്‌ക്കയ്….
നീ സൊന്ന ഇന്ത നരക വാഴ്‌ക്കയ് സ്വർഗമാ മാത്തർതുക്ക്‌ അവ വരുവാണ്ടാ…….
ഹ ഹ ഹ ഹ ഹ ഹ…….
കണ്ടിപ്പാ വരുവാ……..
വിധിയെ തടുക്ക ഈശ്വരനാലേ കൂടെ മുടിയാത്……. “””

ചുടല ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു….. എല്ലാം കേൾക്കുമ്പോൾ അവന് ഭ്രാന്താണ് പിടിച്ചത്…… കോപം കൊണ്ട് അയാളെ എന്ത് ചെയ്തും കാര്യമില്ലെന്ന് അറിയുകയും ചെയ്യാം അവന്…..

ആ സംസാരം നീട്ടികൊണ്ട് പോകാൻ ഇഷ്ടമില്ലാതെ രുദ്രൻ തിരിഞ്ഞു നടന്നു…. പെട്ടെന്നാണ് അവന്റെ കാലുകൾ അവിടെ നിശ്ചലമായത്……

വഴിമാറി പോയ അവന്റെ ചിന്തകൾ തിരികെ വന്നു….. ഉള്ളിലെ ആ പ്രധാന ചോദ്യം ചോദിക്കുവാൻ രുദ്രൻ വീണ്ടും ചുടലയുടെ അടുക്കലേക്ക് തന്നെ നടന്നു…….

‘”” എന്നടാ ദേവാസുരാ……
ഇനിയും മുടിയലയാ……. ഹ ഹ ഹ ഹ ഹ ഹ…..'””

തിരികെ വന്ന രുദ്രനെ നോക്കി ചുടല ചോദിച്ചു……

‘”” അങ്ങനെ തീരുന്നതല്ല ഒന്നും…… എനിക്കൊരു കാര്യം അറിയണം…..
ഉള്ളിൽ പല ചോദ്യങ്ങൾ ഉണ്ട്….. അതിനെല്ലാം നീ ഉത്തരം തരില്ലെന്ന് നന്നായി അറിയാം….
പക്ഷെ ഇന്ന് എനിക്കുണ്ടായ കാര്യങ്ങൾ…… അതിന്റെ കാരണം എനിക്ക് അറിയണം……
ഞാനിങ്ങനെ മാറാനുള്ള കാരണം എന്താണ്…..
എന്നെ നിയന്ത്രിക്കുന്ന ശക്തി ആരാണ്…..'”

രുദ്രൻ അയാളെ നോക്കി ചോദിച്ചു……

‘”” ഉന്നൈ നിയന്ത്രിക്കർത്തുക്ക് ഉണ്ണാൽ മട്ടും താൻ മുടിയും രുദ്രാ…….
ആണാൽ അന്ത ശക്തിയെ തൂണ്ടി വിടർത്തുക്ക് നിറയെ പേരാലേ മുടിയും…..'””

‘”” ആരാണ് അവർ…..
അതാണ്‌ എനിക്കറിയേണ്ടത്…….'””

കോപം കത്തുന്ന മിഴികളോടെ രുദ്രൻ ചോദിച്ചു……

‘”” തീയ സക്തികൾ……'””

‘”” എന്ത്……..??'””

‘”” ആമാണ്ടാ…..
തീയ സക്തികൾ…… നീ പോകവേണ്ടിയ വഴിയിൽ തടസ്സമാ നിക്കറ തീയ സക്തികൾ…..
നീ ഉന്നെ പത്തി തെരിയും വരയ്ക്കും അവൻക ഉന്നെ സുമ്മാ വിടാത്…..'””

‘”” പറയടാ…….
ആരാ അവർ……'””

രുദ്രൻ കോപം കൊണ്ട് മുരണ്ടു…….

‘”” അത് നീ അന്ത ശിവനിൻ കിട്ടെ താ കേക്കണം….. എന്നാലേ ഉത്തരം സൊല്ല മുടിയാത്…….'””

ചുടല പറഞ്ഞു…..
രുദ്രൻ ആകെ കലി പൂണ്ട് അവനെ നോക്കി…..

‘”” ശിവന്റെടുത്ത് ചോദിക്കാനോ……
സംസാരിക്കാനോ കേൾക്കുവാൻ സാധിക്കാത്ത വെറും കല്ല് മാത്രമാണ് ദൈവം…..
ആ ദൈവം എനിക്ക് എന്ത് ഉത്തരം തരാനാ…..'””

രുദ്രൻ ചോദിച്ചു…..

‘”” ഹ  ഹ ഹ ഹ ഹ ഹ..,.,.,,.,…,.,..
അപ്പുടിയാ രുദ്രാ……….. ഹ ഹ ഹ ഹ ഹ……
അപ്പൊ വലിയാൽ തുടിക്കും പോത് നീ എതുക്ക് അന്ത ശിവനെ വിളിത്തയ്…….
ദൈവം വെറും കല്ല് താനേ ……അപ്പൊ ഉന്നെ എപ്പുടി കാപ്പാത്ത മുടിയും അന്ത കല്ല്ക്ക് …….'””

ചുടലയുടെ ആ ചോദ്യത്തിന് മുന്നിൽ രുദ്രൻ ശരിക്കുമോന്ന് പകച്ചുപോയി…… ശരിയാണ്….
വേദന അറിഞ്ഞ സമയം ആശ്രയമായത് ദൈവം മാത്രമാണ്……
പ്രതീക്ഷ നൽകിയത് ദൈവം മാത്രമാണ്…..
ഒരു പക്ഷെ തന്നെ രക്ഷിച്ചത് ദൈവം മാത്രമാണ്……

ഒരു കാലത്ത് അവൻ ജീവനേക്കാൾ ഏറെ നെഞ്ചിലേറ്റിയ തന്റെ മഹാദേവൻ……

അവന്റെ ശിരസ്സ് താന്നു പോയി….. ചുടല രുദ്രന് മുന്നിൽ വന്ന് അവന്റെ തോളിൽ കൈവച്ചു….

‘”” ഉൻ മനസ്സയ് നിയന്തിരി രുദ്രാ……
നമ്പിക്കയ് ഇല്ലാതവനുക്കും പാപം പന്നവന്ക്കും താ അത് കല്ല്…..
മുഴു മനസ്സോട് ഉൻ മനസ്സയ് അർപ്പനയ്താ അന്ത കല്ലും ഉൻ കിട്ടെ പേസും……
ഹ ഹ ഹ ഹ ഹ ഹ ഹ…….'””

ചുടല ഒരു ഭ്രാന്തനെ പോലെ അവനോട് ഉറക്കെ പറഞ്ഞു…… രുദ്രന് ആകെ വല്ലായ്മ തോന്നി

അവൻ കടന്നു പോകുന്ന നിമിഷങ്ങൾ ഏറെ അപരിചിതം തന്നെയായിരുന്നു……
അവനെല്ലാം മറന്നാ ശിവ ലിംഗതിനു അടുക്കലേക്ക് നടന്നു…..

ഇപ്പോഴാ മനസ്സ് ഏകാകൃതമാണ്…… ശിവം എന്ന ശക്തി ഉണർന്ന് തുടങ്ങിയിരുന്നു അവനിൽ………

????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.