അദ്ധ്യായം 27
ശതരൂപയുടെ പുരുഷൻ
മൃണാളിനിയുടെ പെടുമരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. നിയമവാഴ്ചയും നീതിയും ശക്തമല്ലാത്ത ആ പ്രദേശത്ത് മൃണാളിനിയുടെ മരണത്തിനു കാരണമായവരെയാരെയും അഴിമതിക്കാരായ അധികാരികൾ വിലങ്ങുവെക്കാനും ശ്രമിച്ചില്ല.
മൃണാളിനിയെ കൊണ്ടുപോയ ഇടനിലക്കാരനും പണത്തിനു മേലെ മറഞ്ഞതിനാൽ ഒന്നുമറിയിലില്ലെന്നു സാക്ഷ്യം പറഞ്ഞതിനാൽ തുടരന്വേഷണങ്ങളും ഉണ്ടായില്ല.
അങ്ങനെ മൃണാളിനിയെന്ന അദ്ധ്യായം സമാപ്തമായി.
തന്റെ പ്രിയപ്പെട്ട ‘അമ്മ മരിച്ചത് അമ്രപാലി കാരണമാണെന്ന് ശതരൂപ ഉറച്ചുവിശ്വസിച്ചു. പേറ്റിച്ചിയെ കൊലയ്ക്ക് കൊടുത്ത കുഞ്ഞ് ഒന്നാം വയസ് തികയും നാൾ അവളെ പൊന്നുപോലെ സ്നേഹിച്ച അമ്മമ്മയുടെ മരണത്തിനു കാരണക്കാരിയെന്നു നാടും നാട്ടാരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു.
ഒരു കുഞ്ഞായതു കൊണ്ടും വലിച്ചെറിഞ്ഞു കളയാൻ പറ്റാത്തത് കാരണം കൊണ്ട് മാത്രം ശതരൂപ അമ്രപാലിയെ വളർത്തി, അതും ഉള്ളിൽ പർവ്വതക്കണക്കായ വെറുപ്പ് നിലനിർത്തി കൊണ്ട് തന്നെ.
ആ കുഞ്ഞിനെ ദേഷ്യം വരുമ്പോൾ ഒക്കെ നുള്ളിയും തല്ലിയും അവൾ കരയിപ്പിച്ചുകൊണ്ടേയിരുന്നു.
തന്റെ ഐശ്വര്യപൂർണ്ണമായ ജീവിതത്തിനു വിഘാതം സൃഷ്‌ടിച്ച ദുര്നിമിത്തത്തോടുള്ള അടങ്ങാത്ത പക.
ജീവിക്കാൻ ഒരു നിവൃത്തിയും ശതരൂപയ്ക്കില്ലാതെയായി. രണ്ടു വർഷം കഴിഞ്ഞു ഔഷധസേവകഴിയാതെ വേശ്യാവൃത്തി ചെയ്യാൻ പാടില്ല എന്നത് കൊണ്ട് ആ മാർഗ്ഗവും അവൾക്കുമുന്നിൽ അടഞ്ഞു.
ഒരു ജീവിതമാർഗ്ഗമായി അവൾ കുഞ്ഞിനേയും ഒക്കത്തെടുത്ത് മിഥിലയിൽ നിന്നും കിട്ടിയ വിത്തുകാളയെയും കൂട്ടി ആ പ്രദേശമാകെ പശുവിനെ ചവിട്ടിക്കാനുണ്ടോ എന്ന് വിളിച്ചു നടന്നു.
പക്ഷെ അവരുടെ വിത്തുകാള ചവിട്ടി ചെന പിടിച്ച പശുക്കൾ കൂടുതലും മൂരിക്കുട്ടികളെ പെറുന്നതിനാൽ ആരും ശതരൂപയുടെ കാളയെ കൊണ്ട് ചവിട്ടിക്കാതെയായി.
മറ്റൊരു നിവൃത്തിയുമില്ലാതെ ശതരൂപ ആ കാളയെ വിറ്റൊഴിവാക്കി.
ഒടുവിൽ, ഒരു കാലത്തു തുളുവച്ചിപട്ടണത്തിനു ആരാണോ ഐശ്വര്യം നൽകിയത്, ആരാണോ തിരുഗണികയാകാൻ തക്ക സാമുദ്രികലക്ഷണങ്ങളോടെ ജനിച്ചത് അവൾ ഇന്ന് അതിനൊന്നും കഴിയാതെ ഒരു നേരത്തെ അന്നത്തിനു വക തേടി കുഞ്ഞുമായി അവിടത്തെ പേരെടുത്ത ഗണികമാരുടെ വീട്ടിൽ അടുക്കളപ്പണിയും പുറംപണിയും ചെയ്തു ജീവിക്കേണ്ടി വരുന്ന ദുഃഖപൂർണ്ണമായ അവസ്ഥയിലേക്ക് എത്തപ്പെട്ടു
അവൾ പണിയെടുക്കുന്ന ഓരോ വീടുകളിലുമുള്ള ഗണികമാർ അവളെ പരിഹസിക്കുമായിരുന്നു.
ഒരുകാലത്ത് അവളെ അസൂയയോടെ നോക്കിയിരുന്ന അവർക്ക് ഇന്നവൾ വെറുമൊരു വേലക്കാരിക്ക് സമമായി മാറിയത് സന്തോഷത്തിനു വക നൽകുന്നതായിരുന്നു.
വഴിയിലൂടെ നടക്കുമ്പോൾ പോലും നാട്ടിലെ ചില പെണ്ണുങ്ങൾ തിരുഗണിക എന്ന് വിളിച്ചവളെ അധിക്ഷേപിക്കുമായിരുന്നു.
എല്ലാം സാധുവായ ശതരൂപ ഉള്ളിൽ കടിച്ചമർത്തി.
പലപ്പോഴും ആരും കാണാതെ അവൾ കരയും.
അറുതി വന്ന കാലത്ത് മൃണാളിനി കൈയയച്ച് സഹായിച്ച ഒരാളുപോലും ശതരൂപയെ സഹായിക്കാനില്ലായിരുന്നു.
തന്റെ ദുര്യോഗങ്ങളാൽ മനസ്സ് നൊന്തു എന്നും ശതരൂപ കരഞ്ഞു കൊണ്ട് കിടന്നുറങ്ങും.
ഒന്നാശ്വസിപ്പിക്കാൻ അമ്മയില്ലാതെ പോയത് അവളെ അങ്ങേയറ്റം തളർത്തികളഞ്ഞിരുന്നു.
അന്നൊരുനാൾ
സന്ധ്യക്ക് ശതരൂപ അടുക്കളയിൽ അടുപ്പിൽ പുകയൂതി തനിക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന സമയം വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. ഊതുന്ന കുഴൽ അടുപ്പിനരികിൽ വെച്ചുകൊണ്ടവൾ ഉമ്മറത്തൂടെ വന്നു വാതിൽ തുറന്നു.