തിരുഗണിക-4 [Harshan] 4071

അദ്ധ്യായം 33

നാഗമണ്ഡലഭോഗം

അമ്രപാലിയ്ക്ക് പതിനാലു വയസ്സാകാറായി

ഇതിനിടയിൽ ഒരിക്കൽ പോലും അവളെ അന്വേഷിച്ചു ശതരൂപ വരികപോലുമുണ്ടായിട്ടില്ല.

ചത്തോ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും ആർക്കുമറിയില്ല. അമ്മയുടെ പേര് ശതരൂപ എന്നറിയും എന്നതല്ലാതെ അവൾക്ക് കണ്ടയോർമ്മ പോലുമില്ലായിരുന്നു.

അന്നൊരിക്കൽ

അമ്രപാലിയുടെ വീടിനു സമീപമുള്ള മൈതാനത്തിൽ തുളുവച്ചിപട്ടണത്തിൽ താമസിക്കുന്ന സകലരും ഒത്തു ചേർന്നൊരു ചർച്ച നടത്തി.

തുളു നാട്ടിൽ ഏറെ പ്രചാരമുള്ള നാഗ ആരാധന സമ്പ്രദായമാണ് നാഗമണ്ഡലം. ഇരുപതു വർഷങ്ങൾക്ക് മുന്നേയാണ് തുളുവച്ചിപട്ടണത്തിൽ നാഗമണ്ഡലം നടത്തിയിട്ടുള്ളത്. അതിനു ശേഷം ഒരിക്കൽ പോലും നാഗമണ്ഡലം നടത്താനായി സാധിച്ചിട്ടില്ല.

ഇത്തവണ വരുന്ന നാഗപഞ്ചമി നാളിൽ തുളുവ ആചാരപ്രകാരമുള്ള നാഗമണ്ഡല൦ നടത്തണമെന്നൊരു തീരുമാനമുണ്ടായി, അതിനു വേണ്ട ചിലവുകൾ എല്ലാവരും കൂടെ വഹിക്കുവാനും തീരുമാനിച്ചു. അതിൻ പ്രകാരം നാഗമണ്ഡലം നടത്തുവാൻ തന്നെ തീരുമാനിച്ചു, അതും ആ മൈദാനത്തു വെച്ച് തന്നെ. അതിനു കാരണം ആ മൈദാനത്തിനു കിഴക്കേകോണിൽ നാഗഫണങ്ങൾ ( സർപ്പപുറ്റുകൾ) ഉണ്ട്, അപ്പോൾ നാഗങ്ങളുടെ സാന്നിധ്യം വരുന്നയിടത്തു തന്നെ നാഗമണ്ഡലവും നടത്തണം എന്നത് ഒരു വിശ്വാസമാണ്.

ശ്രാവണത്തിലെ അഞ്ചാം തിഥിയായ നാഗപഞ്ചമി ആഗതമായി. അന്നൊരു സവിശേഷതകൂടെയുണ്ടായിരുന്നു, അന്ന് ആയില്യം നക്ഷത്രം കൂടെയായിരുന്നു.അന്ന് അമ്രപാലിയുടെ പതിനാലാം പിറന്നാളും.

നാഗമണ്ഡലം ഏറെ സവിശേഷമായ പൂജ ആയതിനാൽ വലിയ രീതിയിൽ തന്നെ പന്തലുകൾ ഒരുങ്ങിയിരുന്നു, പുറമെ നിന്നും തുളുവ ബ്രാഹ്മണ൪ പൂജകൾക്കായി എത്തിചേർന്നു. മൈതാനo വീടിനു തൊട്ട് അടുത്തു തന്നെയായതിനാലും കാമാച്ചിയും മക്കളും പകൽ മുതലേ അവിടെ സന്നിഹിതരായിരുന്നു. പിറന്നാളായിട്ടു കൂടെ അമ്രപാലിക്ക് പിടിപ്പതു പണിയുമുണ്ടായിരുന്നു. പകൽ പത്തു മണിയോടെ എല്ലാം പണികളും ഒതുക്കി കുളിച്ച് അവൾ പന്തലിലേക്ക് നടന്നു.

അന്ന് വളരെ വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു, തന്റെ പിറന്നാൾ ദിനം വലിയ സദ്യ ഉണ്ണാൻ സാധിക്കുന്നതിൽ അവളേറെ സന്തോഷിച്ചു.

പന്തലിനുള്ളിൽ വലിയ അഷ്ടഭുജാകൃതിയിൽ നാഗമണ്ഡലം എന്ന കളം വരച്ചിരുന്നു. പഞ്ചവർണ്ണഹുഡി എന്നറിയപ്പെടുന്ന നാഗമണ്ഡലത്തിന് പ്രാധാന്യമുള്ള അഞ്ചു വർണ്ണങ്ങൾ വെള്ള ചളി പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്ത ചുവപ്പ് , പച്ചിലപൊടിച്ചു പച്ച , മഞ്ഞൾ പൊടി മഞ്ഞ , മഞ്ഞൾപൊടി വറുത്ത ഉമിയും ചേർത്ത കറുപ്പ് എന്നിവ കൊണ്ട് മണ്ഡലത്തിന് വർണ്ണം പകരുകയും നാഗമണ്ഡലത്തിന് ചുറ്റും പതിന്നാലു ഉടൽ ചുറ്റുകളോട് കൂടിയ വലിയ സർപ്പത്തെയും വരഞ്ഞിരുന്നു.അതിനു ചുറ്റും പൂക്കളും കവുങ്ങിൻ പൂക്കുലകളും ചുറ്റി നിറച്ചിരുന്നു.

 

നാഗമണ്ഡലത്തിൽ നിന്നും അല്പം മാറി ഹോമകുണ്ഡം ഒരുക്കിയതിൽ ബ്രാഹ്മണർ ഹോമം നടത്തി ഹവിസ്സർപ്പിച്ചതിനു ശേഷം, നിരത്തി വെച്ച ചെമ്പു കുടങ്ങളിൽ പാൽ നിറക്കുകയും ബ്രാഹ്മണരുടെ നേതൃത്വത്തിൽ ഭക്തരും ഒരുമിച്ചു താളമേളങ്ങളോടെ സകലവാദ്യങ്ങളോടെ പന്തലിൽ നിന്നും ഇറങ്ങി നടന്നു മൈദാനത്തിനു കിഴക്കേ കോണിലുള്ള നാഗപുറ്റുകൾക്ക് സമീപം ചെന്നു പുറ്റുകളിൽ പൂവുകൾ അർപ്പിച്ചു പൂജ നടത്തുകയും മഞ്ഞൾ പൊടി വിതറുകയും പുറ്റുകൾക്ക് ചുറ്റും പ്രദക്ഷിണം ചെയ്തു ചുറ്റും പാല് തൂവുകയും അതിനു ശേഷം പുറ്റിനു മുൻപിൽ കുഴിച്ച കുഴിയിൽ വാഴയിലകൊണ്ട് നിറച്ചു അതിനു മുകളിൽ പാൽ ഒഴിച്ച് നിർത്തുകയും ചെയ്തു. സകലവാദ്യങ്ങളുടെ അകമ്പടയിൽ പൂജകൾ നടത്തി എല്ലാവരും അവിടെ നിന്നും തിരികെ പന്തലിലേക്ക് നടന്നു.

Updated: June 19, 2022 — 12:55 am