തിരുഗണിക-4 [Harshan] 4150

ഇതിനിടയിൽ കാമാച്ചിയുടെ കണവൻ നല്ല തങ്കൻ അന്നാട്ടിലെ ഏതോ ഒരു പെണ്ണുമായി ഒളിച്ചോടി പോകുകയും ഉണ്ടായി. അതോടെ കാമാച്ചി ആൺതുണ ഇല്ലാത്തവളുമായി. അതോടെ കോപവും കൂടി

കോപം തീർത്തിരുന്നത് അമ്രപാലിയുടെ ദേഹത്തും.

കാലം കടന്നു പോയി

അതുവരെ അമ്രപാലിക്ക് ഈശ്വരനെ കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നു.

ആരും അവൾക്ക് അങ്ങനെയുള്ള കാര്യങ്ങളൊന്നും പറഞ്ഞു കൊടുത്തിട്ടില്ല, കൂടാതെ അവൾ ഓർമ്മ വെച്ച കാല മുതലേ കാമാച്ചിയുടെ വേലക്കാരിയായുള്ള ജീവിതം നയിക്കുന്നവളും., അതിനാൽ തന്നെ അവളൊരിക്കലും ഈശ്വരഭയത്തോടെയോ വിശ്വാസത്തോടെയോയല്ല ജീവിച്ചുപോയതും. അവളെ ഒരു ക്ഷേത്രത്തിൽ പോലും അവർ കൊണ്ട്പോയിരുന്നില്ല

ഒരടിമയെ പോലെ അവൾ അവിടെ ജീവിച്ചു വന്നു. പുലർച്ചെ നാല് മണിയോടെ എഴുന്നേറ്റു തൊഴുത്തു വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചു പാൽ കറന്നു മുറ്റം അടിച്ചു വാരി കുളിച്ചു അടുക്കളയിൽ കയറി പ്രാതൽ ഉണ്ടാക്കുന്ന നേരം കാമാച്ചി എഴുന്നേറ്റു വരും,അപ്പോൾ അമ്രപാലി പാൽ കൊണ്ട് കൊടുക്കാൻ പോകും അത് കഴിഞ്ഞു വരുമ്പോഴേക്കും അവൾ ഉണ്ടാക്കിയ പ്രാതലൊക്കെ തീർന്നിട്ടുണ്ടാകും, തലേന്നത്തെ പഴകഞ്ഞിയായിരിക്കും അവളുടെ പ്രാതൽ. അതും അവൾക്ക് കഴിക്കാൻ നേരം കിട്ടില്ല കാമാച്ചിയുടെ  മക്കൾക്കുള്ള ഭക്ഷണം തയ്യാറാക്കി പള്ളിക്കൂടത്തിൽ പറഞ്ഞയച്ചു കഴിഞ്ഞു വേണം അവൾക്കു കഴിക്കാൻ.

പുലർച്ചെ മുതൽ പാതിരാത്രി വരെ നടുവൊടിയും തരത്തിൽ അവളെ കൊണ്ട് പണി ചെയ്യിപ്പിക്കും, അവൾക്ക് കാമാച്ചിയെ ഭയവുമായിരുന്നു. അവരെ ഭയന്ന് അയൽക്കാരോട് പോലും അവൾ മിണ്ടില്ലായിരുന്നു.

അങ്ങനെയൊരുനാൾ തുളുവച്ചിപ്പട്ടണത്തിൽ ഒരു ബ്രാഹ്മണപൂജാരിയും കുടുംബവും പുതുതായി താമസം തുടങ്ങി. ശ്രീകരൻ , ഭാര്യ സുഭഗ ഏകമകൾ മഞ്ജരി.അവിടെ ദിനവും പാൽ കൊടുക്കാനായി കാമാച്ചിയുടെ വീട്ടിൽ ഏർപ്പാടാക്കി, അങ്ങനെ അവിടേക്ക് പാലുമായി അമ്രപാലി എല്ലാ പ്രഭാതങ്ങളിലും പോകാനാരംഭിച്ചു. എന്നും അവിടെ പോയി പോയി അമ്രപാലി ശ്രീകരൻറെ മകൾ മഞ്ജരിയുമായി പരിചയത്തിലായി.. മഞ്ജരിയുടെ കൂടെ പഠിക്കുന്ന ചങ്ങാതിമാർ അമ്രപാലിയുടെ വീടിനു സമീപം താമസിക്കുന്നവരായതു കൊണ്ട് ഇടക്ക് മഞ്ജരി അവരെ കാണാൻ അവിടെ വരുമ്പോൾ അമ്രപാലിയെ കാണുക ശീലമായി, പിന്നീടവർ തമ്മിൽ ഗാഡമായ ഒരു സുഹൃദ്ബന്ധം ഉടലെടുക്കാനും അത് കാരണമായി.

മഞ്ജരി അവളുടെ ചങ്ങാതിമാരുടെ വീട്ടിൽ വരുമ്പോൾ അമ്രപാലിക്ക് രഹസ്യമായി വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങൾ കൊണ്ട് കൊടുക്കുമായിരുന്നു. മഞ്ജരിയുടെ അധികം പഴകാത്ത വസ്ത്രങ്ങൾ അമ്രപാലിക്ക് കൊടുക്കുമായിരുന്നു. മൂന്നു വയസ്സിനിപ്പുറം അമ്രപാലി ഒരിക്കൽ പോലും ഒരു പുതു വസ്ത്രം ധരിച്ചിട്ടില്ല എന്നതായിരുന്നു സത്യം.

ഇവ്വിധമുള്ള ദുരിതപർവ്വത്തിലൂടെയായിരുന്നു സ്വന്തം വീട്ടിൽ ഒരു വേലക്കാരിയായി അമ്രപാലിയുടെ ശൈശവ ബാല്യ ജീവിതങ്ങൾ

 

Updated: June 19, 2022 — 12:55 am