തിരുഗണിക-4 [Harshan] 4067

ഒരു നാൾ വീട്ടിൽ

തൊഴുത്ത് വൃത്തിയാക്കി പശുവിനു പുല്ലു കൊടുത്ത് സഹിക്കാനാകാത്ത വിശപ്പോടെ അമ്രപാലി വീടിന്റെ പിന്നിൽ നിന്നു. അടുക്കളയിൽ അപ്പളം വറുക്കുന്നതിന്റെ സുഗന്ധം അവൾക്കു  കിട്ടിയപ്പോൾ വിശപ്പ്  വർദ്ധിക്കുകയും വായിൽ നിന്നും വെള്ളമൂറുകയും ചെയ്തു.

അവൾ വേഗം കൈ കഴുകി വീടിനെ ചുറ്റി മുൻവശത്തുകൂടെ ഉള്ളിലേക്ക് കയറാതെ വാതിലിനു പുറത്തു നിന്ന് ഉമ്മറത്തേക്ക് നോക്കുമ്പോൾ കാമാച്ചി ചിത്തിയമ്മയുടെ നാല് മക്കളൂം ചോറും കറികളുമായി നിലത്തിരിക്കുന്നു.

കാമാച്ചിഅപ്പോളേക്കും പാത്രത്തിൽ നിറയെ അപ്പളവുമായി അവിടെ വന്നിരുന്നു മക്കൾക്ക്‌ വിളമ്പി.

ഇളയ കൊച്ചിന് അവർ കുഴച്ചു വായിൽ വെച്ചു ഭക്ഷണം നൽകി.

അമ്രപാലി കൊതിയോടെ അത് നോക്കി നിന്നു.

മൂത്ത കുട്ടി അമ്രപാലിയെ അപ്പളം കാണിച്ചു കൊതിപ്പിച്ചു.

കാമാച്ചിമുഖമുയർത്തി നോക്കുമ്പോൾ അമ്രപാലി തന്റെ മക്കൾ ഭക്ഷണം കഴിക്കുന്നത് നോക്കി കൊതിയോടെ നിൽക്കുന്നത് കണ്ടു .

അവർക്കതു കണ്ടപ്പോൾ ദേഷ്യം കയറി

“എന്താടി ശവമേ കൊതി വിട്ടു നിൽക്കുന്നെ ?” അവരലറി.

“ചിത്തിയമ്മേ ,,,,പൈക്കണൂ ,,,ഇച്ചിരി ചോറ് തരോ ?” വയർ തടവി അഞ്ചു വയസുള്ള ആ കുഞ്ഞ് സങ്കടത്തോടെ  ചോദിച്ചു

“അങ്ങോട്ടു പോയി ചാണക൦ വാരെടീ,,കൂത്തിച്ചിശവമേ , പിഴച്ച നായിന്റെ മോളെ ” കാമാച്ചി അരിശത്തോടെ  അലറി

അതുകേട്ടു പേടിച്ചു അമ്രപാലി ഓടി തൊഴുത്തിന്റെ സമീപത്തേക്ക് ഓടി.

 

പാവം അവിടെ വിശന്നു കൊണ്ട് ചാണകം എടുത്തു കുഴിയിലേക്ക് കൊണ്ടുപോയി ഇടാനാരംഭിച്ചു.

എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ അവശേഷിച്ചതും കുട്ടികൾ കഴിച്ചതിന്റെ എച്ചിലും കൂടെ ഒരു ചട്ടിയിൽ ആക്കി  വീടിന്റെ പിന്നിലെ തിണ്ണയിൽ തളർന്നിരിക്കുന്ന അമ്രപാലിയുടെ മുന്നിൽ കൊണ്ട് പോയി വച്ച് കൊടുത്തുകൊണ്ട് കാമാച്ചി അത് കഴിച്ചിട്ട് പാത്രങ്ങൾ എല്ലാം കഴുകി വെക്കാൻ പറഞ്ഞു.

ആ കുഞ്ഞ് , അതിൽ അവശേഷിച്ച ഭക്ഷണം രുചി പോലും നോക്കാതെ വാരികഴിക്കാൻ തുടങ്ങി.

വിശപ്പടക്കാൻ പോലും അതിലുണ്ടായിരുന്നില്ല.

ഉള്ളത് കഴിച്ചവൾ പുറത്തു നിരത്തു വെച്ചിരിക്കുന്ന പാത്രങ്ങൾ ചാരം തേച്ചു കഴുകി ക്ഷീണത്തോടെ പിന്നിലെ തിണ്ണയിൽ തളർന്നു കിടന്നു.

@@@@

കുട്ടികളുടെ ജന്മദിനം വരുമ്പോൾ കാമാച്ചി അത് വേണ്ടപോലെ ആഘോഷിക്കും , അപ്പോൾ പോലും അമ്രപാലിയുടെ ഒരു ജന്മദിനം പോലും അവർ ആഘോഷിച്ചിരുന്നില്ല. അവൾക്ക് ഒരു നല്ല വസ്ത്രം പോലും അവർ വാങ്ങികൊടുത്തിരുന്നില്ല, അവൾ ധരിച്ചിരുന്നത് പോലും കാമാച്ചിയുടെ മക്കൾ ഇട്ടു പഴകി നിറം മങ്ങിയ വസ്ത്രങ്ങളും. അതെ സമയം അസുഖം വന്നാൽ അവൾക്ക് വേണ്ട മരുന്നുകൾ വാങ്ങിക്കൊടുക്കുമായിരുന്നു,

കിടന്നുപോയാൽ അവൾ ചെയ്യേണ്ടുന്ന ജോലികളൊക്കെ കാമാച്ചിക്കും മക്കൾക്കും ചെയ്യേണ്ടി വരുമെന്ന് പേടിയുള്ളതിനാൽ.

നരകതുല്യമായ ജീവിതമായിരുന്നു എങ്കിലും കുഞ്ഞമ്രപാലി സുന്ദരിയായിരുന്നു. പൊന്നിൻ നിറവും കാണുന്നവർക്കൊക്കെ ഇഷ്ടം തോന്നുന്ന പ്രകൃതിയും. അത് കാമാച്ചിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അവർക്കും മക്കൾക്കും നിറമൊട്ടുമില്ലായിരുന്നു.

അവളുടെ വർദ്ധിച്ചു വരുന്ന സൗന്ദര്യത്തിൽ വിറളിപൂണ്ട കാമാച്ചി നിസാരകാര്യങ്ങൾക്ക് പോലും അമ്രപാലിയെ മർദ്ധിക്കുകയുണ്ടായി. അവരുടെ മക്കൾ ചെയ്യുന്ന കുറ്റങ്ങൾക്ക് പോലും അമ്രപാലിയെ ശാസിച്ചും മർദിച്ചും അവർ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

ഒരു വിളിയ്ക്ക് വിളി കേട്ടില്ലെങ്കിൽ പോലും അവളുടെ കരണം അടിച്ചു പുകച്ചു. എല്ലാ തരത്തിലും മൃഗതുല്യമായ ജീവിതമായിരുന്നു അവൾക്ക്.

Updated: June 19, 2022 — 12:55 am