തിരുഗണിക-4 [Harshan] 4071

ശതരൂപ സങ്കടത്തോടെ വിൻഡോയിലൂടെ പിന്നിലേക്ക് നോക്കി

അപ്പോൾ

അമ്രപാലി കാമാച്ചിയുടെ കൈയിൽ നിന്നും ചാടിയിറങ്ങി

ആ കാറിനു പുറകെ വേഗത്തിൽ കുഞ്ഞികൈ ഉയർത്തി ഓടി

“രൂപമ്മെ ,,,,” എന്നുറക്കെ വിളിച്ചു കൊണ്ട്

“പാലിച്ച്  പാപ്പകഞ്ഞി  വേണ്ടാ ,,,പൈക്കണെന്ന് പറയൂല്ല ,,,” എന്നുറക്കെ കരഞ്ഞു വിളിച്ചു കൊണ്ട് ആ പാവം കുഞ്ഞ് കാറിനു പുറകെ കുഞ്ഞികാൽ വലിച്ചു വെച്ചോടി

നിറയുന്ന കണ്ണുകളൊടെ ശതരൂപ ആ കാഴ്‌ച കണ്ടു

കാറിനു പുറകെ  തന്നെ വിളിച്ചു കരഞ്ഞു ഓടുന്ന തന്റെ മകൾ

അവൾക്ക് പുറകെ അവളെ പിടിച്ചു നിർത്താൻ കാമാച്ചിയും ഓടി

അന്നേരം അമ്രപാലിയുടെ പിഞ്ചു പാദം കല്ലിൽ തട്ടി അവൾ കമഴ്ന്നടിച്ചു വീണു

“രൂപമ്മേ,,,” എന്ന് വിളിച്ചവൾ അലറിക്കരഞ്ഞു .

അത് കണ്ടു വണ്ടി നിർത്ത് എന്ന് ബിന്ദുമാധവനോട് ശതരുപ പറഞ്ഞു

അയാൾ വണ്ടി നിർത്തിയപ്പോൾ ഡോർ തുറന്നു ശതരൂപ വീണുകിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ഓടി

കമഴ്ന്നു കിടന്നു കൊണ്ട് അമ്രപാലി ശതരൂപയെ നോക്കി കൈഉയർത്തി അലറികരയുകയായിരുന്നു.

അപ്പോളേക്കും കാമാച്ചി വന്നവളെ പിടിച്ചുയർത്തി.

ശതരൂപയ അവൾക്കരികിലെത്തി

ശതരൂപ അമ്രപാലിയേ കൈയിലെടുത്തു

ദേഹമൊക്കെ കൈ കൊണ്ട് മെല്ലെ തട്ടി മുറിവ് പറ്റിയിട്ടുണ്ടോ എന്ന് നോക്കി.

“രൂപമ്മെ ,,,” എന്ന് വിളിച്ചു കൊണ്ട് കുഞ്ഞു നിർത്താതെ കരഞ്ഞു കൊണ്ട് ശതരൂപയെ കെട്ടിപ്പിടിച്ചു.

“പാലിച്ചു പേടിയാ ,,,പാലിച്ച് പാപ്പകഞ്ഞി വേണ്ടാ ,,പൈക്കണെന്ന് പറയൂല്ല ” വിതുമ്പി പറഞ്ഞു കൊണ്ട് അവൾ ശതരൂപയെ കെട്ടിപിടിച്ചു

സങ്കടം സഹിക്കാനാകാതെ ശതരൂപ കുഞ്ഞിനെ കെട്ടിപ്പിടിച്ചു കരഞ്ഞു

അത് കണ്ടപ്പോൾ അമ്രപാലിക്ക് കൂടുതൽ സങ്കടമായി.

അവൾ വേഗം ശതരൂപയുടെ കണ്ണുകൾ തന്റെ പിഞ്ചു കരങ്ങൾ കൊണ്ട് ഒപ്പി.

“‘രൂപമ്മ കരേണ്ടാ ,,,കുഞ്ഞ് പൈക്കണെന്ന് പറയൂല്ല ,,കുഞ്ഞിന് പാപ്പ൦ തരണ്ട ”

അപ്പോഴേക്കും ശതരൂപയുടെ മനസ്സിന്റെ നിയന്ത്രണമൊക്കെ പോയിരുന്നു.

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ കവിളുകളിലും നെറ്റിയിലും മുത്തങ്ങൾ നൽകി.

ജീവിതത്തിൽ ആദ്യമായി സ്നേഹത്തോടെ കുഞ്ഞിന് കൊടുക്കുന്ന ചുംബനം.

ബിന്ദുമാധവൻ അപ്പോളേക്കും ശതരൂപയുടെ അരികിലേക്ക് വന്നു

“വാ ,,,ശതരൂപേ ,,, ഒരുപാട് ദൂരം പോകാനുള്ളതാ ” അയാൾ ബലത്തോടെ കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും എടുത്ത്  കാമാച്ചിയെ ഏൽപ്പിച്ചു

അമ്രപാലി പേടിയോടെ ഉറക്കെ അലറിക്കരഞ്ഞു.

“‘രൂപമ്മ ,,,വരാം ,,,നാളെ വരാം ,,,പാലിക്ക് പാവയുമായി വരാം ,,,” ശതരൂപ കരഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി പറഞ്ഞു.

“കരയല്ലേ ,,,” ശതരൂപ കുഞ്ഞിന്റെ കണ്ണ് തുടച്ചു.

“നാളെ രൂപമ്മ വരോ   ,,,,” വിതുമ്പലോടെ അമ്രപാലി ചോദിച്ചു .

“നാളെ വരാം ,,,’അമ്മ വരാം കുഞ്ഞിനെ കാണാൻ ” ഒരു തേങ്ങലോടെ ശതരൂപ പറഞ്ഞു.

അത് കേട്ടപ്പോൾ കരച്ചിലടക്കി അമ്രപാലി കുഞ്ഞിളം പല്ലുകൾ കാണിച്ചു ചിരിച്ചു.

“‘രൂപമ്മ  പോയിട്ട് നാളെ വരാം ,,മോള് ചിത്തിയമ്മ പറയണത് കേൾക്കണം ,,,” വീണ്ടും അവളുടെ നെറ്റിയിൽ ശതരൂപ മുത്തം നൽകി.

അങ്ങോട്ട് വന്ന ബിന്ദുമാധവൻ അവളുടെ കൈ പിടിച്ചു വലിച്ചു

അത് കണ്ടപ്പോൾ അമ്രപാലി ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു

“‘അമ്മ നാളെ വരും കുഞ്ഞേ ” കാമാച്ചി അവളെ ആശ്വസിപ്പിച്ചു

അപ്പോളേക്കും ശതരൂപയെയും കയറ്റി കാർ വേഗത്തിൽ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞിരുന്നു

അമ്രപാലി കൈഉയർത്തി രൂപമ്മെ  എന്ന് വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.

കാർ അവരുടെ കാഴ്‌ചയിൽ നിന്നും മറഞ്ഞു.

Updated: June 19, 2022 — 12:55 am