തിരുഗണിക-4 [Harshan] 4071

“രൂപമ്മെ ,,” എന്ന് സന്തോഷത്തോടെ വിളിച്ചു കൊണ്ട് അമ്രപാലി തുള്ളിച്ചാടി പാവയുമായി വീടിന്റെ ഉള്ളിലേക്ക് കയറി.

അവജ്ഞയോടെയാണ് ബിന്ദുമാധവൻ ആ കുഞ്ഞു പോകുന്നത് നോക്കി നിന്നത്.

അൽപ്പം കഴിഞ്ഞപ്പോൾ ശതരൂപയും  കാമാച്ചി  ട്രങ്ക് പെട്ടികളുമായി പുറത്തേക്ക് വന്നു

ബിന്ദുമാധവ൯ കാറിന്റെ ഡിക്കി തുറന്നു പെട്ടികൾ അതിനുള്ളിൽ വെച്ചു.

“പോകാം ,,” അയാൾ ശതരൂപയോട് പറഞ്ഞു.

ശതരൂപ സന്തോഷത്തോടെ തലയാട്ടി.

ശതരൂപയുടെ കാലിൽ ചേർന്ന് അമ്രപാലിയും നിന്നു.

“ഞങ്ങളെന്നാ പോട്ടെ ,,,,കാമാച്ചി  ” ശതരൂപ കാമാച്ചിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“നല്ലതേ വരൂ,,,,നല്ലതേ വരൂ ,,,” കാമാച്ചി അവളുടെ കവിളിൽ തലോടി ആശംസിച്ചു.

അവളെ യാത്ര അയക്കാൻ അയൽക്കാരും അവിടെ കൂടിയിരുന്നു.

അവൾ എല്ലാവരോടും യാത്ര പറഞ്ഞു.

അന്നേരം ബിന്ദുമാധവൻ കാറിലേക്ക് കയറി.

കാറിന്റെ ഡോർ തുറക്കുന്ന നേരം  ശതരൂപ ഒരു വട്ടം അമ്രപാലിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.

ഒരു നിർവികാരതയോടെ ശതരുപ കാറിലേക്ക് കയറാൻ പോയപ്പോൾ

അമ്രപാലിക്ക് മനസ്സിലായി തന്നെ കൊണ്ട് പോകാതെയാണ് ‘അമ്മ പോകുന്നതെന്ന്.

അതോടെ അവൾക്കാകെ സങ്കടവും പേടിയുമായി.

“രൂപമ്മെ ,,” എന്ന് കരഞ്ഞു വിളിച്ചുകൊണ്ടു ആ പാവം കുഞ്ഞ് ശതരൂപയുടെ കാലിൽ വന്നു മുറുകെ പിടിച്ചു

അതോടെ അവൾക്ക് കാറിൽ കയറാൻ പറ്റാതെയായി.

കാമാച്ചി കുഞ്ഞിനെ മുറുകെ പിടിച്ചു ശതരൂപയുടെ അരികിൽ നിന്നും മാറ്റി അവളെ എടുത്ത് ഒക്കത്തിരുത്തി

ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് അവൾ “രൂപമ്മെ ” എന്ന് വിളിച്ചു കൊണ്ട് ശതരൂപയ്ക്ക്  നേരെ കൈ കാണിച്ചു.

തന്നെ രൂപമ്മ എടുക്കുമെന്ന് ആ കുഞ്ഞ് കരുതി

പക്ഷെ ശതരൂപ അവളെ എടുത്തില്ല

“രൂപമ്മെ,,, പാലിച്ച് പേടിയാ ,,രൂപമ്മ പോല്ലേ ” അവൾ വിതുമ്പിപറഞ്ഞു.

“അമ്മ യാത്ര പോകാ ,,,പിന്നെ വരും ” കാമാച്ചിഅവളെ ആശ്വസിപ്പിച്ചു

“രൂപമ്മെ,,,,,” എന്ന് ഒരുപാട് സങ്കടത്തോടെ ശതരൂപയെ നോക്കി അമ്രപാലി വിളിച്ചു.

“പാലിച്ച് പൈക്കണ്ന്ന് പറയൂല്ല ,,,രൂപമ്മ പോണ്ടാ ”  ഒത്തിരി സങ്കടത്തോടെ ആ കുഞ്ഞ് എങ്ങി പറഞ്ഞു.

“പാലിച്ച് പാപ്പകഞ്ഞി വേണ്ടാ ,,പാലിച്ച് പൈക്കണ്ന്ന് പറയൂല്ല ,” അവൾ കരഞ്ഞു കൊണ്ട് ശതരൂപയെ നോക്കി പറഞ്ഞു.

ഒന്നുമറിയാത്ത ആ കുഞ്ഞ് വിചാരിച്ചത് താൻ വിശക്കുന്നു എന്ന് പറയുന്നത്‌ കൊണ്ടും പാപ്പകഞ്ഞി ചോദിക്കുന്നതും കൊണ്ടാണ് ‘അമ്മ പോകുന്നത് എന്നായിരുന്നു.

ആ കുഞ്ഞത് പറയുന്നത് കേട്ടപ്പോൾ ചുറ്റും കൂടിയിരുന്ന അയൽക്കാർക്കൊക്കെ സങ്കടമായി.

അന്നേരം

ശതരൂപയുടെ ഉള്ളിൽ എന്തോ ഒരു വല്ലാത്ത സങ്കടം നിറഞ്ഞു

കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു തുടങ്ങി

“പാലി  പൈക്കണെന്ന് പറയൂല്ല ,,,’രൂപമ്മ  പോണ്ടാ ,,,,” അവൾ പേടിയോടെ ഉറക്കെ പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.

“‘രൂപമ്മ പോയിട്ട് പിന്നെ വരാം ” എന്ന് അല്പം സങ്കടത്തോടെ പറഞ്ഞു കൊണ്ട് ശതരൂപ സങ്കടത്തോടെ അവളുടെ കവിളിൽ തലോടി  കാറിൽ കയറി.

കാമാച്ചിയുടെ കൈയിൽ നിന്നും കുതറിയിറങ്ങാൻ അമ്രപാലി  നോക്കിയെങ്കിലും അവൾക്കതിനായില്ല

അന്നേരം ബിന്ദുമാധവൻ കാർ മുൻപിലേക്ക് എടുത്തു

വഴി മോശമായത് കൊണ്ട് മെല്ലെയാണ് കാർ പോയത്

Updated: June 19, 2022 — 12:55 am