തിരുഗണിക-4 [Harshan] 4150

അദ്ധ്യായം 32

മംഗളയാത്ര

പിറ്റേന്ന്

അതിരാവിലെ ശതരൂപയുണർന്നു.

തനിക്കരികിൽ തന്റെ ചൂട് പറ്റി കിടന്നുറങ്ങുന്ന അമ്രപാലിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്ത് അരിശമാണ് വന്നത് , എങ്കിലും നാശം ഇന്നത്തോടെ ഒഴിവാകുമല്ലോ എന്നൊരു സന്തോഷവുമുണ്ടായിരുന്നു.

അവൾ കുളിച്ചു പുറത്തേക്ക് ഇറങ്ങുന്ന സമയം കൂടും കുടുക്കയും മാടുകളുമായി കാമാച്ചിയും മദ്യലഹരിയിൽ ആടുന്ന നല്ല തങ്കനും കുരുത്തം കെട്ട കുട്ടികളൂം വീട്ടുസാധനങ്ങളും മാടുകളുമൊക്കെയായി അങ്ങോട്ടേക്ക് വരികയായിരുന്നു.

ശതരൂപ അവരെ വീട്ടിൽ കയറ്റിയിരുത്തി വീടിന്റെ താക്കോലും പ്രമാണവും കൊടുത്തു.

നല്ല തങ്കൻ മദ്യലഹരിയിൽ വീടിന്റെ തിണ്ണയിൽ തന്നെ കിടന്നു

അമ്രപാലിയെ അവരെ ഏൽപ്പിച്ചു രതികാന്തമന്മഥർ കോവിലിൽ പോയി തൊഴുതു വന്നു.

അപ്പോളേക്കും അമ്രപാലി ഉണർന്നിരുന്നു.

“രൂപമ്മെ  ” എന്ന് വിളിച്ചു ഒന്നുമറിയാത്ത ആ പാവം അവളുടെ അരികിലേക്ക് വന്നു.

പോകുന്ന ദിനം ആയിട്ട് കൂടി ശതരൂപയുടെ ചുണ്ടിൽ നിന്നും ഒരു പുഞ്ചിരി പോലും ആ കുഞ്ഞിന് നൽകിയില്ല.

വീട്ടിൽ കൂടിയ പിള്ളേരെയും കാമാച്ചിയെയും കണ്ടു അവൾക്കാകെ ഭയമായി

വന്നപാടെ കാമാച്ചിയുടെ കുരുത്തം കെട്ട നാല് മക്കളും കുഞ്ഞായ അമ്രപാലിയേ പിച്ചാനും ഉപദ്രവിക്കുവാനും തുടങ്ങി.അമ്രപാലി കരഞ്ഞു കൊണ്ട് മുറ്റത്ത് ഓടി നടന്നു.

അപ്പോളേക്കും ശതരൂപ തനിക്ക് കൊണ്ടുപോകാനുള്ള  അത്യാവശ്യസാധനങ്ങൾ എല്ലാം രണ്ടു ട്രങ്ക് പെട്ടികളിലായി എടുത്തു വച്ചു.

“രൂപമ്മെ ,,,പാലിക്ക് പൈക്കണൂ ,,ഇച്ചിരി പാപ്പകഞ്ഞി തരോ” അവളുടെ അരികിൽ പാവയെയും പിടിച്ചു കൊഞ്ചലോടെ വന്നു അമ്രപാലി പറഞ്ഞു.

“മോളെന്തിനാ അമ്മയോട് ചോദിക്കുന്നത് ,,ചിത്തിയമ്മ പാപ്പകഞ്ഞി തരാല്ലോ” അങ്ങോട്ടേക്ക് വന്ന കാമാച്ചി അവളോട് പറഞ്ഞു

എന്നിട്ട് അടുക്കളയിൽ പോയി അവൾക്കുള്ള കഞ്ഞി കൊണ്ട് കൊടുക്കുകയും ചെയ്തു.

“രൂപമ്മെ ,,,പാലിക്ക് പാപ്പകഞ്ഞി എടുത്ത് തരോ ,,,” എന്ന് അമ്രപാലി ശതരൂപയോട് ചോദിച്ചു

“തന്നെ കഴിക്കെടി നാശമേ ” എന്ന് ദേഷ്യത്തോടെ ശതരുപ അവളെ നോക്കി അലറി.

അത് കേട്ട് പേടിച്ച് വിതുമ്പലോടെ കരഞ്ഞു കൊണ്ട് ഒരു മൂലയിൽ ഇരുന്ന് അമ്രപാലി കഞ്ഞിയിൽ കുഞ്ഞു കൈ ഇട്ട് തന്നെ കൊണ്ട് ആകുന്ന പോലെ വറ്റുകൾ എടുത്ത് വായിലേക്കിട്ടു കഴിച്ചുകൊണ്ടിരുന്നു.

ഉച്ച കഴിഞ്ഞപ്പോൾ ബിന്ദുമാധവൻ തന്റെ കാറുമായി അങ്ങോട്ടേക്ക് വന്നു.

കാർ നിർത്തി പുറത്തേക്കിറങ്ങി

ഉള്ളിലേക്ക് കയറാതെ തന്നെ ശതരൂപയെ വിളിച്ചു

അന്നേരം അമ്രപാലി തിണ്ണയിൽ ഒറ്റയ്ക്കിരുന്നു പാവയുമായി കളിക്കുകയായിരുന്നു.

ഒരു ചുവന്ന പട്ടു ചേല ധരിച്ചു കൊണ്ട് ശതരൂപ പുറത്തേക്കിറങ്ങി വന്നു

അവൾ നല്ലപോലെ സുന്ദരിയായിരുന്നു ആ വേഷത്തിൽ.

പുറത്ത് ഒരു മൂലക്ക് പാവയുമായി ഇരിക്കുകയായിരുന്ന അമ്രപാലിക്ക് കാറും അമ്മയുടെ വേഷവും ഒക്കെ കണ്ടപ്പോൾ തന്നെയും കൊണ്ട് എങ്ങോ പോകാനുള്ള പോലെ തോന്നി

അവൾ സന്തോഷത്തോടെ എഴുന്നേറ്റു

അമ്മയോടൊപ്പം തനിക്കും വാഹനത്തിൽ പോകാമെന്നുള്ള സന്തോഷമായിരുന്നു അവളുടെയുള്ളിൽ.

“പോകാം നമുക്ക് ,,,” സുന്ദരിയായ ശതരൂപയെ കണ്ടു സന്തോഷത്തോടെ ബിന്ദുമാധവൻ ചോദിച്ചു.

“ഹ്മ്മ് ,,,” പുഞ്ചിരിയോടെ അവളും മൂളി

“കയറുന്നില്ലേ ,,”അവൾ ചോദിച്ചു

“ഇല്ല ,,കൊണ്ടുപോകാനുള്ളതൊക്കെ എടുത്ത് വാ”

അത് കേട്ട് ശതരൂപ ഉള്ളിലേക്കു കയറി.

Updated: June 19, 2022 — 12:55 am