പത്തു രൂപ എന്നത് പോലും പതിനായിരം രൂപയുടെ മൂല്യത്തോടെ കാണുന്നവളായ കാമാച്ചി പണം കാണേണ്ട താമസം ഉടനെ തന്നെ അതുവാങ്ങി തുപ്പലം നക്കി എണ്ണി മേൽക്കുപ്പായത്തിനുള്ളിൽ മുഴുത്ത മുലകൾക്കുള്ളിൽ തിരുകി വെച്ചു.
“മോളൊന്നു കൊണ്ട് പേടിക്കണ്ട , ഈ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കിക്കോളാ൦” എന്ന് പറഞ്ഞവർ
അമ്രപാലിയേ കൈയോടെ വാരി എടുത്തു മുത്തം നൽകി
“ഇനി മുതൽ ഞാൻ നിന്റെ ചിത്തിയമ്മയാ ,,ഞാനാ നിന്നെ നോക്കുക മോളെ ” എന്ന് പറഞ്ഞു കവിളിൽ നാറുന്ന വായ കൊണ്ട് മുത്തി.
അമ്രപാലി ഇഷ്ടമില്ലാതെ കവിൾ കുഞ്ഞികൈ കൊണ്ട് തുടച്ചുകൊണ്ട് താഴെയിറങ്ങാനായി വാശി പിടിച്ചു.
കാമാച്ചി അവളെ താഴെ നിർത്തി.
“മക്കളെ ഓടി വാ മക്കളെ ,,” അവർ കുട്ടികളെ വിളിച്ചു
അന്നേരം കുടിയിൽ നിന്നും മൂക്കളയും ഒലിപ്പിച്ചു മുടിയും വളർന്നു മുഷിഞ്ഞ വസ്ത്രവും ധരിച്ച അൽപ്ര പിടിച്ച നാല് കുരുത്തം കെട്ട പിള്ളേർ അങ്ങോട്ടേക്ക് ഓടിവന്നു.
“മക്കളെ ഈ മാമിക്ക് വണക്കം കൊട് ,,നോക്കിക്കേ ഇനി മുതൽ ഈ പൊന്നുങ്കട്ട നിങ്ങളുടെ കുഞ്ഞനിയത്തിയാ ,,നല്ലപടി നിങ്ങൾ നോക്കണം കേട്ടോ ” അവർ മക്കളോട് പറഞ്ഞു
മക്കൾ മൂവരും ശതരൂപയെ വണങ്ങിയിട്ട് അമ്രപാലിയെ നോക്കി
“മക്കളു പൊക്കോ ,,,” അവർ മക്കളെ പറഞ്ഞയച്ചു.
“അപ്പൊ ഞങ്ങൾ എപ്പോളാ ഞങ്ങടെ വീട്ടിലേക്ക് വരേണ്ടത് ?” കാമാച്ചി ചോദിച്ചു
“ഞാൻ നാളെ പോകും ,,നാളെ പകൽ എല്ലാം കൊണ്ട് വന്നോളൂ ”
അവരതു കേട്ട് കൈകൾ കൂപ്പി
“മോളെ തമ്പുരാൻ നല്ലപടി കാക്കും കേട്ടോ ,,,നന്നായി വരും ,കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാം ”
അവർ പറഞ്ഞു
“ചിത്തിയമ്മയുടെ മുത്തെ ,,പൊന്നും കുടമേ ,,,” എന്ന് കുഞ്ഞിനെ അവരൊന്നു ലാളിച്ചു
അമ്രപാലി ഭയത്തോടെ ശതരൂപയുടെ പിന്നിലൊളിച്ചു.
അവരോട് യാത്ര പറഞ്ഞു ശതരൂപ തിരികെ വീട്ടിലേക്ക് പോയി.
അന്ന് രാത്രി
ശതരൂപയുടെ മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു.
കട്ടിലിൽ തനിക്കൊപ്പം കിടന്നു മയങ്ങുന്ന അമ്രപാലിയേ വെറുപ്പോടെ അവൾ നോക്കി.
തന്റെ ജീവിതത്തിൽ ശാപമായി പിറന്ന നാശം നാളെകൊണ്ട് തന്നിൽ നിന്നും ഒഴിവാകും എന്നത് അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു.
അടുത്ത ദിവസം ബിന്ദുമാധവനോട് ഒപ്പം പോയാൽ പിന്നെയൊരിക്കലൂം തനിക്ക് കഷ്ടപ്പാടുകൾ ഉണ്ടാകില്ല , സുഖമായി ജീവിക്കാം എന്നതും അവൾക്ക് മനസിന് അതിരുകളല്ലാത്ത ആനന്ദം നൽകി.
അന്നവൾ സുഖമായി കിടന്നുറങ്ങി.