തിരുഗണിക-4 [Harshan] 4071

അദ്ധ്യായം 31

മാട്ടുക്കാരി കാമാച്ചി

പിറ്റേന്ന്

അവൾ തുളുവച്ചിപട്ടണത്തിലെ വീടായ വീടുകൾ മുഴുവൻ  അമ്രപാലിയേയും കൊണ്ട് കയറിയിറങ്ങി. പണവും തന്റെ വീടും പറമ്പും പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് അമ്രപാലിയെ ദത്തെടുക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു.

പക്ഷെ ആരും അമ്രപാലിയെ കൈയേൽക്കാൻ സമ്മതിച്ചില്ല.

ഓരോ വീടുകളിലും കയറിയിറങ്ങി ചോദിച്ചും പറഞ്ഞും അവളാകെ ക്ഷീണിച്ചിരുന്നു. അപ്പോളേക്കും സന്ധ്യയായതിനാൽ അവൾ കുഞ്ഞിനെയും ഒക്കത്തിരുത്തി തിരികെ വീട്ടിലേക്ക് നടക്കും വഴി നാട്ടിലെ പ്രായം ചെന്ന ആസ്ഥാന ക്ഷൗരക്കാരി  നേശമണി തങ്കച്ചിയെ കാണുകയുണ്ടായി.

അവളെ കണ്ടു കൈ പിടിച്ചു നിർത്തിയവർ കുശലം തിരക്കി.

 

ശതരൂപ തനിക്ക് കിട്ടാൻ പോകുന്ന ആൺതുണയും ഒപ്പം അമ്രപാലിയെ ദത്തു കൊടുക്കാനുള്ള തന്റെ ശ്രമവും അവരോടു പറഞ്ഞു.

“ഒരു വഴിയും കാണുന്നില്ല തങ്കച്ചി,,ഈ എരണം കെട്ട പിശാശിനെ ആർക്കും വേണ്ടാ ” ദേഷ്യത്തോടെ ഒക്കത്തിരുന്ന അമ്രപാലിയുടെ കരണം നോക്കി ഒറ്റയടി അവൾ നൽകി.

കുഞ്ഞിന്റെ പിഞ്ചു കവിൾ അവളുടെ കൈ കൊണ്ട് തിണർത്തു.

പാവം കുഞ്ഞ് വെദനയോടെ രൂപമ്മെ ,,,എന്ന് വിളിച്ചു ശതരൂപയുടെ തോളിൽ തലചായ്ച്ചു കിടന്നു കരഞ്ഞു.

അത് കണ്ടു നേശമണി തങ്കച്ചിയ്ക്ക് സങ്കടമായി.

“എന്തിനാ മോളെ കുഞ്ഞിനെ തല്ലിയത് ,അതൊരു പിഴയും ചെയ്തില്ലല്ലോ ”

“പിഴ ചെയ്തത് ഞാനാ ,,ഈ പിഴച്ച ജന്തുവിനെ പെറ്റു ഞാൻ ,,അന്നേ ഇതിനെ വായിൽ മണ്ണിട്ട്  കൊല്ലണമായിരുന്നു,,,നശൂലം ,,”

ശതരൂപ കുഞ്ഞിനെ പ്രാകിക്കൊണ്ടിരിന്നു

“വേണ്ടാ മോളെ,,അങ്ങനെയൊന്നും പറയണ്ട ,,ഞാനൊന്നു അന്വേഷിക്കട്ടെ നീ വിഷമിക്കാതെ ”

അവർ കരയുന്ന കുഞ്ഞിനെ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ശതരൂപയോട് പറഞ്ഞു

“എങ്കിൽ നിങ്ങൾക്ക് പുണ്യം കിട്ടും തങ്കച്ചീ”

അവൾ ആശ്വാസത്തോടെ പറഞ്ഞു

“മോളെ ,,അപ്പൊ മൂന്നാം നാൾ നീ പോകയല്ലേ ,,നാളെ പുലർച്ചെ തങ്കച്ചി നിന്റെ കുടിയിലേക്ക് വരട്ടെ ”

“ഞാനത് മറന്നു തങ്കച്ചീ,,നാളെ മറക്കാതെ വരണം , ഈ ജന്തുവിന്റെ കാര്യം കൂടെ ഒന്ന് നോക്കണേ ”

“ഉറപ്പായും മോളെ ,,ഞാൻ ഇപ്പോൾ തന്നെ ഒന്ന് പോയി അന്വേഷിക്കട്ടെ”

അവർ അവളോട് യാത്ര പറഞ്ഞു അവിടെ നിന്നും തിരിച്ചു.

നേശമണി തങ്കച്ചി ഒരു കാര്യം ഏറ്റാൽ അത് ഏറ്റത് തന്നെയാണ് എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു.

അവൾ തിരികെ കരയുന്ന അമ്രപാലിയേയും കൊണ്ട് വീട്ടിലേക്ക് നടന്നു.

പുലർച്ചെ സൂര്യൻ ഉദിച്ചുയരുന്ന സമയം

മുറിയിൽ അമ്രപാലി പാവയെ കെട്ടിപ്പിടിച്ചു മയങ്ങുകയായിരുന്നു.

വാതിലിലുള്ള മുട്ട് കേട്ട് ശതരൂപ വാതിൽ തുറന്നു.

നേശമണി തങ്കച്ചിയായിരുന്നു,

അവർ മുറുക്കികറപിടിച്ച പല്ലു കാട്ടി ചിരിച്ചു

“എന്തായി മോളെ ?” അവർ തിരക്കി.

“തങ്കച്ചി,,വല്ല വഴിയും തെളിഞ്ഞോ ?” ഉത്കണ്ഠയോടെ ശതരൂപ ചോദിച്ചു.

“പിന്നില്ലേ ,,ഇന്നലെ രാത്രി ആളെകിട്ടി , പണവും ഈ വീടും പറമ്പും കൊടുത്താൽ കുഞ്ഞിനെ അവർ  നോക്കിക്കോളും,,അതുപോരെ ”

“മതി ,,മതി തങ്കച്ചീ,,ഈ മാരണം എന്റെ തലയിൽ നിന്നും ഒന്നൊഴിഞ്ഞു പോയാൽ തന്നെ ഞാൻ രക്ഷപ്പെടും” സന്തോഷത്തോടെ അവൾ പറഞ്ഞു.

“വാ മോളെ ,,ഇത് കഴിഞ്ഞു നിന്നെയും കൂട്ടി ആളെകാണിക്കാൻ പോണം”

“തങ്കച്ചി ,ഉള്ളെ വാ ,,ഞാൻ കാപ്പിയെടുക്കാം”

അവളവരെ ഉള്ളിലേക്ക് ക്ഷണിച്ചു കയറ്റി.

അവർക്കാദ്യം കാപ്പി കൊണ്ട് കൊടുത്തു.

Updated: June 19, 2022 — 12:55 am