തിരുഗണിക-4 [Harshan] 4071

“മതി ,,ഈ വാക്കുകൾ മാത്രം മതി ” അയാൾ എഴുന്നേറ്റു വന്നു അവളുടെ കൈ പിടിച്ചു.

“എന്റെ പെണ്ണാ നീ,,എന്റെ നല്ല പാതി ”

ബിന്ദു മാധവൻ അവളെ കെട്ടിപുണർന്നു.

അത് കണ്ടു അമ്രപാലി “രൂപമ്മെ ,,,” എന്ന് വിളിച്ചു ഉറക്കെ കരയാൻ തുടങ്ങി.

അവൾ കരുതിയത് ബിന്ദുമാധവൻ അമ്മയെ ഉപദ്രവിക്കുകയാണ് എന്നായിരുന്നു

പെട്ടെന്ന്

ശതരൂപ അയാളിൽനിന്നും അടർന്നു മാറി

“പക്ഷെ എനിക്കൊരു മകളുണ്ട് ”

അത് കേട്ടു ബിന്ദുമാധവൻ അവളുടെ മുഖത്തേക്ക് നോക്കി ഒപ്പം കരയുന്ന അമ്രപാലിയുടെ മുഖത്തേക്കും.

“ഏതവനോ ഉണ്ടായ ജന്മമല്ലേ ,,എന്തിനാ നീയതിനെ ചുമക്കുന്നത് ,,നീ പോലും ഇതിനെ സ്‌നേഹിക്കുന്നില്ലല്ലോ , പിന്നെന്തിനാ നമ്മുടെയിടയിലേക്ക് ഈ വയ്യാവേലിയെ കൂടെ കൊണ്ട് വരുന്നത് , അവിടെ നിനക്ക് സ്നേഹിക്കാൻ  എന്റെ മൂന്നു മക്കളുണ്ട് , ഇനി നമുക്ക് ജനിക്കാൻ പോകുന്ന മക്കളുമുണ്ട് , നമുക്കവർ  മാത്രം മതി”

തനിക്ക് മുന്നിൽ ഒരു ജീവിതമാണ് വെച്ചു നീട്ടിയിരിക്കുന്നത് , ഇത് നിരസിച്ചാൽ പിന്നെ ഇനിയുള്ള കാലം ഇങ്ങനെ തന്നെ ജീവിക്കേണ്ടി വരും അവളുടെ മനസ് അവളോട് പറഞ്ഞു.

“ശതരൂപേ,,,ഒരുപാട് നീ ചിന്തിക്കേണ്ട,,”

” പക്ഷെ ,, ഇതിനെ ഞാനെന്തു ചെയ്യും , കൊല്ലാൻ എനിക്കാവില്ലല്ലോ”

“കൊല്ലാൻ ഞാൻ പറഞ്ഞില്ലല്ലോ,,” അയാൾ അല്പം നേരം ആലോചിച്ചുകൊണ്ട് തുടർന്നു.

“ഒരു മാർഗ്ഗമുണ്ട്, ഈ  കൊച്ചിനെ വളർത്താൻ പറ്റിയ ആരെയെങ്കിലും നീ അന്വേഷിക്ക്  , പകരമായി അവർക്ക് കുറെ പണവും പോരാതെ ഈ ഈ വീടും പറമ്പും കൂടെ കൊടുക്കാം, എന്റെ കൂടെ വരുന്ന നിനക്കിനിയെന്തിനാ ഈ സ്വത്തുക്കൾ”

ശതരൂപ ഒന്ന് തിരിഞ്ഞു അമ്രപാലിയേ നോക്കി

അവൾ പാവയെയും പിടിച്ചു ശതരൂപയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

“എന്താ നിന്റെ തീരുമാനം ,,ഞാൻ പറഞ്ഞതല്ലേ ശരി”

ശതരൂപ അത് കേട്ട് ശിരസ് കുലുക്കി.

“ചെയ്യാം ,,അങ്ങനെ തന്നെ ചെയ്യാം”

ബിന്ദു മാധവൻ പുഞ്ചിരിയുടെ ആളുടെ കരം ഗ്രഹിച്ചു.

“ഞാൻ മൂന്നു ദിവസം കഴിഞ്ഞു വരാം നിന്നെ കൊണ്ട് പോകാനായി, ഇപ്പോൾ ഇറങ്ങട്ടെ ”

ബിന്ദു മാധവൻ ഇറങ്ങും നേരം അവളുടെ കൈയിൽ നൂറിന്റെ ഒരുകെട്ട് നോട്ടും കൊടുത്തു.

“ഞാൻ വന്നു നിന്നെ കൊണ്ട്പോകും , മുഹൂർത്തം നോക്കി എന്റെ കുടുംബക്ഷേത്രത്തിൽ വെച്ച് നിന്നെ ഞാൻ താലി ചാർത്തും, അന്ന് രാത്രി നമ്മുടെ ശാന്തിമുഹൂർത്തവും ” ബിന്ദുമാധവൻ ശതരൂപയുടെ നെറ്റിയിൽ ചുംബിച്ചു.

ബിന്ദുമാധവൻ അവളോട് യാത്ര ചോദിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി.

“രൂപമ്മേ,,,,” കൊഞ്ചിക്കൊണ്ടു പാലി വിളിച്ചു.

“എന്താടി ” ദേഷ്യത്തോടെ ശതരുപ അവളെ നോക്കി.

“പാലിച്ച് പൈക്കണൂ,,പാപ്പകഞ്ഞി താ രൂപമ്മേ  ”

തനിക്ക് വിശക്കുന്ന കാര്യം അമ്രപാലി കൊഞ്ചലോടെ പറഞ്ഞു.

“നശൂലം ,,ഒടുക്കാൻ വരാൻ ” എന്ന് പ്രാകി അവൾക്കുള്ള ഭക്ഷണം എടുക്കുവാൻ ശതരൂപ അടുക്കളയിലേക്ക് നടന്നു.

അമ്രപാലി പാവയെ കളിപ്പിച്ചു കൊണ്ട് ഭിത്തിയിൽ ചാരിയിരുന്നു.

 @@@@@@

Updated: June 19, 2022 — 12:55 am