“ഞാൻ കാപ്പിയെടുക്കട്ടെ ?”
“ബുദ്ധിമുട്ട് ആകില്ലെങ്കിൽ മാത്രം ”
അതുകേട്ടു ശതരൂപയൊന്നു പുഞ്ചിരിച്ചു.കൊണ്ട് അടുക്കളയിലേക്ക് കയറി
അവൾക്കൊപ്പം അമ്രപാലിയും.
ബിന്ദുമാധവനുള്ള ആവിപറക്കുന്ന കാപ്പിയുമായി ശതരൂപ വന്നു.
അവൾ നീട്ടിയ കാപ്പി വാങ്ങി.
“ക്ഷമിക്കണം പാലില്ല കടുംകാപ്പിയാണ്”
“സാരമില്ല നീ എന്ത് തരുന്നോ അതാണ് എനിക്കിഷ്ടം ,,അല്ല ഈ തുളുവച്ചിപട്ടണത്തിൽ പാലില്ലാത്ത വീട് ഇപ്പോൾ ഇത് മാത്രമാവുമോ,, ഇവിടെ എല്ലാവരും ഏറെ പുരോഗമിച്ചുവല്ലോ,,”
ശതരൂപ അത് കേട്ട് ചിരിക്കുക മാത്രം ചെയ്തു.
“ശതരൂപേ ,,എന്താ നിന്റെ ജീവിതത്തിൽ നടന്നത് , എങ്ങനെയാ നീയിങ്ങനെയായത്, എനിക്കറിയണമെന്നുണ്ട്” അയാൾ അവളുടെ മുഖത്ത് കരുണയോടെ മുക്കി ചോദിച്ചു.
“ഇനി എന്ത് പറയാനാ,,,ഇങ്ങനെയൊക്കെയായി,,,അത് പോട്ടെ ഇടക്കെപ്പോളോ യവനദേശത്ത് കപ്പലിൽ പോയപ്പോൾ പോകും വഴി ആരോടോ എന്നെ പ്രാപിച്ച കഥ പറഞ്ഞിരുന്നുവല്ലേ..”
“ഉവ്വ് ,,,അല്ല ഇതൊക്കെ ശതരൂപ എങ്ങനെയറിഞ്ഞു ” അത്ഭുതത്തോടെ ബിന്ദുമാധവൻ ചോദിച്ചു.
അവളൊന്നു വെറുതെ അർത്ഥശൂന്യമായി പുഞ്ചിരിച്ചു.
“പറയു ,,,എന്താ നിനക്ക് സംഭവിച്ചത് ?”
ശതരൂപ അല്പം നേരം നിശബ്ദയായി ഇരുന്നു
പിന്നെ അവൾ ബിന്ദുമാധവനോട് നടന്നത് എല്ലാം പറഞ്ഞു.
എല്ലാം കേട്ടപ്പോൾ ബിന്ദു മാധവൻ ആകെ വിഷമത്തിലായി.
“ശതരൂപേ…”
അവൾ അയാളുടെ മുഖത്തേക്ക് നോക്കി.
“ഇന്നും എന്റെ ജീവിതത്തിൽ മറക്കാനാകാത്ത മുഖമാണ് നിന്റേത്,നീ അനുഭവിച്ച ഓരോ വേദനകളും എന്റെ ഉള്ളും ഒരുപാട് നോവിക്കുന്നുണ്ട്”
“അതൊക്കെ പോട്ടെ ,,എന്താ നിങ്ങളുടെ വിശേഷങ്ങൾ?” ശതരൂപ അയാളോട് തിരക്കി.
“എന്റെ അങ്ങനെ പറയാനൊന്നുമില്ല ശതരൂപേ ,,നിന്നെ അനുഭവിച്ചു കഴിഞ്ഞു ഞാനൊരു വലിയ കച്ചവട യാത്രക്ക് പോയി , പിന്നെ നാട്ടിൽ തിരികെ വന്നു , ഇടക്ക് കച്ചവടത്തിൽ നഷ്ടമുണ്ടായി , അന്ന് ഒരു വലിയ കച്ചവടക്കാരന്റെ മകളെ വിവാഹം ചെയ്തു കടങ്ങളൊക്കെ തീർത്തു, പിന്നെ അദ്ദേഹത്തിന്റെ കച്ചവടമെല്ലാം ഞാനായിരുന്നു നോക്കി നടത്തിയിരുന്നത് , ഇതിനിടയിൽ ഭാര്യ പ്രസവിച്ചു കൊണ്ടിരുന്നു , ഒരു വർഷം മുൻപ് നാലാമത്തെ പ്രസവത്തിൽ ഭാര്യയും കുഞ്ഞും മരിച്ചു , ഇപ്പോൾ ഞാനും മൂന്ന് മക്കളുമാണ് എന്റെ മാളികയിലുള്ളത്”
“അയ്യോ ,,ഇങ്ങനെയൊക്കെയുണ്ടായോ ” അലിവോടെ ശതരുപ ചോദിച്ചു
“എന്തായാലും നിന്റെ ദുഃഖങ്ങൾക്കൊപ്പം വരില്ല എന്റെ ഒന്നും ,,ശതരൂപേ ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ ”
“പറയു ,,,”
“സത്യത്തിൽ ഭാര്യ മരിച്ചിട്ട് ഞാൻ വേറെയൊരു വിവാഹം ചെയ്തിട്ടില്ല, വികാരം വരുമ്പോൾ തീർക്കാൻ ഏതെങ്കിലുമൊരു വേശ്യയെ സമീപിക്കുകയാണ് പതിവ്,,ഇപ്പോ അതും താല്പര്യമില്ല ”
ശതരുപ ശ്രദ്ധയോടെ അയാൾ പറയുന്നത് കേട്ട് നിന്നു.
“ഞാൻ നിന്നെ വിവാഹം ചെയ്യട്ടെ ശതരൂപേ,,എനിക്ക് അന്നും ഇന്നും നിന്നെയൊരുപാട് ഇഷ്ടമാ, അതുകൊണ്ടാണ് ചോദിക്കുന്നത് , നിനക്കൊരു കുറവും ഞാൻ വരുത്തില്ല , എന്റെ മാളികയിൽ റാണിയായി നിനക്ക് ജീവിക്കാം , എല്ലാ സുഖങ്ങളും അനുഭവിച്ചു കൊണ്ട് തന്നെ എന്റെ ഭാര്യയായി, എന്റെ മക്കളുടെ അമ്മയായി,,പറയു ,,,”
അയാൾ പറഞ്ഞത് കേട്ട് ശതരൂപ ആശ്ചര്യപ്പെട്ടു.
“ശതരൂപേ,,സത്യമാണ് ഞാൻ പറഞ്ഞത് , ഈ നാട് വിട്ടു പോകാം, എന്റെ കൂടെ സൗഭാഗ്യങ്ങളോടെ ജീവിക്കാം നിനക്ക്,,എന്തിനാ കൂടുതൽ ആലോചിക്കുന്നത് , വെപ്പാട്ടിയായി വെച്ച്കൊണ്ടിരിക്കാനല്ല, താലി കെട്ടി കൂടെ പൊറുപ്പിക്കാനാ, എന്റെ മക്കളെ പെറ്റുണ്ടാക്കാനാ ഞാൻ വിളിക്കുന്നത് , ഇല്ലെന്നു മാത്രം പറയരുത് “അവളല്പം നേരം നിശബ്ദയായി നിന്നു
“സമ്മതമാണ് ,,എനിക്ക് സമ്മതമാണ് ” അവൾ ഒരു ഉറച്ചതീരുമാനത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ ബിന്ദുമാധവന് ആഹ്ലാദത്തിലായി.