തിരുഗണിക-4 [Harshan] 4150

അമുദന്റെ മരണമറിഞ്ഞു വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം അവിടെ ഒത്തുകൂടി.

ശതരൂപ എല്ലാവരുടെ ഇടയിലും നിന്ന് മാറി തൊടിയിൽ പോയിരുന്നു കുറെ കരഞ്ഞു.

അത്രയേറെ ഇഷ്ടമായിരുന്നു അവൾക്ക് അമുദനെ.

അന്ന് വൈകീട്ടോടെ അമുദന്റെ ദേഹം ശ്‌മശാനത്തിൽ കൊണ്ട് പോയി സംസ്കരിച്ചു.

അഞ്ചു ദിവസം ആയപ്പോൾ തന്നെ ശതരൂപയ്ക്ക് ഇനി താനവിടെ ഒരധികപറ്റാണെന്നു മനസ്സിലായി.

അന്ന് ജയനാഥൻ വന്നപ്പോൾ ശതരൂപ തന്നെ തുളുവച്ചിപട്ടണത്തിൽ കൊണ്ടാക്കുമോ എന്ന് ചോദിച്ചു.

അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ജയനാഥൻ അവളോട് വേഗം തന്നെ തയ്യാറായിക്കൊള്ളാൻ പറഞ്ഞു.

ശതരൂപ വേഷം മാറി അമുദൻ കിടന്ന മുറിയിൽ പോയി അല്പം നേരം ഇരുന്നു കരഞ്ഞു.

അവിടെ അലിഞ്ഞു ചേർന്ന അമുദന്റെ ഓർമ്മകളോട് യാത്ര ചൊല്ലി അവൾ അമ്രപാലിയേയും കൂട്ടി

കല്യാണിയോടും പെരിയമ്മയോടും യാത്ര പറഞ്ഞു ജയനാഥനൊപ്പം അവിടെ നിന്നും തിരിച്ചു.

ഇത്ര കാലവും ഒരല്ലലുമില്ലാതെ അവളവിടെ കഴിഞ്ഞിരുന്നു.

അമുദൻ  പോയത് അവൾക്കുള്ള കടം ബാക്കിവെച്ചാണ്

പക്ഷെ ശതരൂപയുടെ മനസിൽ അമുദനെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ട്

അവൾക്കത് മാത്രം മതിയായിരുന്നു.

രാത്രിയോടെ അവർ തുളുവച്ചിപട്ടണത്തിലെത്തി.

ജയനാഥൻ പോകും മുൻപ് ശതരൂപയ്ക്ക് കുറച്ചു പണം നൽകി.

പക്ഷെ അവളതു വാങ്ങിക്കുവാൻ തയ്യാറായില്ല.

സ്നേഹപൂർവ്വം അത് നിരസിച്ചു കൊണ്ട് ജയനാഥനെ പറഞ്ഞയച്ചു.

ശാപം പിടിച്ചൊരു ജന്മം തന്റെ വയറിൽ പിറവികൊണ്ടതിനു ശതരൂപ സ്വയം പഴിച്ചുകൊണ്ടേയിരുന്നു.

ദുശ്ശകുനമായി അമ്രപാലി തന്നോടൊപ്പമുള്ളത് എന്നും ഒരു ദുരന്തമായി തന്നെ അവൾ കരുതി.അമുദന്റെ മരണത്തോടെ ശതരൂപയ്ക്ക് അമ്രപാലിയോടുള്ള വെറുപ്പ് കൂടുതൽ വർദ്ധിച്ചു.

നാട്ടുകാർ കഴിഞ്ഞതൊക്കെ മറന്നു തുടങ്ങിയിരുന്നു.

ശതരൂപയ്ക്ക് ദേഹത്തിനു ഒതുക്കം വന്നതിനാൽ വേശ്യവൃത്തി ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ലെങ്കിലും അവൾ ഇനി പിച്ചയെടുത്താലും   വേശ്യാവൃത്തി ചെയ്യില്ലെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.

ശതരൂപ അവിടെ പശുക്കളുള്ള വീടുകളിൽ നിന്നും ചാണകം കൊണ്ട് വന്നു വരളികൾ ആക്കി തുച്ഛമായ വിലയ്ക്ക് വിൽപ്പന നടത്തി ജീവിതം മുന്നോട്ടു കൊണ്ട് പോകുവാനാരംഭിച്ചു.

Updated: June 19, 2022 — 12:55 am