തിരുഗണിക-4 [Harshan] 4071

അതിനു ശേഷം അമുദനെ  തുടപ്പിച്ചു വസ്ത്രം ധരിപ്പിച്ചു ശതരൂപയും വസ്ത്രം ധരിച്ചു അമുദനു ഒപ്പം കിടന്നു.

“രൂപേ ,,ഇന്നെനിക്ക് ഒറ്റയ്ക്ക് കിടക്കണം ,,എന്റെ  ഉള്ളിലെ സന്തോഷം അതെനിക്ക് ഒറ്റയ്ക്ക് തന്നെ  അനുഭവിക്കണം ”

ശതരൂപ അത് സമ്മതിച്ചു കൊണ്ട് അമുദന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

“രൂപേ…”

വിളികേട്ടവൾ തിരിഞ്ഞു

“എന്താ അമുദാ?”

“എന്നെ എന്താ നീ വിവാഹം ചെയ്യാൻ സമ്മതിച്ചത് എനിക്കിത്രയും കുറവുകൾ ഉണ്ടായിട്ടും?”

“അമുദാ,, സ്നേഹം പലവിധമാ,,അത് എപ്പോഴും പ്രേമമോ കാമമോ തന്നെ ആകണമെന്നില്ല, നിന്റെ കുറവുകൾ അതിനു മേലെ തന്നെയാണ് എനിക്ക് നിന്നോടുള്ള വാത്സല്യം,,,”

ആ വാക്കുകൾ കേട്ട് അമുദൻ പുഞ്ചിരിച്ചു.

“രൂപേ ,,”

“എന്റെ ജീവിതത്തിനു പുഞ്ചിരി തന്നവളാ നീ ,,നിന്റെ എന്നോടുള്ള അനുതാപമാണ് എനിക്കി മണ്ണിൽ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം”

ശതരൂപ കണ്ണടച്ചു പുഞ്ചിരിച്ചു തന്റെ മുറിയിൽ പോയികിടന്നു.

പിറ്റേന്ന്  പുലർച്ചെ തന്നെ

ശതരൂപ രാവിലെ എഴുന്നേറ്റു കുളിച്ചു ചായയുമായി അമുദന്റെ മുറിയിലേക്ക് നടന്നു വരുമ്പോൾ

കല്യാണി കൈയിൽ പ്രസാദവുമായി അവളുടെ അരികിലേക്ക് ചെന്നു.

“ഇന്നെന്താ കോവിലിൽ പോയോ കല്യാണി ” അവൾ മഞ്ഞൾപ്രസാദം നെറ്റിയിൽ ചാർത്തികൊണ്ടു ചോദിച്ചു.

“ആമാ അക്കാ , ഉങ്കിട്ടെ സൊല്ലരുതുക്ക് നാൻ മറന്തേ പോയിടിച്ച്,,ഇൻറ് നാഗപഞ്ചമി നാൾ , കോവിലിലെ നെറയെ പൂജയിര്‌ക്കെ ”

കല്ല്യാണി ഇന്ന് നാഗപഞ്ചമി നാൾ ആണെന്ന് പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ ശതരൂപ അമുദൻ കിടക്കുന്ന മുറിയിലേക്ക് നോക്കി.

കൈയിലിരുന്ന ചായപാത്രം നിലത്തേക്ക് വീഴിച്ചു കൊണ്ട് “അമുദാ,,,,” എന്നലറി അവൾ പോയി വാതിൽ തുറന്നു.

 

അമുദൻ മയങ്ങുകയായിരുന്നു

ഒരു കുഞ്ഞിന്റെ നിഷ്കളങ്കഭാവത്തോടെ

പ്രസന്നമായ മുഖത്തോടെ

ചുണ്ടിൽ നിറഞ്ഞുനിൽക്കും മന്ദഹാസത്തോടെ

ശതരൂപ അവനരികിലേക്ക് ഓടിചെന്നിരുന്നു.

“അമുദാ ,,,,എഴുന്നേൽക്ക് അമുദാ ,,,രൂപയാ വിളിക്കുന്നെ അമുദാ ,,,”

അവളുടെ വിളികേൾക്കാൻ അമുദനാകുമായിരുന്നില്ല

എപ്പോഴോ അമുദൻ പ്രാണൻ വെടിഞ്ഞിരുന്നു,,,,

നാഗപഞ്ചമി നാൾ , അമ്രപാലിയുടെ മൂന്നാം പിറന്നാൾ ദിനം നാലാമത് ഒരു മരണം കൂടെ സംഭവിച്ചിരുന്നു.

“അമുദാ ,,,” എന്നലറി മാറത്തലച്ചു കൊണ്ട് ശതരൂപ അമുദന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞുകൊണ്ടേയിരുന്നു.

@@@@@

Updated: June 19, 2022 — 12:55 am