തിരുഗണിക-4 [Harshan] 4071

പിറ്റേന്ന്

മുഖത്ത് ഇലഞ്ഞിപ്പൂവിന്റെ സൗലഭ്യവും കുളിർമ്മയുമനുഭവിച്ചാണ് അമുദൻ ഉറക്കമുണർന്നത്. ഈറനോടെയുള്ള മുടി അമുദന് മുഖത്ത് മെല്ലെ തലോടി ശതരൂപയുണർത്തിയതാണവനെ.

അവന്റെ കവിളിൽ മെല്ലെ കരങ്ങളാൽ തഴുകി ശതരൂപ അവനരികിലിരുന്നു.

ആനന്ദം നിറവേകിയ പുഞ്ചിരി അധരങ്ങളിൽ വിരിയിച്ചുകൊണ്ടവൻ ശതരൂപയെ ഹൃദയപൂർവ്വം ശ്രദ്ധിച്ചു.

“എന്തെ നാണം വരുന്നോ  എന്റെ അമുദന് ” ശതരൂപയുടെ ആ ചോദ്യം കേട്ടപ്പോൾ അമുദൻ മുഖം താഴ്ത്തി.

“എന്നോട് ഇഷ്ടമാണോ അതോ കാരുണ്യമാണോ രൂപയ്ക്ക് ”

“എല്ലാമാണ്,,” അവൾ മറുപടി പറഞ്ഞു

അമുദൻ അവളുടെ മുഖത്തേക്ക് കണ്ണെടുക്കാതെ ഇമ ചിമ്മാതെ നോക്കികിടന്നു.

അമുദൻ ഒന്നു പുഞ്ചിരിച്ചു

പിന്നെ മുഖം തിരിച്ചു ജാലകത്തിലൂടെ നോട്ടം പായിച്ചു.

 

അന്നേരം

കല്യാണി , അമ്രപാലിയുമായി അങ്ങോട്ടേക്ക് വന്നു.

അവളുടെ കൈയിൽ ഒരു കുഞ്ഞു പാവയുമുണ്ടായിരുന്നു.

അമുദൻ പറഞ്ഞത് കൊണ്ട് കല്യാണി കുഞ്ഞിനെ അവനരികിൽ ഇരുത്തി.

അമ്രപാലി, കാലൊക്കെ നീട്ടി വച്ച് പാവയെ അമുദനരികിൽ വെച്ച് അമുദന്റെ കവിളിലും കഴുത്തിലും മെല്ലെ തലോടി പുഞ്ചിരിച്ചു.

ആ പുഞ്ചിരി അമുദനെ ഒരുപാട് സന്തോഷിപ്പിച്ചു.

അവൻ കുറെ നേരം അമ്രപാലിയെ കൊഞ്ചിപ്പിച്ചു.

അന്ന് രാത്രി

മഴയുള്ളതിനാൽ അന്തരീക്ഷം തണുപ്പുള്ളതായിരുന്നു.

ശതരൂപ അമുദന് കൂട്ട് കിടക്കുവാനായി മുറിയിലേക്ക് വന്നു

താഴെ വിരിപ്പും തലയിണയും വിരിച്ചു.

എന്നിട്ട് അമുദനരികിൽ വന്നിരുന്നു

“രൂപേ ”

“എന്തെ?”

“നല്ല തണുപ്പുണ്ട് ”

“ഞാൻ പുതപ്പിക്കാമല്ലോ”

“എനിക്ക് ഈ തണുപ്പ് ഒരുപാട് ഇഷ്ടമാ ”

“അധികം തണുപ്പ് കൊള്ളേണ്ട , സുഖമില്ലാതെ വരും”

“എന്റെയടുത്ത് അല്പം നേരം കിടക്കാമോ ?”

“എന്തിനാ ?”

“ഒന്നിനുമല്ല ,,എനിക്കീ തണുപ്പിൽ അൽപ്പ നേരം രൂപയുടെ ചൂട് പറ്റികിടക്കാനാ”

ശതരൂപ അമുദന്റെ മൂക്കിൽ മുറുകെ പിടിച്ചു മുഖം ഇടം വലം ചലിപ്പിച്ചു.

“കിടക്കാട്ടോ ” ശതരൂപ അമുദനരികിലായി കിടന്നു.

“പുതക്കണോ ? അവൾ ചോദിച്ചു

“വേണ്ടാ ,,,എന്റെ ദേഹത്തേക്ക് കുറച്ചോടെ ചേർന്ന് കിടക്കോ ”

അവൾ അമുദനരികിലേക്ക് ചേർന്ന് കിടന്നു.

“അമുദാ ”

“പറയു രൂപേ ”

“എന്തേലും ഇഷ്ടങ്ങളുണ്ടോ ?”

“എന്തൊക്കെയോ ഇഷ്ടങ്ങളുണ്ട് , പക്ഷെ ഒന്നും പറയാൻ ഓർമ്മ വരണില്ല”

ശതരൂപ പുഞ്ചിരിയോടെ എഴുന്നേറ്റു

“എന്റെ അമുദന്റെ മനസ്സ് എനിക്ക് വായിക്കാം ”

“ആണോ ,,സത്യമാണോ ”

“അതെ ,,,”

Updated: June 19, 2022 — 12:55 am