തിരുഗണിക-4 [Harshan] 4071

ശതരൂപയുടെ സാന്നിധ്യം കൊണ്ട് അമുദന് ഒരുപാട് മാനസികമായ മാറ്റങ്ങൾ കൈ വന്നു. ഇടക്ക് ശതരൂപ പെരിയമ്മയെ കൈ  പിടിച്ചു പടവുകൾ കയറ്റി അമുദന് അരികിൽ കൊണ്ട് വന്നിരുത്തുമായിരുന്നു. അമ്രപാലിയും കുഞ്ഞടികൾ വെച്ച് നടന്നു അമുദന് അരികിൽ വന്നു കസേരയിൽ കയറി ഇരുന്നു അമുദനോട് കുഞ്ഞു വർത്തമാനങ്ങൾ പറയുകയും അവിടെയിരുന്നു കളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അതെല്ലാം അമുദന് ഏറെ ആഹ്ലാദം പകർന്നു.

ഇടയ്ക്ക് വെച്ച് അമുദന്റെ സഹായി, മകളുടെ കല്യാണം കാരണം അവധിയെടുത്ത് പോവുകയുണ്ടായി. വേറെ ആൾ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരം ചെയ്യുന്ന ആളുടെ പോലെ മേന്മയുള്ള സഹായമല്ലായിരുന്നു. അത് മനസ്സിലാക്കിയ ശതരൂപ അമുദന് വേണ്ടതൊക്കെ താൻ ചെയ്തോളാമെന്നു അമുദനോട് തന്നെ പറഞ്ഞു.

പക്ഷെ അമുദനത് സമ്മതിച്ചില്ല.

“അതൊന്നും വേണ്ടാ രൂപേ,,രൂപ  എനിക്കൊപ്പം ഇരിക്കുന്നുണ്ട് ഭക്ഷണം തരുന്നുണ്ട് അത് മതി,

മറ്റുള്ളതൊന്നും ചെയ്യണ്ട , അയാൾ ചെയ്യുന്നതിൽ എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ കുറച്ചു നാളത്തെ കാര്യമല്ലേ, ഞാൻ ക്ഷമിച്ചു കൊള്ളാം”

ശതരൂപ എത്രയൊക്കെ നിര്ബന്ധിച്ചിട്ടും അമുതനത് ചെവി കൊണ്ടതെയില്ല.

അതോടെ ഇരുവരും അന്നാദ്യമായി അല്പം പിണങ്ങി.

ശതരൂപ തന്റെ പെട്ടിയുമായി അമുദന് അരികിൽ വന്നു.

“ഞാൻ പോകാ അമുദാ, ഇനി ഞാൻ ഇവിടെ നിൽക്കില്ല ”

അത് കേട്ട് അമുദനാകെ ഭയന്നു.

 

“അയ്യോ പോകാണെന്നോ,,പോകാനിപ്പോ എന്താ ഉണ്ടായേ , ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ”

അമുദൻ കരയുന്ന പരുവമായിരുന്നു.

“എനിക്കിവിടെ നിൽക്കാൻ താൽപ്പര്യമില്ല”

അമുദൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു ജാലകത്തിലേക്ക് നോക്കി .

“എന്തിനാ പോണേ രൂപേ,,”

“ഞാൻ പറയുന്നത് കേൾക്കുന്നില്ല അനുസരിക്കുന്നുമില്ല”

“ഞാൻ അനുസരിക്കാം,,എല്ലാം കേട്ടോളാ,,പോകാതെയിരുന്നൂടെ,”

ശതരൂപ മുഖം തിരിച്ചു കിടക്കുന്ന അമുദനരികിൽ വന്നു.

കൈ കൊണ്ട് മുഖം തിരിച്ചു

അമുദൻ കരയാൻ തുടങ്ങുകയായിരുന്നു.

“ഞാൻ പോകുമെന്ന് കരുതിയോ ?’ ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ഹ്മ്മ് ,,,,പോകല്ലേ ഞാൻ എല്ലാം അനുസരിക്കാം,,”

“പോകുന്നില്ല ,,അങ്ങനെ പോകുകയുമില്ല ,,ഒന്ന് അനുസരിപ്പിക്കാൻ അഭിനയിച്ചതല്ലേ”

“ആണോ ,,,സത്യമാണോ ?” ആശ്വാസത്തോടെ അമുദൻ ചോദിച്ചു,

“അതെ,,,അപ്പോ ഇനി മുതല് വേറെയാരുമല്ല ഞാനാ അമുദനെ നോക്കണേ, എന്തേലും സഹായം ആവശ്യമായി വന്നാൽ അയാളെ വിളിക്കാം”

“ഒന്നും വേണ്ടായിരുന്നു ,,ഞാൻ കാരണം ഈ ബുദ്ധിമുട്ടുകളൊക്കെ”

ശതരൂപ അമുദന്റെ കവിളിൽ മെല്ലെ തലോടി

“ഞാൻ നിന്റെയാരാ ?”

“കൂട്ടുകാരിയല്ലേ,,,”

“എന്തെ സംശയമുണ്ടോ ?”

“ഇല്ല ,,ഒട്ടുമില്ല ,,”

“അപ്പോ അമുദന്റെ എല്ലാം നോക്കേണ്ടത് ആരാ , കൂട്ടുകാരിയെ അതോ കൂലിക്കാരനോ”

“അങ്ങനെ ചോദിച്ചാൽ ,,എന്തിനാ രൂപേ എന്നോടിങ്ങനെ സ്നേഹം കാണിക്കുന്നത്”

“എന്തെ,,അപ്പോ  എന്റെ സ്നേഹം വേണ്ടേ ?”

“വേണം ,,,അത് മാത്രേയുള്ളൂ എന്റെ ജീവിതത്തിലെ സുഖം”

“മിടുക്കൻ അപ്പൊ പേടിയുണ്ട് ,,”

“ഹ്മ്മ് ,,,ശരിക്കുമുണ്ട് ,,പോകൊന്നു പേടിയാ ,,പോയാൽ എന്തേലും  ദുഃഖം വന്നാൽ വിഷം കഴിച്ചു മരിക്കുമോന്നും പേടിയാ ” അമുദൻ ഭീതിയോടെ പറഞ്ഞു.

അവളൊന്നു പുഞ്ചിരിച്ചു

എന്നിട്ട് അമുദന്റെ നെറ്റിയിലും കവിളിലും മുത്തം നൽകി.

Updated: June 19, 2022 — 12:55 am