തിരുഗണിക-4 [Harshan] 4071

“കല്യാണി പറഞ്ഞു എന്നൊന്നും കഴിച്ചിട്ടില്ല എന്ന് ”

“ഇനിയിങ്ങനെ പട്ടിണി കിടക്കരുത് ”

അയാൾ അമുദന് അത് കൊടുക്കാനായി എടുത്തപ്പോൾ ശതരൂപ കൊടുക്കാം എന്ന് പറഞ്ഞയാളെ പറഞ്ഞയച്ചു.

“അയ്യോ ,,,എന്തിനാ കതിരേശനെ പറഞ്ഞു വിട്ടത്”

ശതരൂപ ചോറിൽ കറിയൊഴിച്ചു കുഴച്ചു കൈയിൽ എടുത്ത് അമുദന് നേരെ നീട്ടി.

“അയ്യോ വേണ്ടായിരുന്നു , ഇതിനൊക്കെ ആളുണ്ടല്ലോ ഇവിടെ ”

“ഇനി ഞാനാ അമുദന്റെ എല്ലാം നോക്കുന്നത്,, കഴിക്ക്,,,”

“വേണ്ടാ ശതരൂപേ,,ഇങ്ങനെയൊന്നും ബുദ്ധിമുട്ടണ്ട”

“എന്തെ ഞാൻ തന്നാൽ കഴിക്കില്ലേ “ശതരൂപ പരിഭവത്തോടെ ചോദിച്ചു.

അത് കേട്ടപ്പോൾ ഒന്നും പറയാതെ അമുദൻ വാ തുറന്നു ഭക്ഷണം വായിലാക്കി.

അപ്പോളും അവന്റെ  മിഴികൾ ഈറനായി.

“എന്തിനാ കണ്ണ് നിറയ്ക്കണേ ?” അവൾ ചോദിച്ചു

“ഇത്രയും രുചിയുള്ള ഭക്ഷണം ഞാനിതു വരെ കഴിച്ചിട്ടില്ല, അതാ കണ്ണ് നിറഞ്ഞത് ”

“എന്നും കഴിക്കുന്നത് തന്നെയല്ലേ ഇത് ” അവൾ ചിരിയോടെ ചോദിച്ചു .

“പക്ഷെ ഇഷ്ടമുള്ളയാൾ ജീവിതത്തിലാദ്യമായല്ലേ ഇങ്ങനെ കഴിപ്പിക്കുന്നത് ,,ആ രുചിയാ ”

അവൾ പുഞ്ചിരിയോടെ ഭക്ഷണം കുഴച്ചു കൊണ്ട് അമുദനെ നോക്കി വിളിച്ചു.

“അമുദാ ,,,,”

“ഹ്മ്മ്മ് ,,,”

‘എന്നാൽ പറ ,ഞാനാരാ ”

“എന്റെ ,,,”

അമുദൻ പുഞ്ചിരിയോടെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി

അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു

“എന്റെ കൂട്ടുകാരി ”

അവളതു കേട്ട് ചിരിച്ചു അമുദന് ഭക്ഷണം വാരികൊടുത്തു വാ കഴുകിപ്പിച്ചു.

അമുദനരികിൽ ഇരുന്ന് ഒരു കുഞ്ഞിനെ ഉറക്കും പോലെ അവനെയുറക്കിയിട്ട് അവൾ തന്റെ മുറിയിലേക്ക് നടന്നു.

അന്ന് രാത്രി പതിവ് പോലെ അമുദന്റെ സഹായി രാത്രി വന്നു മുറിയിൽ കൂട്ട് കിടന്നു.ശതരൂപ തന്റെ മുറിയിലും. പിറ്റേന്ന് പുലർച്ചെ അവൾ എഴുന്നേറ്റു കുളിച്ചു അമുദന്റെ മുറിയിലേക്ക് ചെന്നപ്പോൾ സഹായി അമുദന്റെ മലമൂത്രങ്ങളെല്ലാം എടുത്തു വൃത്തിയാക്കി അമുദനെ തുണി കൊണ്ട് തുടപ്പിച്ചു കഴിഞ്ഞിരുന്നു.

ശതരൂപ വന്നവനരികിലായി ഇരുന്നു.

അവളെ കണ്ടപ്പോൾ അമുദൻ മനോഹരമായ ചിരി സമ്മാനിച്ചു.

അപ്പോളേക്കും വേലക്കാരി  അമുദനുള്ള ഭക്ഷണം കൊണ്ട് വന്നു.

നെയ്യിൽ മൊരിയിച്ച ദോശ.

ശതരൂപയത് വാങ്ങി കഷണമാക്കി അമുദന് വായിൽ വെച്ച് കൊടുത്തു കഴിപ്പിച്ചു.

“ഇന്നും നല്ല സ്വാദുണ്ട് ”

അവളതു കേട്ട് പുഞ്ചിരിച്ചു.

“അതും ഞാൻ തരുന്നത് കൊണ്ടാണോ?

“അതെ,, രൂപയെന്നോട് കാണിക്കുന്ന ഈ സഹതാപം  അതെനിക്ക് അനുഗ്രഹമല്ലേ”

അവളതു കേട്ട് പുഞ്ചിരിച്ചു.

“രൂപയ്ക്ക് വസ്ത്രങ്ങളൊക്കെയുണ്ടോ ആവശ്യത്തിന് , ഇല്ലെന്നാ ഞാൻ കരുതുന്നത് , എന്തായാലും ഇവിടെ ആള് വരും , അത് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്, ഇഷ്ടമുള്ള വസ്ത്രങ്ങൾ പറഞ്ഞാൽ മതി ആള് കൊണ്ട് തരും ”

“ഹ്മ്മ് ,,,ഒരുപാടൊന്നും വേണ്ടാ,,കുറച്ചു മതി ”

“മോൾക്കും എടുക്കണം ഇവിടെ നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുത് ”

അവൾ തലയാട്ടി.

“എന്താ രൂപ , ആ പണം എടുക്കാഞ്ഞേ , അത് കൈയില് സൂക്ഷിച്ചു വെച്ചോളൂ ”

“ഇവിടെ നിൽക്കുമ്പോ എനിക്കങ്ങനെ പണത്തിന്റെ ആവശ്യമുണ്ടോ അമുദാ ”

“എന്നാലും സാരമില്ല രൂപേ,,അത് ഞാൻ സ്നേഹത്തോടെ തന്നതല്ലേ”

“ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിച്ചാൽ പോരെ”

Updated: June 19, 2022 — 12:55 am