തിരുഗണിക-4 [Harshan] 4150

“അമുദാ ,,, കുറെ പോയി കഴിഞ്ഞപ്പോ മഴക്കാറു മൂടി മഴ പെയ്തു തുടങ്ങി, അന്നേരം ശതരൂപ എന്നോട് അമുദനെ കാണണമെന്നു പറഞ്ഞു, അതാ ഞാൻ വണ്ടി തിരിച്ചത് , പിന്നെ എന്നോടൊന്നും പറഞ്ഞുമില്ല,,എന്തായാലും നീ സംസാരിക്ക്, ഞാൻ താഴെയിരിക്കാം” ജയനാഥൻ പുറത്തേക്കിറങ്ങി.

കുഞ്ഞിനേയും കൊണ്ട് കല്യാണിയും പുറത്തേക്കിറങ്ങി.

ശതരൂപ ഉടനെ അമുദന് അരികിലായി കട്ടിലിൽ ഇരുന്നു.

അമുദന്റെ നിറഞൊഴുകുന്ന കണ്ണുകൾ കണ്ടു അവളുടെയും കണ്ണുകൾ നിറഞ്ഞു.

അവളുടെ മൃദുലമായ കൈകളാൽ  അവന്റെ കണ്ണുനീ൪ ഒഴുകുന്ന കവിൾ ഒപ്പി.

“എന്തെ പോകാഞ്ഞെ ?”

“പോകാൻ തോന്നിയില്ല” ഒരു തെങ്ങലോടെ ശതരൂപ പറഞ്ഞു.

അമുദന്റെ ചുണ്ടിൽ സങ്കടത്തോടെയുള്ള ഒരു പുഞ്ചിരി നിറഞ്ഞു.

“എന്തിനാ അമുദൻ കരഞ്ഞേ ?” അവൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.

“ഇനി കാണാനാകില്ലെന്ന് കരുതി” അമുദൻ പറഞ്ഞു

“എന്തിനാ അങ്ങനെ കരുതിയെ ?”

“അറിയില്ല ,,,”

ഇരുവരും പരസ്പരം ഇമചിമ്മാതെ കണ്ണുകളിൽ നോക്കിയിരുന്നു.

ശതരൂപ കൈയിലെ പണമടങ്ങുന്ന ബാഗെടുത്ത് അമുദന്റെ കൈകൾക്ക് അപ്പുറം വെച്ചു.

അത് കണ്ടു എന്തെന്ന് മനസ്സിലാകാതെ അമുദൻ അവളെ നോക്കി ചോദിച്ചു

“പണം വേണ്ടേ ,,,”

“ഹമ് ഹമ് ,,,,” വേണ്ടെന്നവൾ മൂളി.

“അതെന്താ ?”

“”പോകും വഴി, എന്റെ മനസ്സ് പറഞ്ഞു പോണ്ടാന്ന്,,”

അമുദൻ ആശ്ചര്യത്തോടെ ശതരൂപയുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല.

“ഈ മുക്കാലും ചത്തവനെ ,,,” അമുദൻ പറയാൻ തുടങ്ങിയപ്പോൾ ശതരൂപ അവന്റെ വാ പൊത്തി.

അമുദൻ മൗനമായി മുഖം തിരിച്ചു ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.

“ഒന്ന് ചോദിച്ചോട്ടെ ” അവൻ ചോദിച്ചു

“ഹ്മ്മ് ,,,”

“എന്നാ പോകാതെയിരുന്നൂടെ,,എന്നെ പരിചരിക്കുകയൊന്നും വേണ്ടാ , അതിനിവിടെ ആളുകളുണ്ട് , ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ , എനിക്ക് സംസാരിക്കാൻ , എന്നോട് സംസാരിക്കാൻ എനിക്കൊരു കൂട്ടുകാരിയായി ഇവിടെ കഴിഞ്ഞുകൂടെ,,അത്രേ വേണ്ടൂ, നിന്റെ സാമീപ്യം മാത്രം മതി, അതിൽ  ഞാൻ ഒരുപാട് സന്തോഷിച്ചോളാം”

ശതരൂപ ഒന്നും പറയാതെ തന്നെ അമുദന്റെ  സ്വാധീനമില്ലാത്ത വലത്തെ  കൈയിൽ മുറുകെ പിടിച്ചു.

“പോണില്ല,,,കൂട്ടുകാരിയായി കഴിഞ്ഞോളാം”

അത് കേട്ടപ്പോൾ അമുദന് ഒത്തിരി സന്തോഷമായി.

പുഞ്ചിരിച്ചപ്പോൾ കവിളിലെ നുണക്കുഴി തെളിഞ്ഞു.

“ആശ്വാസമായി,,അപ്പോ എന്റെ കണ്മുന്നിൽ എന്നുമെന്റെ കൂടെയുണ്ടാകുമല്ലോ”

“ഹമ്….ഉണ്ടാകും ” അവളുറപ്പ് നൽകി

അമുദൻ കണ്ണുകൾ അടച്ചു കുറെ നേരം ചിരിച്ചു.

അവന്റെ ചിരി കേട്ട് ജയനാഥൻ കയറി വന്നു

“എന്താ അമുദാ ചിരിക്കൂന്നേ ?”

“നീ എന്നാ പൊക്കോ ,,,നാഥാ ,,ശതരൂപ ഇനി പോകുന്നില്ല”

ജയനാഥൻ ചിരിച്ചു കൊണ്ട് രണ്ടു പേരെയും നോക്കി

“എന്ന അങ്ങനെ ആകട്ടെ , മംഗളം ഭവന്തു , ഞാനെന്ന പൊക്കോട്ടെ ”

“ആ നീ ധൈര്യമായി പൊക്കോ ” അമുദൻ സന്തോഷത്തോടെ പറഞ്ഞു

ജയനാഥൻ യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

അന്നേരം സഹായി അമുദന് കഴിക്കാനുള്ള ഭക്ഷണവുമായി വന്നു.

“എന്താ ഭക്ഷണം കഴിക്കാഞ്ഞേ ?”

“വിശപ്പുണ്ടായില്ല ”

Updated: June 19, 2022 — 12:55 am