തിരുഗണിക-4 [Harshan] 4071

“എന്തിനാ നീ ഇങ്ങനെ എന്നോട് അലിവ് കാണിക്കുന്നത് ” ശതരൂപ ആദ്യമായി അവന്റെ ഇരു കവിളുകളിലും പിടിച്ചു വിതുമ്പികൊണ്ടു ചോദിച്ചു.

“എന്റെ സ്നേഹമാ,,ശതരൂപേ , എന്റെ സ്നേഹം,,അതിങ്ങനെയൊക്കെയാ”

നിറഞ്ഞ കണ്ണുകളൊടെ മൃദുമന്ദഹാസത്തോടെ ശതരൂപയെ നോക്കി പറഞ്ഞു. അമുദൻ പറഞ്ഞു.

“നിന്നെ കേട്ടറിഞ്ഞ നാൾ മുതലേ, എന്റെയുള്ളിന്റെയുള്ളിൽ മൊട്ടിട്ടു പൂത്തു തളിർത്ത,  ഈ മുക്കാലും ചത്തവന്റെ, നിന്നോടുള്ള ഒടുക്കത്തെ സ്നേഹമാ,,, അതിനെ കാണാതെപ്പോകരുത് ”

എന്ത് ചെയ്യണമെന്നറിയാതെ ശതരൂപ നനവൂറിയ മിഴികളോടെ അമുദന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു

അന്നേരം

വാതിലിൽ മുട്ട് കേട്ട് ശതരൂപ കസേരയിൽ നേരെയിരുന്നു

“വാ ,,,,” അമുദൻ ഉറക്കെ പറഞ്ഞു.

മുറി തുറന്നു ജയനാഥൻ ഉള്ളിലേക്ക് വന്നു.

“നമുക്ക് പോകണ്ടേ ” ജയനാഥൻ ചോദിച്ചു.

ശതരൂപ ശിരസു കുലുക്കി അമുദനെ നോക്കി.

“നാഥാ ,,,”

“എന്താ അമുദാ ?”

“നീ അവിടെ ചെന്നാൽ ശതരൂപയെ വിളിച്ചാൽ കിട്ടുന്ന വല്ല സത്രത്തിന്റെയും ഫോൺ നമ്പർ വാങ്ങണം, ഇടക്ക് വിവരങ്ങൾ അന്വേഷിക്കാനാണ് , ഫോൺ വന്നു എന്ന് പോയി ശതരൂപയെ അറിയിക്കാ൯ അവർ തയാർ ആണെങ്കിൽ അതിനു പ്രതിഫലമായി ഒരു തുകയും മണി ഓർഡറായി അയക്കാം, അതുപോലെ അവിടെ പോസ്റ്റ് ആപ്പീസിൽ ഒരു അക്കൗണ്ട് തുറന്നു കൊടുക്കണം , കുറച്ചു പണം ഞാൻ ശതരൂപക്ക് കൊടുത്തിട്ടുണ്ട് , ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി അക്കൗണ്ടിൽ ഇട്ടാൽ സുരക്ഷിതമായി ഇവർക്ക് ഉപയോഗിക്കാമല്ലോ ”

“ശരി ഞാൻ വേണ്ടത് ചെ യ്യാം ,,നീ ആശങ്കപെടേണ്ട അമുദാ “,,”

“എന്നാ ഇറങ്ങിക്കോ ശതരൂപേ ” അമുദൻ അവളോട് പറഞ്ഞു

“ഒരുപാട് ഒരുപാട് സന്തോഷമുണ്ട് , ഇങ്ങനെ വന്നല്ലോ , കാണാനും മിണ്ടാനും സാധിച്ചല്ലോ”

അന്നേരം കല്യാണി കുഞ്ഞുമായി അങ്ങോട്ടേക്ക് വന്നു

അമുദൻ കുഞ്ഞിനെ കളിപ്പിക്കുകയും കുഞ്ഞിന്റെ കവിളിൽ മുത്തം നൽകുകയും ചെയ്തു.

ശതരൂപയും കുഞ്ഞും അവിടെ നിന്നും ജയനാഥനോടൊപ്പം എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി. ജയനാഥൻ അവിടെ നിന്നും കാർ എടുത്തു തുളുവച്ചിപട്ടണത്തിലേക്ക് പുറപ്പെട്ടു.

@@@@@

ശതരൂപ അവിടെ നിന്നും പോയപ്പോൾ മുതൽ അമുദൻ ആകെ വിഷമത്തിലായിരുന്നു. വർഷങ്ങളായി താൻ നെഞ്ചിലേറ്റിയ ഒരാൾ, ഇനിയൊരിക്കലൂം അവളെ  കാണാൻ സാധിക്കില്ല എന്ന സങ്കടം അമുദനെ ആകെ തളർത്തിയിരുന്നു.

ഉച്ചയ്ക്ക് സഹായി ഭക്ഷണം കൊണ്ട് വന്നപ്പോൾ പോലും അമുദൻ ഭക്ഷണം വിലക്കി. ആരെയും മുറിക്കുള്ളിലേക്ക് കയറാ൯ അനുവദിച്ചില്ല. വെള്ളം പോലും  കുടിച്ചില്ല. സങ്കടത്തോടെ ജാലകത്തിനു പുറത്തേക്ക് നോക്കികിടന്നു. തെളിഞ്ഞയാകാശമായിരുന്നില്ല, കാർമേഘം ഇരുണ്ടു കൂടി സൂര്യപ്രകാശത്തെ മറച്ചിരുന്നു. ഒടുവിൽ മഴ പെയ്യുവാനും തുടങ്ങി.ഇടിവെട്ടിയുള്ള മഴ. മഴ പെയ്യുന്ന പോലെ അമുദന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

“ചിന്നയ്യ,,കൊഞ്ചം തണ്ണി കുടിങ്കളെ ,,,,” മുറി തുറന്നു ഉളിലേക്ക് വന്ന കല്യാണി അമുദനോട് അപേക്ഷിച്ചു.

“എനക്ക് വേണ്ടാ കല്ല്യാണി” അമുദൻ അവളെ നോക്കി പറഞ്ഞു.

“ശതരൂപ,,” ഒരു ഞെട്ടലോടെ അമുദന്റെ നാവുരുവിട്ടു.

ശതരൂപ കല്യാണിക്കരികിൽ നിൽക്കുന്നു.

അമ്രപാലി കല്യാണിയുടെ ഒക്കത്തും.

Updated: June 19, 2022 — 12:55 am