തിരുഗണിക-4 [Harshan] 4071

“പക്ഷെ ഒരു വാക്ക് തരണം ഇനിയൊരിക്കലൂം മരിക്കാൻ തുനിയില്ല എന്ന്,,, ഇനി നാട്ടിൽ പോയിട്ടും എന്തെങ്കിലും  ഒരു ദുരിതം വന്നാൽ ഓർക്കണം , സഹായത്തിനു ചത്ത പോലെ അനങ്ങാതെ കിടക്കുന്ന ഈ അമുദൻ  ഇവിടെയുണ്ടെന്ന്”

ഇടറുന്ന ശബ്ദത്തോടെ അമുദൻ അത് പറഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് ശതരൂപ അവന്റെ കിടക്കയിൽ മുഖം പൊത്തി കരഞ്ഞു.

അവളുടെ കരച്ചിൽ അവനെയേറെ സങ്കടപ്പെടുത്തി. കൈയുയർത്തി ഒന്ന് തലോടി കരയല്ലേ എന്ന് പറയണമെന്ന്  അവനാഗ്രഹിച്ചുവെങ്കിലും സ്വാധീനമില്ലാത്ത കൈകൾ അതിനുമവനെ അനുവദിച്ചില്ല.

“കരയല്ലേ ശതരൂപേ,,, ഇതൊന്നും കാണാൻ എനിക്കാവില്ല, നിന്നെ കുറിച്ച് ഇങ്ങനെയൊന്നുമല്ല ഞാൻ മനസ്സിൽ  കരുതിയിരിക്കുന്നത് ,,കരയല്ലേ ”

കുറെ നേരം അങ്ങനെയിരുന്നു കരഞ്ഞു ശതരൂപ കരച്ചിലടക്കി.

“ഇവിടെ നിന്നും പോകുമ്പോ സന്തോഷമായേ പോകാവൂ, ” അമുദൻ അവളെ ആശ്വസിപ്പിച്ചു.

“ചെല്ലൂ ,,പോയി കിടന്നുകൊള്ളൂ…”

“അപ്പൊ സംസാരിക്കണ്ടേ എന്നോട് ,,”

“വേണ്ടാ ,,,ശതരൂപ ഉറക്കമിളക്കണ്ട,,, പൊയ്ക്കോളൂ ,,താഴെ എന്റെ സഹായിയുണ്ട് കതിരേശൻ , ആളോട് ഇവിടെ വന്നു  കിടക്കാൻ പറഞ്ഞോളൂ,,,”

ശതരൂപ തലയാട്ടി അവിടെ നിന്നും എഴുന്നേറ്റു മുറി വിട്ടു പുറത്തേക്ക് പോയി.

അമുദന്റെ സഹായി അവിടെ വന്നു താഴെ കിടന്നു.

തന്റെ മുറിയിൽ ഉറക്കം കാത്ത് ശതരൂപയും കിടന്നു.

 

@@@@@@

 

പിറ്റേന്ന് രാവിലെ ശതരൂപ കുളിയൊക്കെ കഴിഞ്ഞു വസ്ത്രം മാറി അമുദന്റെ മുറിയിലേക്ക് പോകാനായി നടന്നപ്പോൾ കല്യാണി അവളോട് ഇപ്പോൾ പോകണ്ട സഹായി  അമുദന്റെ പ്രാഥമിക കൃത്യങ്ങൾ നടത്തി ദേഹം വൃത്തിയാക്കി ഭക്ഷണം നൽകുന്ന സമയമാണ് എന്ന് പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു സഹായി മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ ശതരൂപ ഉള്ളിലേക്ക് കയറി.

ദേഹം ഒക്കെ തുടപ്പിച്ച് നെറ്റിയിൽ ചന്ദനം ഒക്കെ തൊടുവിച്ചു സുന്ദരകുട്ടനായി അമുദൻ കിടക്കുകയായിരുന്നു.

ശതരൂപയെ കണ്ടപ്പോൾ പുഞ്ചിരിയോടെ വണക്കം പറഞ്ഞു.

അവൾ കസേരയിൽ ഇരുന്നു.

അവളൂടെ വിശേഷങ്ങൾ എല്ലാം തിരക്കി അമുദൻ അവളോട് മേശയിൽ വെച്ചിരിക്കുന്ന ചെറിയ ബാഗ് എടുക്കാൻ പറഞ്ഞു. അവളതു എടുത്തു കൊണ്ട് വന്നു.

“അത് തുറക്ക് ശതരൂപേ,,,”

അമുദൻ പറഞ്ഞത് കേട്ട് അവളാ ബാഗ് തുറന്നു.

അതിൽ നിറയെ അഞ്ഞൂറിന്റെ നാല് കെട്ട് നോട്ടുകൾ ആയിരുന്നു.

“ശതരൂപേ,,രണ്ടു ലക്ഷം രൂപയുണ്ട് എന്നോടൊത്ത് നീ ചിലവഴിച്ച സമയത്തിനുള്ള പ്രതിഫലം, കുറഞ്ഞു പോയാൽ എന്നോട് പറയാം ”

അവൾ ആശ്ച്ചര്യത്തോടെ അമുദനെ നോക്കി

“എന്തിനാ അമുദാ ഇത്രയും പണം,, എനിക്ക് ഇത്രയൊന്നും വേണ്ടാ”

“എനിക്ക് പേടിയില്ലാതെയിരിക്കാനാ ശതരൂപേ,,നീ ഇന്ന് ഇവിടെ നിന്നും പോകും, എന്നെ ഉറപ്പായും മറക്കുകയും ചെയ്യുമായിരിക്കും, പക്ഷെ ഈ ദേഹം ചത്തവന് ഓർമ്മിക്കാൻ അധികമായി ഒന്നുമില്ലാത്ത കൊണ്ട്  നിന്നെ മറക്കാൻ സാധിക്കില്ല,, അപ്പൊ ഓരോ നിമിഷവും നിന്റെ ഓർമ്മ എനിക്ക് വരും ,”

അവൾ നനവാർന്ന കണ്ണുകളൊടെ അമുദൻ പറയുന്നത് കേട്ടിരുന്നു.

“മരിക്കാൻ പോയിന്നു പറഞ്ഞില്ലേ,, ഇനിയും മരിക്കാൻ പോകുമോ എന്നോർത്തെനിക്ക് പേടിയാകും, പട്ടിണി കിടക്കുകയായിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചുകൂട്ടും, നിനക്ക് വേണ്ടത് പണമാണ്, അത് നിന്റെ കൈയിൽ ഉണ്ടായാൽ  നീ സുഖമായി ജീവിക്കില്ലേ,,അതോർത്തു എനിക്ക് സന്തോഷിക്കാല്ലോ..അത് കൊണ്ട് മാത്രമാ,,എന്തെങ്കിലും  ആവശ്യം വന്നാൽ ഇങ്ങോട്ടേക്ക് ഒരു കമ്പി അടിച്ചാൽ മതി , ഞാൻ നിന്റെ വിലാസത്തിൽ മണി ഓർഡർ അയച്ചു തരാം,,,”

Updated: June 19, 2022 — 12:55 am