തിരുഗണിക-4 [Harshan] 4071

അമുദൻ ഉറങ്ങിയിരുന്നില്ല , ജാലകത്തിനുള്ളിലൂടെ ആകാശത്തേക്ക് നോക്കി തെളിഞ്ഞു ചിമ്മുന്ന നക്ഷത്രങ്ങളെ ശ്രദ്ധയോടെ നോക്കിയിരിക്കുകയായിരുന്നു.

ശതരൂപ അമുദന്റെ അരികിലുള്ള കസേരയിൽ ഇരുന്നു.

അമുദൻ മുഖം തിരിച്ചു ശതരൂപയുടെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചു.

“അമുദന്റെ ചിരിക്ക് ഒരു കുഞ്ഞിന്റെയഴകാ” അവന്റെ പുഞ്ചിരിയെ പുകഴ്ത്തി ശതരൂപ പറഞ്ഞു.

“ഈ പുകഴ്ത്തൽ എനിക്കിഷ്ടമായി” അമുദൻ ചിരിച്ചു കൊണ്ട് മറുപടിയേകി.

“ശതരൂപേ”

അവൾ വിളികേട്ട് അമുദനെ നോക്കി.

“ഈ രാത്രി എനിക്ക് ഉറങ്ങാനൊട്ടും ആഗ്രഹമില്ല, നാളെ ശതരൂപ പോകയല്ലേ,,എനിക്ക് രാവുറങ്ങാതെ സംസാരിക്കണമെന്നാ ആഗ്രഹം, എന്റെ അരികിലിരുന്നു എന്നോട് സംസാരിക്കുമോ?”

“സംസാരിക്കാമല്ലോ..അമുദൻ പറയു ഞാൻ കേൾക്കാം”

“ഈ മുറി തന്നെയാണെന്റെ ലോകമെന്നു പറഞ്ഞിരുന്നല്ലോ,,പക്ഷെ ഇവിടെ വേലക്കാരോട് ഒന്നോ രണ്ടോ വാക്ക് സംസാരിക്കുന്നതല്ലാതെ വേറെയാരോടും അധികം ഞാൻ സംസാരിക്കാറില്ല, പെരിയമ്മയ്ക്ക് കാൽ വയ്യാത്തതിനാൽ ഇങ്ങോട്ട് നടന്നു കയറാൻ വയ്യല്ലോ,, പിന്നെ ചങ്ങാതിമാർ ആരെങ്കിലും വന്നാൽ എന്തേലും പറയും  അവർക്കും തിരക്കുകൾ ഉള്ളതല്ലേ,,ആരെങ്കിലും കുറെ നേരം എന്നോട് സംസാരിക്കാനും ഞാൻ സംസാരിക്കുന്നത് കേൾക്കാനും ഉണ്ടായിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്, പിന്നെ ആലോചിക്കുമ്പോൾ അധികമൊന്നും മോഹിക്കാതെയിരിക്കുന്നതാണ് നല്ലതെന്നു തോന്നും,,പുറത്ത് നിന്നും വേറെ ആരെയും ഞാനിങ്ങോട്ട് കയറ്റാറുമില്ല, എല്ലാർക്കും സഹതാപമാണ്, അതൊക്കെ കണ്ടു മടുത്തു, ഇപ്പോ ശതരൂപ ഇങ്ങനെയിരിക്കുന്നതും എന്നോടുള്ള സഹതാപം  കൊണ്ടാണെന്നറിയാം എന്നാലും ശതരൂപ എനിക്കൊപ്പമിരിക്കുന്നുണ്ടല്ലോ എന്നത് മാത്രേ ഇപ്പോ ഞാൻ ചിന്തിക്കുന്നുള്ളു, ശതരൂപ എന്നോട് കാണിക്കുന്ന സഹതാപം എനിക്കിപ്പോ ഒരനുഗ്രഹമാണ് ”

“അമുദനെത്ര വൈഭവത്തോടെയാണ് സംസാരിക്കുന്നത് , ആരും കേട്ടിരുന്നു പോകും ”

“പിന്നെയും എന്നെ പുകഴ്ത്തുകയാണോ, എന്നെയിങ്ങനെ പുകഴ്ത്തണ്ട , സന്തോഷം തലക്ക് കയറി ഞാൻ എഴുനേറ്റു നിന്ന്  നൃത്തമാടാൻ പോകുന്നില്ല , ഈ കിടപ്പ് ഇങ്ങനെ തന്നെ കിടക്കും”

“ഇങ്ങനെയൊന്നും മറയല്ലേ അമുദാ…” അവൾ അവനെ വിലക്കി.

“ശതരൂപേ,,,ചോദിക്കാൻ മറന്നു , ഞാൻ ആഗ്രഹിച്ചത് പോലെ ശതരൂപ വന്നു, പക്ഷെ ശതരൂപ ആഗ്രഹിക്കുന്നത് എന്താണെന്ന്  എനിക്കറിയില്ലല്ലോ പ്രതിഫലമായി, എന്താ ഞാൻ തരേണ്ടത് , എനിക്കൊപ്പം ഇങ്ങനെ  കുറച്ചു സമയം ചിലവഴിക്കുന്നതിന്,,ഞാൻ തരുന്നത് കുറഞ്ഞു പോകരുതല്ലോ,”

“എനിക്കറിയില്ല അമുദാ ,,അതൊന്നും ”

“എന്റെ ഔദാര്യമല്ല ശതരൂപയുടെ പ്രതിഫലം, അത് ശതരൂപയുടെ അധികാരമാണ് അതെത്ര ആയാലും എന്നോട്  പറയാ൦”

അവളല്പം നേരം മൗനമായി ഇരുന്നു.

“എന്റെ പ്രാണന്റെ വിലയുണ്ട് അമുദന്റെ ആഗ്രഹത്തിന്. ഞാൻ വിഷം കഴിച്ചു മരിക്കാൻ ഒരുമ്പെട്ടപ്പോളാണ് ജയനാഥൻ  അമുദന്റെ ആഗ്രഹപ്രകാരം എന്റെ വീടിന്റെ വാതിൽ മുട്ടിയത്, ഒരു മണിക്കൂർ  വൈകിയാണ് വന്നിരുന്നുവെങ്കിൽ ഞാനും കുഞ്ഞും ആ വീട്ടിൽ ശവങ്ങളായി കിടക്കുന്നു എന്ന വാർത്ത കേൾക്കുമായിരുന്നു, പക്ഷെ അത് സംഭവിച്ചില്ല”

നടുക്കത്തോടെ അമുദൻ ശതരൂപയെ നോക്കി

“എന്താ ഈ കേൾക്കുന്നത് , മരിക്കാൻ തുനിഞ്ഞോ ,,എന്തിനാ” ഒരു വിറയലോടെ അമുദൻ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തിയിരുന്നു.

“പട്ടിണി ദുരിതം ഗതികേട് ദാരിദ്ര്യം,,എല്ലാമുണ്ട് അമുദാ ”

അമുദൻ ഒന്നും മിണ്ടാതെ മുഖം ചരിച്ചു കണ്ണുകൾ അടച്ചു കിടന്നു.

അമുദന്റെ കണ്ണുകൾ നീരണിഞ്ഞിരുന്നു.

“നാളെ പോകുമ്പോൾ എന്റെ ശതരൂപ ഇനിയൊരിക്കലും  പട്ടിണി കിടക്കില്ല , ദാരിദ്ര്യവും അനുഭവിക്കില്ല, അത് എന്റെ വാക്കാണ്, ഞാനത് പാലിക്കും ”

ശതരൂപ ആ വാക്കുകൾ കേട്ട് അതിശയത്തോടെ  അമുദനെ നോക്കി.

Updated: June 19, 2022 — 12:55 am