തിരുഗണിക-4 [Harshan] 4071

“അതെ,,എങ്ങനെയെന്നെ അറിഞ്ഞു ?”

“അതിനു നന്ദി പറയേണ്ടത് എന്റെ ചങ്ങാതിയായ ചിരുത്തനോടാണ്, അവൻ യവനനാട്ടിലേക്ക് കപ്പലിൽ പോകുന്ന സമയം കപ്പലിൽ പരിചയപ്പെട്ട ഒരു വിദ്വാൻ ഒരു നേരംപോക്കിനിടയിൽ തുളുവച്ചിപട്ടണം എന്ന ദേശമുണ്ടെന്നും അവിടെ ശതരൂപയെന്നൊരു പെൺകൊടി ആർക്കും സാധിക്കാതെ പാശോപരിമഥനം അയാളുടെ ദേഹത്ത് ചെയ്തു എന്നുമൊക്കെ ചിരുത്തനോട് പറഞ്ഞു, ശതരൂപയുടെ സൗന്ദര്യത്തെ ആ വിദ്വാൻ അത്രമേൽ പുകഴ്ത്തിയിരുന്നു, മാസങ്ങൾ കഴിഞ്ഞു ചിരുത്തൻ ഇവിടെ വന്നപ്പോൾ എന്നോടൊത്ത് സംസാരിക്കുന്ന സമയം ഇതൊക്കെ പറഞ്ഞു. അത് കേട്ടപ്പോൾ മുതൽ മനസ്സിൽ കൂടിയ മോഹമായിരുന്നു, അത്രയും സുന്ദരിയായ ശതരൂപയെ ഒന്ന് കാണണമെന്നും കുറച്ചു നേരം സംസാരിക്കണമെന്നും, പക്ഷെ ആരോടും പറയാൻ സാധിച്ചില്ല, അതിങ്ങനെ വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നു, അന്നേരമാണ് ജയനാഥൻ എന്നെ കാണാൻ വന്നത്, ഈ മോഹം ഞാനവനോട് പറയുകയുണ്ടായി, എനിക്ക് വേണ്ടിയാ പാവം അത്രയും ദൂരം വന്നത്,,ബുദ്ധിമുട്ടായോ,,ആയെങ്കിൽ എന്നോട് ക്ഷമിക്കണം, ഒന്ന് കാണാൻ അത്രയേറേ മോഹിച്ചിട്ടാ ”

അത് കേട്ട് ശതരൂപ പുഞ്ചിരിച്ചു

“എന്നിട്ട് എന്നെ കണ്ടപ്പോൾ മനസിലെ പ്രതീക്ഷകൾ മോശം വന്നോ, ഇപ്പോ എനിക്ക് അത്രയും ഭംഗിയൊന്നുമില്ലല്ലോ” അവൾ ചോദിച്ചു.

“ആരാ പറഞ്ഞത് ,,കണ്ട മാത്രയിൽ തന്നെ ഒരുപാട് ഇഷ്ടമായി , മനസ്സിൽ കരുതിയതിനേക്കാൾ സൗന്ദര്യമുണ്ട് , ശതരൂപയെ കാണാൻ ”

ശതരൂപ കൗതുകത്തോടെ അമുദന്റെ മുഖത്തേക്ക് നോക്കി.

ഒരു കുട്ടിയുടെ മുഖഭാവമായിരുന്നു അമുദന്. ചിരിക്കുമ്പോൾ പോലും നുണക്കുഴി തെളിയുന്നു, ഒരു കുട്ടിയുടെ നിഷ്കളങ്കത പൂർണ്ണമായും അവന്റെ മുഖത്തുണ്ടായിരുന്നു.

“എന്നെയിങ്ങനെ നോക്കല്ലേ ശതരൂപേ,,എനിക്ക് ലജ്ജ തോന്നുന്നു ” അമുദൻ പുഞ്ചിരിയോടെ പറഞ്ഞു.

അത് കേട്ട് ശതരൂപ പൊട്ടിച്ചിരിച്ചു.

“കൂടെ പഠിച്ചവരാ ജയനാഥനും ചിരുത്തനുമൊക്കെ  പിന്നെയുമുണ്ട് കുറെ പേർ, ഒക്കെ കൂട്ടുകാരന്മാരാ കൂട്ടുകാരികളായി ആരുമില്ല,,, എല്ലാരും ഉദ്യോഗമായും കുടുംബമായൊക്കെ സ്വദേശത്തും പരദേശത്തുമൊക്കെയാ..പിന്നെ ഇടയ്ക്ക് ചിലർ സമയം ഉണ്ടെങ്കിൽ എന്നെ കാണാൻ വരും” അമുദൻ ജാലകത്തിലൂടെ പുറത്തെ കാഴ്‌ചകൾ കണ്ട്കൊണ്ട് പറഞ്ഞു.

“ചിന്നയ്യ,, ” ശതരൂപ അവനെ വിളിച്ചു.

“എന്താ വിളിച്ചത് ചിന്നയ്യയെന്നോ ?”

“അതെ ..എല്ലാരും അങ്ങനെയല്ലേ വിളിക്കുന്നത്”

“വേണ്ടാ ,,,എന്നെ അമുതാന്ന് വിളിച്ചാൽ മതി , എന്റെ ചങ്ങാതിമാർ വിളിക്കുന്ന പോലെ , വിളിക്കുമോ ”

“അയ്യോ അങ്ങനെ വിളിച്ചാൽ എന്നോടാരെങ്കിലും ദേഷ്യം കാണിക്കുമോ ?”

“ഇല്ല ആരുമൊന്നും പറയില്ല,, എനിക്കങ്ങനെ കേൾക്കാനായിഷ്ടം ”

“ഹ്മ്മ് വിളിക്കാം ”

“എങ്ങനെ ?”

“അമുതാന്ന് ,,,”

അത് കേട്ട് അമുദൻ കണ്ണടച്ച് കിടന്നു കൊണ്ട് പറഞ്ഞു “ഇനിയൊന്നു വിളിക്കാമോ ?”

ശതരൂപ പുഞ്ചിയോടെ “അമുതാ,,,,,,” എന്ന് വിളിച്ചു.

അത് കേട്ടപ്പോൾ തന്നെ അമുദന്റെ മുഖത്തു സന്തോഷം കൊണ്ട് ചുവപ്പ് രാശി പടർന്നു.

“ഒന്നുകൂടെ …”

“അമുതാ ,,,,” നേർത്ത സ്വരത്തോടെ ശതരൂപ വിളിച്ചു.

ഒരു കുഞ്ഞിന്റെ നിർമ്മലഭാവത്തോടെ അമുദൻ കണ്ണുകൾ തുറന്നു പുഞ്ചിരിച്ചു.

“എന്തെ ,,,?”

“ഒന്നൂല്ലാ,,,മനസ്സാകെ തുടിക്കുന്നു,,എന്താന്നറിയില്ലാ,,ആദ്യമായാ ഇങ്ങനെയൊക്കെ മനസ്സിൽ തോന്നണത്”

“അമുദന് പുറത്തേക്കൊക്കെ പോകണമെന്ന് ആശയില്ലേ ?” ശതരൂപ ചോദിച്ചു.

“ഈ മുറിയാ എന്റെ ലോകം, ഈ കട്ടിലിൽ കിടന്നു ജാലകത്തിലൂടെ  മാനത്തേക്ക്  ഉറ്റു നോക്കി കിടക്കും,,നേരം മുന്നോട്ട് പോകുമ്പോ ആകാശത്തിന്റെ നിറം മാറില്ലേ,, ആദ്യം ചുവപ്പ് പിന്നെ നീല പിന്നെ വെള്ള പിന്നെ നീല മഞ്ഞ ചുവപ്പ് ഇങ്ങനെ,,അതൊക്കെയാ എന്റെ ഈ ജീവിതത്തിനു നിറം പകരുന്നത് ”

ശതരൂപ അനുതാപത്തോടെ അമുദനെ നോക്കി അവൻ പറയുന്നതെല്ലാം കേട്ടിരുന്നു.

Updated: June 19, 2022 — 12:55 am