വളരെ മനോഹരമായതും സൗകര്യങ്ങൾ നിറഞ്ഞതുമായ മുറിയായിരുന്നു അത്.
കല്യാണി അവൾക്കു കുളിമുറി കാണിച്ചു കൊടുത്തു.അവൾ കുഞ്ഞിനേ കുളിപ്പിച്ച് കല്യാണിയെ ഏൽപ്പിച്ചതിനു ശേഷം അവളും കുളിച്ചു.കുളി കഴിഞ്ഞു വസ്ത്രം മാറി വന്നപ്പോൾ കല്യാണി കുഞ്ഞിനെ കളിപ്പിച്ചു നിലത്തിരിക്കുകയായിരുന്നു.ശതരൂപയ്ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.
അത് മനസ്സിലാക്കിയ കല്യാണി അവളെയും വിളിച്ചു താഴേക്ക് പോയി.അവിടെ തീൻ മേശയിൽ ഉച്ചഭക്ഷണം തയ്യാറായിരുന്നു.
അവൾ ചുറ്റും നോക്കി
നേരത്തെ കണ്ട പ്രായമായ സ്ത്രീ അവിടെയെങ്ങും ഉണ്ടായിരുന്നില്ല.അവർ ഭക്ഷണം കഴിച്ചു മയങ്ങാനായി പോയി എന്ന് കല്യാണി പറഞ്ഞു
“അക്കാ ,,,ശാപ്പിടുങ്കളെ ” അവൾ ഭക്ഷണം കഴിക്കാനായി നിർബന്ധിച്ചു.
കല്യാണി തന്നെ കുഞ്ഞിന് ലഘുവായ ഭക്ഷണം വാരികൊടുത്തു. ശതരൂപ ഭക്ഷണം കഴിച്ചു കൈ കഴുകി കല്യാണിയുമായി മുകളിലേക്ക് നടന്നു. മുറിയിലെത്തി അവൾ കട്ടിലിലിൽ ഇരുന്നു.
പതുപതുത്ത മെത്തയായിരുന്നു അതിൽ വിരിച്ചിരുന്നത്.അമ്രപാലിക്ക് ആ മെത്തയുടെ പതുപതുപ്പ് ഏറെ ഇഷ്ടമായതിനാൽ അവൾ അതിലിരുന്നു തിരിഞ്ഞും മറിഞ്ഞും കളിക്കാൻ തുടങ്ങി.കല്യാണി അവളെ കളിപ്പിക്കാനും കൂടി. ശതരൂപ അല്പം നേരം കട്ടിലിൽ കിടന്നു മയങ്ങി.
നല്ല ക്ഷീണം ഉള്ളതിനാൽ ശതരൂപ ഏറെനേരം മയങ്ങി.
വൈകീട്ടായപ്പോൾ കല്യാണിയുടെ തട്ടൽ കൊണ്ടാണ് ശതരൂപ ഉണർന്നത്.
അവൾക്കുള്ള ചായ കല്യാണി കൊണ്ടുവന്നിരുന്നു. ശതരൂപ എഴുന്നേറ്റു മുഖം കഴുകി വന്നു.
കല്യാണി നൽകിയ ചായ കുടിച്ചു.
അമ്രപാലി അന്നേരം നല്ല ഉറക്കമായിരുന്നു.
“അക്കാ ,,,ചിന്നയ്യവുക്ക് ഉങ്കളെ പാക്കണം പോലിറിക്ക്,,നീങ്ക അങ്കെ പൊങ്കളെ ,,കുളന്തയെ നാൻ പാത്തിക്കിറേൻ ” കല്യാണി പറഞ്ഞു.
ശതരൂപ തലയാട്ടി.ചായ കുടിച്ചിട്ട് അവിടെ നിന്നും എഴുന്നേറ്റു,
വസ്ത്രം ഒന്ന് കുടഞ്ഞുടുത്ത് ശതരൂപ അമുദൻ്റെ മുറിയിലേക്ക് നടന്നു.
ഗ്രാമഫോണിൽ ടി എം സൗന്ദർരാജനും പി സുശീലയും പാടിയ ദാഗം തീർന്തതടി അന്നമേ
എന്ന ഗാനം കേൾക്കുന്നുണ്ടായിരുന്നു അന്നേരം.
അവളുടെ കാൽപെരുമാറ്റം കേട്ട് അമുദൻ മുഖം തിരിച്ചുകൊണ്ടൊരു പുഞ്ചിരിയോടെ അവളെ നോക്കി.
“വരൂ ,,,,,,,,,,,,,,,,” എന്ന് പറഞ്ഞവളെ ക്ഷണിച്ചു.
അവൾ തെല്ലൊരു ശങ്കയോടെ ഉള്ളിലേക്ക് ചെന്നു അമുദ൯ കിടക്കുന്ന കട്ടിലിനു സമീപം നിന്നു.
അമുദ൯ അല്പം നേരം ഒരു കൗതുകത്തോടെ ശതരൂപയെ നോക്കികിടന്നു.
അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ കട്ടിലിലും ചുറ്റുവട്ടത്തൊക്കെയുമായി തന്റെ ദൃഷ്ടി പായിച്ചു.
“അവിടെ ശതരൂപേ ” അമുദൻ അവളോട് പറഞ്ഞു .
അവൾ ആ കട്ടിലിനരികിലുള്ള കസേരയിൽ അയാൾക്ക് അരികിലായി ഇരുന്നു.
അമുദൻ അല്പം നേരം ജാലകത്തിലൂടെ പ്രകൃതിയുടെ ഭംഗിയാസ്വദിച്ചിട്ട് വീണ്ടും ശതരൂപയെ നോക്കി.
“ഒത്തിരിക്കാലത്തെ മോഹമായിരുന്നു ഒന്ന് കാണണമെന്ന് ”
അവൾ ആകാംക്ഷയോടെ അമുദന്റെ മുഖത്തേക്ക് നോക്കി.
“എന്നെ ,,എന്നെയെങ്ങനെയാണറിയുക ?”
അമുദ൯ ഉറക്കെയൊന്നു ചിരിച്ചു
“കണ്ടറിയില്ല,,പക്ഷെ കേട്ടറിഞ്ഞിട്ടുണ്ട് ”
അവളൊന്നും മനസ്സിലാകാതെ അമുദനെ തന്റെ ചെന്താർമിഴികൾ കൊണ്ട് നോക്കിയിരുന്നു.
“എങ്ങനെയെന്നല്ലേ ?”