തിരുഗണിക-4 [Harshan] 4150

“നാഥൻ പറഞ്ഞു , ശതരൂപയ്ക്ക് നാളെ തന്നെ പോകണമെന്ന്, ഉറപ്പായും അതിനുള്ള ഏർപ്പാടൊക്കെ ചെയ്യാം,ഒന്ന് കാണാനും മിണ്ടാനും ഒരുപാട് ആഗ്രഹമായിരുന്നു, എന്തായാലും വന്നല്ലോ, ഇത്രയും യാത്ര കഴിഞ്ഞു വന്നതല്ലെ , വിശ്രമിച്ചോളൂ,,”

അമുദൻ ശതരൂപയോട് പറഞ്ഞു കൊണ്ട് ജയനാഥനെ നോക്കി.

“നാഥാ,,, കല്ല്യാണിയെ കൂപ്പിടടാ”

അത് കേട്ട് ജയനാഥൻ പുറത്തേക്ക് പോയി കല്യാണിയെ വിളിച്ചു.

അവൾ കുഞ്ഞുമായി ഉള്ളിലേക്ക് വന്നു.

കല്യാണിയുടെ ഒക്കത്തിരുന്ന അമ്രപാലി അമുദനെ നോക്കി കുഞ്ഞരിപല്ലു കാട്ടി ചിരിക്കാൻ തുടങ്ങി.

അത് കണ്ടു അമുദനും ചിരിച്ചു.

“മോളാണല്ലേ ,,,?”

ശതരൂപ ഒന്ന് മൂളി

“എന്താ പേര് പാപ്പയുടെ ”

“അമ്രപാലി” ശതരൂപ മറുപടി പറഞ്ഞു.

“അമ്മയെ കൊത്തവെച്ച പോലെയുണ്ട് ” കുഞ്ഞിനെ നോക്കി കൊണ്ട് അമുദൻ പറഞ്ഞു.

“കല്യാണി ,,,അമ്മാ ,,,,”

“എന്നാ ചിന്നയ്യ,,,,?”

“കല്യാണി,,,ഇന്ത അക്കാവും പാപ്പാവും എൻ വിരുന്താളികൾ, ഇവര്ക്ക് എന്ത കുറയും വരവേ കൂടാത്,,അത് ഉൻ പൊരുപ്പ് ,,കേട്ടിയാ ,,നല്ല ഇവരെ പാർത്തിടമ്മാ”

“ആമാ ചിന്നയ്യ,,എല്ലാമേ നാൻ പാർത്തിക്കിറോം,,,നീങ്ക കവലപ്പെടാതെ ” കല്യാണി ഉറപ്പ് നൽകി.

“ശതരൂപേ,,,ഇവിടെ ഒരു കുറവും ഉണ്ടാകില്ല, എന്ത് ആവശ്യം വന്നാലും കല്ല്യാണിയോട് പറഞ്ഞാൽ മതി കേട്ടല്ലോ ” ജയനാഥൻ ശതരൂപയോട് പറഞ്ഞു.

അവൾ സമ്മതിച്ചു

“വിശ്രമിച്ചോളൂ,,,” അമുദൻ ശതരൂപയോടായി പറഞ്ഞു എന്നിട്ട് അമ്രപാലിയെ നോക്കി ചിരിച്ചു

മുഖം കൊണ്ട് കോക്രി കാണിച്ചു

അത് കണ്ടു അമ്രപാലി മുഖം ഉയർത്തി ചിരിച്ചു.

ജയനാഥൻ ശതരൂപയുമായി പുറത്തേക്ക് നടന്നു.

പിന്നാലെ കല്യാണിയും

“ശതരൂപേ,, ഞാൻ പേർഷ്യയിലാണ് , കഴിഞ്ഞ വാരം നാട്ടിൽ വന്നേയുള്ളൂ, അമുദൻ കുഞ്ഞുനാൾ മുതലേ എന്റെ ചങ്ങാതിയാണ്, അവനെയിവിടെ കാണാൻ വന്നപ്പോ തന്നെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞത് കൊണ്ട് അതൊന്നു സാധിപ്പിച്ചു കൊടുക്കാനാണ് ഞാൻ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, നാളെ തന്നെ നമുക്ക് ഇവിടെ നിന്നും തിരിക്കാം”

“എന്താ അദ്ദേഹത്തിന് സംഭവിച്ചത് ?” അവൾ ചോദിച്ചു

“പത്തുവയസ്സിൽ പനിവന്നതാ അവന് , പോളിയോ ആയിരുന്നു, മരിക്കുന്ന അവസ്ഥ വരെ എത്തി , പ്രാർത്ഥന കൊണ്ട് ജീവൻ തിരികെ കിട്ടിയെങ്കിലും ദേഹത്തിന്റെ സ്വാധീനം കുറഞ്ഞു പോയി, അന്ന് മുതലേ കിടക്കയിലാണ് അവൻ ജീവിതം കൊണ്ട് പോകുന്നത്, എട്ടു കൊല്ലം മുൻപ് എല്ലുകൾ ബലം കുറയുന്ന അവസ്ഥയുമായി , ശരിക്കും സൂക്ഷിച്ചില്ലെങ്കിൽ എല്ലുകൾ ഒടിഞ്ഞു പോകും, കഷ്ടമാണ് “അതെല്ലാം കേട്ടപ്പോൾ ശതരൂപയ്ക്ക് വിഷമവും വല്ലായ്മയുമൊക്കെ അനുഭവപ്പെട്ടു.

“അപ്പൊ അദ്ദേഹത്തിൻറെ ബന്ധുക്കൾ ?”

“താഴെ കണ്ടത്  പെരിയമ്മയാണ്, അച്ഛൻ ‘അമ്മ ഒക്കെ മരണപ്പെട്ടു , പിന്നെ നാല് സഹോദരങ്ങളുണ്ട് ,രണ്ടു പേര് വിവാഹം ചെയ്തയച്ചു , രണ്ടു പേര് കുടുംബമായി വിദേശത്താണ്, ഇവിടെ അമുദനും പ്രായം ചെന്ന ആ പെരിയമ്മയും മാത്രമുള്ളു , പിന്നെ കുറച്ചു ജോലിക്കാരും , കല്യാണി ഇവരുടെ അകന്ന ബന്ധത്തിലെ കുട്ടിയാണ് , ദാരിദ്ര്യം ഉള്ളത് കൊണ്ട് അവളെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നു  ഒരു സഹായത്തിനായി”

ശതരൂപ എല്ലാം കേട്ട് നിന്നു

അപ്പോളേക്കും കല്യാണി വന്നു അവരെ വിളിച്ചു

ശതരൂപയ്‌ക്കായി കല്യാണി മുറി ഒരുക്കിയിരുന്നു.

“ശതരൂപ ചെല്ല് ,,വിശ്രമിച്ചോളൂ,,എനിക്കും പോകണം , നാളെ വൈകീട്ട് ഞാൻ വരാം തിരികെ കൊണ്ട് പോകാൻ ” ജയനാഥൻ കൈകൾ കൂപ്പി

ശതരൂപയും ഒരു പുഞ്ചിരിയോടെ കൈകൾ കൂപ്പി

ജയനാഥൻ അവിടെ നിന്നും പടവുകൾ ഇറങ്ങി പുറപ്പെട്ടു , ശതരൂപ തനിക്കായി ഒരുക്കിയ മുറിയിലേക്കും

അവൾക്കു പിന്നാലെ അമ്രപാലിയുമായി കല്യാണിയും.

@@@@@

Updated: June 19, 2022 — 12:55 am