തിരുഗണിക-4 [Harshan] 4071

അന്നേരം

അടഞ്ഞു കിടക്കുന്ന വാതിലിനുള്ളിൽ നിന്നും

എം കെ ത്യാഗരാജ ഭാഗവതർ അഭിനയിച്ചു ആലപിച്ച ശിവകവി എന്ന ചലച്ചിത്രത്തിലെ ഗാനം ഗ്രാമഫോണിൽ മുഴങ്ങികേൾക്കുന്നുണ്ടായിരുന്നു.

വദനമേ ചന്ദ്രബിംബമോ

മലർന്ത സരോജമോ

അരുണം പോൽ മെയ്വഴിയോ

മധുരഗാനമോ,,,,,,,,,,,,

അത് കേട്ട് ശതരൂപ ആ പാട്ടുകേട്ട് കണ്ണടച്ചിരുന്നു.

അൽപ്പം കഴിഞ്ഞപ്പോൾ ജയനാഥൻ പുറത്തേക്ക് വന്നു ശതരൂപയെ ഉള്ളിലേക്ക് ക്ഷണിച്ചു.

അവൾ അവിടെ നിന്നും എഴുന്നേറ്റു.

കല്ല്യാണി അന്നേരം കുഞ്ഞിനെ ഓരോന്നൊക്കെ കാണിച്ചു കളിപ്പിക്കുകയായിരുന്നു.

ശതരൂപ അത് കണ്ടു ജയനാഥന്റെ ഒപ്പം ഉള്ളിലേക്ക് കയറി.

ത്യാഗരാജ ഭാഗവതരുടെ മധുരനാദം ആ മുറിയിൽ ഒഴുകികൊണ്ടിരുന്നു.

അതിമനോഹരങ്ങളായ മരയുരുപ്പടികള് നിറഞ്ഞ വിശാലമായ മുറി

നിറയെ ഭംഗിയുള്ള തുറന്നിട്ട  ജാലകങ്ങൾ.

പുറത്തു നിന്നും വീശുന്ന ഇളം കാറ്റിൽ ജാലകവിരികൾ തുള്ളിയിളകുന്നുണ്ടായിരുന്നു.

“വരൂ ,,ശതരൂപേ ” ആ വിളി കേട്ട് കാഴ്ചകൾ കണ്ട അവൾ ജയനാഥന് ഒപ്പം ഒരു കിഴക്കേ കോണിൽ ജാലകത്തോട് ചേർന്നിട്ട ഒരു വലിയ കട്ടിലിനരികിലേക്ക് നടന്നു.

അവിടെ ഒരു മുപ്പതുകൾ പ്രായമുള്ള ഒരു സുന്ദരനായ പുരുഷൻ കിടക്കുന്നു.

ശതരൂപ ജയനാഥനൊപ്പം അവിടെ നിന്നു.

“അമുതാ,,,,,,,” ജയനാഥൻ വിളിച്ചു.

അന്നേരം അമുദൻ കണ്ണുകൾ തുറന്നു കഴുത്തു തിരിച്ചു ജയനാഥനെ നോക്കി.

“ഇതാ,,നീ കാണാനാഗ്രഹിച്ച ശതരൂപ” ജയനാഥൻ അല്പം പിന്നിലേക്ക് നീങ്ങി ശതരൂപയെ അമുദനു മുന്നിലാക്കി നിർത്തി.

ശതരൂപയെ കണ്ടപ്പോ തന്നെ അമുദന്റെ മുഖം പറഞ്ഞറിയിക്കാ൯ കഴിയാത്തത്ര സന്തോഷത്തോടെ പ്രകാശപൂരിതമായി.ആ സന്തോഷം നിലയ്ക്കാത്ത പുഞ്ചിരിയായി അമുദന്റെ ചുണ്ടിൽ വിടർന്നു.

“ശതരൂപ,,,” അമുദന്റെ നാവ് അവളുടെ പേര് ഉച്ചരിച്ചു.

അവൾ അത് കേട്ട് ശിരസ്സ് കുലുക്കി.

“ശതരൂപേ,,,ഇത് അമുദ൯ , ഈ മുതലിയാർ മഠത്തിലെ ഇളയ സന്തതിയാണ് , എന്റെ ചങ്ങാതിയും”

അവൾ അമുദനെ നോക്കി കൈ കൂപ്പി.

“കൈ വണങ്ങുവാനാകില്ല ശതരൂപേ, എന്റെ കഴുത്തിനു കീഴെ സ്വാധീനം കുറവാ ., മന്നിക്കണം ”

ചിരിയോടെ അമുദൻ പറഞ്ഞു

അപ്പോളാണ് ശതരൂപ അമുദന്റെ ഉടലിലേക്ക് ശ്രദ്ധിച്ചത്.

ജയനാഥൻ അന്നേരം അമുദനെ പുതപ്പിച്ച വെളുത്ത ലോലമായ പുതപ്പ് എടുത്തു മാറ്റി.

അമുദന്റെ ദേഹം കഴുത്തിനു കീഴേക്ക്  സ്വാധീനമില്ല , കൈയും കാലും അനങ്ങുകയില്ല”

അമുദൻ സുന്ദരമായ ആ മുഖത്ത് പുഞ്ചിരി നിലനിർത്തി തന്നെ അവളെ നോക്കി കിടക്കുകയായിരുന്നു.

“തുളുവച്ചിപട്ടണത്തിലെ ശതരൂപയെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, ഒന്ന് കാണണമെന്ന് എന്റെ മോഹമായിരുന്നു, ഈ വയ്യാത്ത ദേഹവുമായി എനിക്ക് യാത്ര ചെയ്യാനാവതില്ലല്ലോ, അത് കൊണ്ട് മോഹം മോഹമായി മനസ്സിൽ വെച്ചിരിയ്ക്കയായിരുന്നു, ഈയിടെ നാഥൻ എന്നെ കാണാൻ വന്നപ്പോൾ ഉള്ളിലെ ഈ മോഹം പറഞ്ഞു , അതാ എനിക്ക് വേണ്ടി ഇത്രയും ദൂരം അവൻ യാത്ര ചെയ്തു അവിടേക്ക് വന്നത്” അമുദൻ ശതരൂപയുടെ മുഖത്ത് നോക്കി ആദരവോടെ പറഞ്ഞു.

“സത്യത്തിൽ ശതരൂപ വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു, ഇപ്പൊ എന്റെ മുന്നിൽ ഇങ്ങനെ നിക്കണ കാണുമ്പോ വിശ്വസിക്കാൻ പോലും പറ്റണില്ല. ഒരുപാട് നന്ദിയുണ്ട് ”

ശതരൂപ അതിനു മറുപടിയായി പുഞ്ചിരിക്കുക മാത്രം ചെയ്തു.

Updated: June 19, 2022 — 12:55 am