തിരുഗണിക-4 [Harshan] 4071

അദ്ധ്യായം 28

രാമരംഗപുരം അമുദ മുതലിയാർ

ദല്ലാളിന്റെ മരണത്തിന്റെ വേദനയിൽ നിന്നും ശതരൂപയ്ക്കു മുക്തയാകാൻ ആഴ്‌ചകൾ എടുത്തു. താനൊരു ഭാഗ്യം കെട്ടവളാണെന്നു സ്വയമവൾ മനസ്സിനെ പഠിപ്പിച്ചു.

അമ്രപാലി ഭൂമിയിൽ ജനിച്ച അന്ന് പേറ്റിച്ചിയും ഒന്നാം പിറന്നാളിന് അമ്മയായ മൃണാളിനിയും രണ്ടാം പിറന്നാളിന് ദല്ലാൾ സുന്ദരപാണ്ട്യനും പെടുമരണപ്പെട്ടതിനാൽ എല്ലാം അമ്രപാലിയുടെ ദുർനിമിത്തം കൊണ്ട് തന്നെ എന്നുള്ള നാട്ടുകാരുടെ വിശ്വാസം കൂടുതൽ കഠിനമായി.

തന്റെ ജീവിതത്തിൽ താൻ സ്നേഹിക്കുന്ന എല്ലാവരെയും കൊല്ലാൻ വന്ന പിശാചായി തന്നെ അമ്രപാലിയെ ശതരൂപ കരുതി. കുഞ്ഞിനോടുള്ള അവളുടെ പെരുമാറ്റം അതിരൂക്ഷമായിരുന്നു. ചീത്ത വിളിക്കുകയും തല്ലുകയും ചവിട്ടുകയും ഒക്കെ ചെയ്യുമായിരുന്നു. എങ്കിലും അമ്രപാലി രൂപമ്മെ രൂപമ്മേ എന്ന് വിളിച്ചു കൊണ്ട് അവൾക്കു ചുറ്റും നടക്കുമായിരുന്നു.

ദല്ലാൾ കൂടെ മരണപ്പെട്ടതിനാൽ അന്നാട്ടിലുള്ള സകലരും അമ്രപാലിയേയും ഒപ്പം അവൾക്കു ജന്മം കൊടുത്ത ശതരൂപയെയും ദുശ്ശകുനങ്ങളായി കരുതി. അതോടെ പിന്നെ ആരും അവരുടെ വീട്ടിൽ പോകുകയോ അവരുമായി മിണ്ടുകയോ പോലും ചെയ്യാതെയായി. ജീവിക്കുവാനായി ശതരൂപ ശരീരം വിൽക്കാൻ തീരുമാനിച്ചുവെങ്കിലും ഒരാള് പോലും ഭയന്നിട്ട് അവൾക്കരികിൽ വരുമായിരുന്നില്ല. മറ്റൊരു നിവൃത്തിയുമില്ലാതെ ശതരൂപ അവിടെയുള്ള വീടുകളിൽ വേലയാന്വേഷിച്ചുവെങ്കിലും ഒരാള് പോലും അവൾക്കൊരു വേല കൊടുക്കാ൯ തയ്യാറായതുമില്ല. ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുവാൻ ശതരൂപ ദല്ലാൾ വാങ്ങിക്കൊടുത്തിരുന്ന ആഭരണങ്ങളൊക്കെയും വിറ്റു. അത് കൊണ്ട് മാത്രം ഇരുവരും പട്ടിണിയില്ലാതെ കഴിഞ്ഞു കൂടി. പക്ഷെ ദിനങ്ങൾ മുന്നോട്ടു പോയപ്പോൾ കയ്യിലെ പണവും തീർന്നു.

ഇരുവരും പട്ടിണിയായി.

ശതരൂപ കുഞ്ഞിനേയും കൊന്നു ജീവിതമവസാനിപ്പിക്കാൻ തീരുമാനമെടുത്തു.

അന്ന് വൈകുന്നേരം രതികാന്തമന്മഥർ കോവിലിൽ പോയി അവസാനമായി പ്രാർത്ഥിച്ചു.

അതിനു ശേഷം അവിടെ നിന്നും തിരിച്ചു വരും വഴി അരുവികരയിൽ കാട് പിടിച്ചു വളരുന്ന ഒതളങ്ങകായകൾ പറിച്ചെടുത്തു വീട്ടിലേക്ക് വന്നു.

വീട്ടിലെത്തിയ ശതരൂപ ഒതളങ്ങകായകൾ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു, അതിൽ വീട്ടിൽ ബാക്കിയുണ്ടായിരുന്ന കരിപ്പെട്ടികലക്കി മധുരമുള്ളതാക്കി ഒരു കോപ്പയിൽ നിറച്ചു.

കുഞ്ഞിനെ കുടിപ്പിച്ചതിനു ശേഷം ബാക്കി അവളും കുടിച്ചു അന്ന് രാത്രിയോടെ ജീവിതം അവസാനിപ്പിക്കാനായിരുന്നു തീരുമാനം അതിനായി അമ്രപാലിയെ അരികിലിരുത്തി.

അത് കുടിക്കും മുന്നേ അമ്മയെയും ഗുരുകാരണവത്തിമാരെയും സ്മരിച്ചു.

കോപ്പ കുഞ്ഞിന് നേരെ നീട്ടി

അതിന്റെ ഗന്ധം കുഞ്ഞിന് ഇഷ്ടമാകാത്തതിനാൽ അവൾ കുടിക്കാൻ വിസമ്മതിച്ചു.

നിവൃത്തിയില്ലാതെ ശതരൂപ അവളെ മുറുകെ പിടിച്ചു വാ തുറന്നു പിടിച്ച് അവളുടെ വായിലേക്ക് ഒതളങ്ങനീരൊഴിക്കാൻ തുടങ്ങിയ സമയം.

പുറത്ത് വാതിലിൽ ശക്തിയിൽ ആരോ മുട്ടുന്ന കേട്ടു.

നിർത്താതെ മുട്ടുന്നത് കേട്ടപ്പോൾ അവളാ കോപ്പ മേശയിൽ വെച്ച് കൊണ്ട് എഴുന്നേറ്റു വന്നു വാതിൽ തുറന്നു.

പുറത്ത് ഒരു അപരിചിതൻ നിൽക്കുന്നത് കണ്ടു

“ആരാ ,,,,?” അവൾ തിരക്കി

“ശതരൂപയാണോ ?” ആഗത൯ ആദരവോടെ തിരക്കി.

“അതെ” അവൾ മറുപടി പറഞ്ഞു.

“എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്”

അത് കേട്ടപ്പോൾ അവൾ അയാളെ ഉള്ളിലേക്ക് ക്ഷണിച്ചു.

വന്നയാൾ ഉള്ളിലേക്ക് കയറി കസേരയിലിരുന്നു.

“ആരാ,,എവിടെ നിന്നാ ?’ അവൾ അയാളോട് തിരക്കി.

Updated: June 19, 2022 — 12:55 am