തിരുഗണിക-4 [Harshan] 4071

അയാൾ കുഞ്ഞിന്റെ ശിരസ്സിലും കവിളിലും തലോടി മുത്തം നൽകി.

ശതരൂപ മേൽകുപ്പായത്തിനുള്ളിൽ കൈയിട്ട് താക്കോൽ എടുത്തു വീട് തുറന്നു.

അന്നേരം , ദല്ലാൾ സുന്ദരപാണ്ട്യൻ കുഞ്ഞുമായി കാറിനരികിൽ പോയി ഡോർ തുറന്നു അതിൽ നിന്നും കുറേ സഞ്ചികൾ എടുത്ത് അതുമായി  വീട്ടിലേക്ക് നടന്നു.

ഉമ്മറത്തേക്ക് കയറി ഒരു സഞ്ചി കൈയിൽ വെച്ച് മറ്റുള്ളവയൊക്കെ ശതരൂപയെ ഏൽപ്പിച്ചു.

അയാളുടെ കൈയിലെ സഞ്ചിയിൽ നിറയെ അമ്രപാലിക്കുള്ള കളിപ്പാട്ടങ്ങളായിരുന്നു.

അവയെല്ലാം നിലത്ത് നിരത്തി വെച്ചു കുഞ്ഞുമായി അയാൾ നിലത്തിരുന്നു.

അമ്രപാലി കളിപ്പാട്ടങ്ങൾ കണ്ടു അനുസരണയോടെ അയാൾക്കൊപ്പം തന്നെയിരുന്നു.

ശതരൂപ സഞ്ചികളിൽ നോക്കിയപ്പോൾ പട്ടുവസ്ത്രങ്ങളും അവൾക്ക് കഴിക്കാനായി മധുരപലഹാരങ്ങളും ബദാം അണ്ടിപ്പരിപ്പ് മുതലായവയൊക്കെയായിരുന്നു.

“എന്തിനാ മാമാ ഇതൊക്കെ വാങ്ങിയത് , ഇങ്ങനെ വരുമ്പോ കാശ് തീർക്കുന്നതെന്തിനാ ?”

“നിനക്ക് പണം തന്നാലും നീയിതൊന്നും വാങ്ങില്ലല്ലോ മോളെ ” അവളെ നോക്കി അയാൾ പറഞ്ഞു.

എന്നിട്ട് കളിപ്പാട്ടങ്ങൾ കാണിച്ച് അമ്രപാലിയെ കളിപ്പിച്ചുകൊണ്ടിരുന്നു.

ശതരൂപ അവയെല്ലാം കൊണ്ട് പോയി മുറിയിൽ വെച്ച് അയാൾക്ക് കാപ്പിയുണ്ടാക്കി കൊണ്ട് വന്നു കൊടുത്തു.

അയാൾ അവളോട് വിശേഷങ്ങളൊക്കെ തിരക്കുന്ന സമയം

“എന്താ മാമാ, പെട്ടെന്ന് ഒരു വരവ്?”

“മോളെ,,വൈശാലിയിലെ ഹിരണ്യകേശി നദിയിലെ സ്വർണ്ണനിറമുള്ള മുത്തുകളുടെ കച്ചവടവുമായി ബന്ധപ്പെട്ട് വന്നതാ, ഇവിടെ നിന്നും മുത്ത് വാങ്ങി പരദേശങ്ങളിലേക്ക് അയക്കണം..ഇപ്പോ മുത്തുണ്ടാകുന്ന സമയമല്ലേ”

“ആണോ മാമാ,,അപ്പൊ കുറച്ചു നാൾ വൈശാലിയിൽ കാണുമല്ലേ”

“ഉവ്വ്,,മോളെ ,, ഞാൻ വരും വഴി ഇവിടത്തെ സത്രത്തിൽ ഒരു മുറി ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെ നിന്നാകുമ്പോ എനിക്ക് യാത്രയും എളുപ്പമാകുമല്ലോ”

“അതെന്താ മാമാ,,ഇവിടെ ഈ വീട്ടിൽ താമസിസിച്ചാൽ പോരെ,,ഈ വീടിവിടെയുള്ളപ്പോൾ പിന്നെന്തിനാ സത്രത്തിൽ താമസിക്കുന്നത്” ശതരൂപ തിരക്കി.

“അതൊന്നും വേണ്ടാ മോളെ, എനിക്കൊന്നു രാത്രി കൂട്ടിയാൽ മതി , പുലർച്ചെ പോയാൽ പിന്നെ ഞാൻ വരുമ്പോൾ സന്ധ്യയാകും, സത്രമാകുമ്പോൾ എനിക്ക് കുറച്ചു സൗകര്യമാകും.അതുകൊണ്ടാ”

ശതരൂപയൊന്നും മിണ്ടിയില്ല

പക്ഷെ അവൾക്ക് നല്ലപോലെ വിഷമമായി.

തങ്ങളെ സഹായിക്കുന്ന ദല്ലാൾ മാമ൯ ഈ നാട്ടിൽ സത്രത്തിൽ കഴിയുക എന്നത് അവൾക്ക് ആലോചിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

“മാമാ,,ഇവിടെ ഞാൻ എല്ലാ സൗകര്യവും ഒരുക്കിത്തരാം, ഒരു മുറിയും തന്നേക്കാം പിന്നെന്താ മാമാ ഇവിടെ നിന്നാൽ ”

അവളുടെ ഏറെ നേരത്തെ നിർബന്ധങ്ങൾക്ക് വഴങ്ങിയൊടുവിൽ ദല്ലാൾ സുന്ദരപാണ്ട്യൻ അവിടെ നിൽക്കാ൯ സമ്മതിച്ചു.

അന്ന് മുതൽ ദല്ലാൾ അവിടെ താമസമാരംഭിച്ചു.

പുലർച്ചെ പോയാൽ സന്ധ്യകഴിഞ്ഞാണ് ദല്ലാൾ വന്നുകൊണ്ടിരുന്നത്.

ശതരൂപ രാത്രി ഭക്ഷണം കാലാക്കി വെക്കും. അതുപോലെ പുലർച്ചെ എഴുന്നേറ്റു അയാൾക്കുള്ള പ്രഭാതഭക്ഷണവും ഒരുക്കികൊടുക്കും. അത് കഴിച്ചയാൾ വൈശാലിയിലേക്ക് പുറപ്പെടും.

വരുമ്പോൾ പഴങ്ങളും പലഹാരങ്ങളും വീട്ടുസാധനങ്ങളും കൊണ്ട് വരും.

അതുപോലെ അയാൾക്ക് അമ്രപാലിയെ ഒത്തിരിയിഷ്ടമായിരുന്നതിനാൽ അവളുമായി കളിച്ചും അവളെ എടുത്തു കൊണ്ടും നടന്നും നേരം ചിലവഴിക്കും. വീട്ടിൽ മിണ്ടാനും പറയാനും ഒരാൾ വന്നതിനാൽ ശതരൂപയ്ക്കും ഒറ്റപ്പെടൽ ഇല്ലാതെയായി.

ദല്ലാളിനു ഭക്ഷണകാര്യങ്ങളിൽ നിർബന്ധങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അവളെന്തു വച്ച്കൊടുത്താലും അത് ഇഷ്ടത്തോടെ കഴിക്കുമായിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോൾ

ദല്ലാൾ സുന്ദരപാണ്ട്യന് ഒരു കമ്പി വന്നു.

കമ്പി കിട്ടിയപാടെ അയാൾ തുളുവച്ചിപട്ടണത്തിൽ നിന്നും സ്വദേശത്തേക്ക് മടങ്ങി.പിന്നെ അയാളെകുറിച്ചൊരു വിവരവുമില്ലായിരുന്നു. പക്ഷെ ഒന്നരമാസം കഴിഞ്ഞപ്പോൾ ഒരു രാത്രി അയാൾ തിരികെ വന്നു. ശതരൂപ അയാളെ സ്വീകരിച്ചുള്ളിൽ കൊണ്ട് പോയി.

അയാൾ വന്നപാടെ അമ്രപാലിയെ വാരിയെടുത്ത്    മുത്തം കൊടുത്തു.

Updated: June 19, 2022 — 12:55 am