തിരുഗണിക-4 [Harshan] 4150

ദേഷ്യത്തോടെ ആണെങ്കിലും ശതരൂപ കുഞിനെ എടുത്ത് ചേല കൊണ്ട് മാറ് മറച്ചു പാൽ കൊടുത്തു.

ദല്ലാൾ കാപ്പി കുടിച്ചു കൊണ്ട് ശതരൂപയുടെ മുഖത്തേക്ക് നോക്കി

“മോളെ ,,, എനിക്ക് നല്ല സങ്കടമുണ്ട് നിന്നെ കുറിച്ച് , എല്ലാം വിധിയെന്ന് ഓർത്ത് സമാധാനിക്കാൻ മാത്രേ എനിക്ക് പറയാൻ പറ്റൂ ”

“വിധി തന്നെയാണ് മാമാ,,,ഈ തുളുവച്ചിപട്ടണത്തിൽ എന്നെയിങ്ങനെ കണ്ടു മനം നിറയുന്ന ഒരുപാട് പേരുണ്ടെന്ന് മനസ്സിലായി, കഷ്ടപ്പാടിൽ മനസ്സ് സന്തോഷിക്കുന്നവർ”

“മോളെ ,,ഒന്നുമില്ലേലും നിനക്ക് മേലെ ആഭിചാരം ചെയ്ത കൂട്ടരല്ലേ , അതൊക്കെ അങ്ങനെതന്നെയാ,,നീ വിഷമിക്കാതെ കേട്ടോ ” അയാൾ കാപ്പികുടി തീർന്നു എഴുന്നേറ്റു.

“മോളെ ,, ഞാനെന്ന ഇറങ്ങട്ടെ, വിവരം കേട്ടപ്പോൾ ഓടിവന്നതാ,, ഇനി ഒത്തിരി ദൂരം പോകേണ്ടതല്ലേ”

അവൾ കുഞ്ഞിനെ എടുത്ത് കൊണ്ട് എഴുന്നേറ്റു

“മാമൻ വന്നല്ലോ ,അതുതന്നെ ആശ്വാസമായി ” അവൾ നിറഞ്ഞകണ്ണുകളോടെ പറഞ്ഞു.

“വരാതെയിരിക്കാൻ പറ്റില്ലല്ലോ മോളെ ”

ദല്ലാൾ കീശയിൽ നിന്നും അൻപതിന്റെ ഒരു കെട്ട് നോട്ട് എടുത്തു.

“ഇന്നാ മോളെ,,, നിന്റെ ആവശ്യങ്ങൾക്ക് ഇതുപകരിക്കും, ഞാൻ ഇടക്ക് വരാം ,എന്റെ മോള് ഒട്ടും സങ്കടപ്പെടേണ്ട ”

അവളാ പണത്തിലേക്ക് നിറഞ്ഞ കണ്ണുകളൊടെ നോക്കി.

“എന്തിനാ മാമാ,എനിക്കിതൊക്കെ ഞാൻ പണിയെടുത്ത് കഴിഞ്ഞോളാം,,ഒരുപാടായി ഈ സഹായങ്ങൾ”

“അതിനെന്താ ഞാനല്ലേ തരുന്നത് ” അയാൾ ആ പണം അവളുടെ കൈവെള്ളയിൽ വെച്ച് കൊടുത്തു.

“ഈ കുഞ്ഞിന് വേണ്ട ഉടുപ്പൊക്കെ വാങ്ങികൊടുക്കണം , മോളും വാങ്ങണം , ഇടക്ക് വന്നു ഞാൻ അന്വേഷിച്ചോളാം,,കുഞ്ഞിന് ഒരു കുറവും വരുത്തരുത് ” ദല്ലാൾ അമ്രപാലിയുടെ ശിരസ്സിൽ തടവി പറഞ്ഞു.

അവരോടു യാത്ര പറഞ്ഞു ദല്ലാൾ സുന്ദരപാണ്ട്യൻ അവിടെ നിന്നും ഇറങ്ങി.

@@@@@@

ദല്ലാൾ സുന്ദരപാണ്ട്യൻ, അവളുടെ ദുരിതം നിറഞ്ഞ ആ അവസ്ഥയിൽ നൽകിയ പണം അവളുടെ വിഷമതകൾ കുറെയൊക്കെ യകറ്റുവാൻ പര്യാപ്തമായിരുന്നു. ആ പണം ചിലവഴിച്ചു ശതരൂപ അത്യാവശ്യമുള്ള വസ്ത്രങ്ങളും അടുക്കളസമഗ്രികളും വാങ്ങി.എങ്കിലും അവൾ വീട്ടുവേല മുടക്കിയിരുന്നില്ല,

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ വീണ്ടും ദല്ലാൾ സുന്ദരപാണ്ട്യൻ വരികയുണ്ടായി.അയാൾ കാർ നിർത്തി വീടിനു മുന്നിൽ വന്നു വിളിച്ചപ്പോൾ ആരും തന്നെയുണ്ടായിരുന്നില്ല. അയാൾ അല്പം നേരം അവിടെ തന്നെ നിന്നു. അപ്പോളേക്കും സന്ധ്യയായിത്തുടങ്ങിയിരുന്നു. അപ്പോളാണ് പടികടന്നു ശതരൂപ വരുന്നതായാൾ കണ്ടത്. ഇടത്തെ ഒക്കത്ത് കുഞ്ഞിനെ എടുത്ത് തലയിൽ ഒരു വലിയ കെട്ടു വിറകും ചുമന്നു വിയർത്തൊലിച്ചു ശതരൂപ നടന്നു വരുന്നത് കണ്ടപ്പോൾ ദല്ലാൾ സുന്ദരപാണ്ട്യന്റെ ഹൃദയം കൊളുത്തിവലിച്ചു.

അയാളെ കണ്ടു മന്ദഹസിച്ചു കൊണ്ട് അവൾ “ദല്ലാൾ മാമാ” എന്ന് വിളിച്ചു കൊണ്ട് നടന്നു വീടിന്റെ തിണ്ണയിലേക്ക് വിറക് കെട്ട് ഇട്ടു കൊണ്ട് ചേലകൊണ്ട് മുഖത്തെ വിയർപ്പൊപ്പി അയാളുടെ അരികിലേക്ക് കുഞ്ഞിനേയും ഒക്കത്ത് എടുത്ത് കൊണ്ട് വന്നു.

“ഒത്തിരി നേരായോ മാമ വന്നിട്ട്” അവൾ സന്തോഷത്തോടെ ചോദിച്ചു.

അയാളൊന്നും മിണ്ടിയില്ല , പക്ഷെ കണ്ണുകൾ ഈറനായിരുന്നു.

“അയ്യോ എന്താ മാമാ,,ഞാൻ അരുതാത്തത് പറഞ്ഞോ?”

അയാളൊന്നു ചിരിച്ചു

“ഒന്നൂല്ല മോളെ , നീ ഇങ്ങനെ വരുന്ന കണ്ട് മനസ്സ് നൊന്തുപോയി”

അവളൊന്നും പറയാതെ മുഖത്തെ വിയർപ്പ് വീണ്ടും ഒപ്പി.

“എന്നോട് അലിവുണ്ടായിട്ടാ വിഷമം വന്നത് മാമാ” അവൾ നിർവികാരതയോടെ പറഞ്ഞു.

“വാ കണ്ണേ ,,,,,” ദല്ലാൾ കുഞ്ഞിനെ നോക്കി കൈ കാണിച്ചു വിളിച്ചു.

അമ്രപാലി പുഞ്ചിരിയോടെ അയാളുടെ കൈകളിലേക്ക് ശതരൂപയുടെ ഒക്കത്ത് നിന്നും കുതിച്ചു.

Updated: June 19, 2022 — 12:55 am