തിരുഗണിക-4 [Harshan] 4150

ദല്ലാൾ സുന്ദരപാണ്ട്യനായിരുന്നു അത്.

അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

“ദല്ലാൾ മാമാ ,,,” എന്ന് വിളിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.

അയാൾ ഉള്ളിലേക്ക് കയറിയ നേരം

“എന്റെയമ്മ പോയി മാമാ ,,, കുത്തികൊന്നതാ ” ഇടറുന്ന ശബ്ദത്തോടെ അവൾ കരഞ്ഞുകൊണ്ടിരുന്നു.

അവളുടെ സങ്കടം കണ്ടപ്പോൾ അയാളുടെ ഹൃദയം മുറുകി.

“കരയണ്ട മോളെ ,,,” എന്ന് പറഞ്ഞയാൾ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.

അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവളുടെ കരച്ചിലടക്കാൻ സാധിക്കാതെ അയാൾ പ്രയാസപ്പെട്ടു.

ഉമ്മറത്തുള്ള തടിബെഞ്ചിൽ ദല്ലാളിരുന്നു അയാൾക്കരികിലായി ശതരൂപയെ ഇരുത്തി.

“ഇന്നലെയാ മോളെ സിലോണിൽ നിന്നും വന്നത്, ഇന്ന് രാവിലെയാണ് മൃണാളിനിയക്കച്ചി കൊലചെയ്യപ്പെട്ടതറിഞ്ഞത്. അത് കേട്ടപാടെ ഇങ്ങോട്ട് വന്നതാ നിങ്ങളെ കാണാൻ, ഇവിടെ വന്നപ്പോൾ ഇവിടത്തെ  ആളുകളോട് എല്ലാം ഞാൻ ചോദിച്ചറിഞ്ഞു, ഞാനെന്താ പറയാ മോളെ, ഒരിക്കൽ പോലും വിചാരിക്കാത്ത കാര്യമല്ലേ”

അവൾ മറുപടിയൊന്നും പറയാതെ ചേലതലപ്പ് കൊണ്ട് വായ പൊത്തികരഞ്ഞു.

“കരയല്ലേ മോളെ ,,എനിക്കാകെ വിഷമമാണ് നീയിങ്ങനെ കരയുന്നത് കാണുമ്പോ”

” ജീവിക്കാൻ വേറെ നിവൃത്തിയില്ല മാമാ,,, ഞാൻ വീട്ടുപണിയെടുക്കാ,,കഷ്ടം മാത്രേയുള്ളൂ മാമാ” ഒരു വിതുമ്പലോടെ അവൾ പറഞ്ഞു.

“ഒക്കെ ഞാനറിഞ്ഞു മോളെ ,,നീ കരയാതെ ” അയാൾ അവളുടെ ചുമലിൽ കൈ വെച്ച് ആശ്വസിപ്പിച്ചു എന്നിട്ടു തന്റെ നിറയുന്ന കണ്ണുകൾ തുടച്ചു.

“മാമാ,,ഞാൻ കാപ്പിയെടുക്കട്ടെ ” അവൾ എഴുന്നേറ്റു ചോദിച്ചു.

“അയ്യോ വേണ്ടാ മോളെ ,,” അയാൾ നിരസിച്ചു

“അങ്ങനെ പറയല്ലേ,,,ഞാനിപ്പോ കൊണ്ടുവരാം, മാമനിരിക്ക് ” ശതരൂപ വേഗം അടുക്കളയിലേക്ക് പോയി.

അന്നേരം

മുറിയിൽ ഉറങ്ങുകയായിരുന്ന അമ്രപാലി ഉണർന്നു കരയാൻ തുടങ്ങി.

“അയ്യോ മോളെ ,,,,കുഞ്ഞു കരയുന്നല്ലോ “ദല്ലാൾ സുന്ദരപാണ്ട്യൻ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു

“ആ നശൂലം കിടന്നു കരയട്ടെ മാമാ ,,നശിപ്പാണ് ആ ജന്തു ”

“അങ്ങനെയൊന്നും പറയല്ലേ മോളെ , ആ കുഞ്ഞെന്തു പിഴച്ചു ” ദല്ലാൾ അവിടെ നിന്നും എഴുന്നേറ്റു

മുറിയിലേക്ക് കയറിയപ്പോൾ  കുഞ്ഞ് എഴുന്നേറ്റിരുന്നു അമ്മാ ,,,,,,,,എന്ന് വിളിച്ചു കരയുന്നു. അയാൾ  അമ്രപാലിയുടെ അരികിലേക്ക് ചെന്നു അവളെ വാരിയെടുത്തു.

അവളെ കണ്ടപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത വാത്സല്യം മനസ്സിൽ തോന്നുകയുണ്ടായി.

“കരയല്ലേ മുത്തേ ,,,” എന്ന് വിളിച്ചയാൾ ആ കുഞ്ഞിനു മുത്തം നൽകി.

അവളെയും കൊണ്ട് ഉമ്മറത്തേക്ക് വന്നു.

വളരെയെളുപ്പം തന്നെ അമ്രപാലി ദല്ലാളുമായി കൂട്ടായി.

അയാളുടെ നരച്ച മുടിയിലും മീശയിലും പിടിച്ചു വലിച്ചു ചിരിക്കാൻ തുടങ്ങി.

കുഞ്ഞിന്റെ കളിചിരികളിൽ ദല്ലാളും സന്തോഷത്തോടെ മുഴുകി.

അന്നേരം കൈയിൽ ഒരു കോപ്പയിൽ ചക്കരകാപ്പിയുമായി ശതരൂപ വന്നു.

“എന്തിനാ മാമാ ഈ പിശാശിനെ എടുത്തു നിൽക്കുന്നെ , ആ താഴെയെങ്ങാനും ഇരുത്തതിനെ ” അരിശത്തോടെ കുഞ്ഞിന്റെ മുഖത്ത് പോലും നോക്കാതെ ശതരൂപ പറഞ്ഞു.

“മോളെ ,,,അരുത് … എന്തിനാ ഈ മിണ്ടാകുഞ്ഞിനെ ഇങ്ങനെ ശപിക്കുന്നത്”

“ഇതിനെ ശപിച്ചാൽ പോരാ ,,ഈ മാരണത്തിനെ കൊല്ലുകയാ വേണ്ടത്, എന്റെ ജീവിതം തൊലച്ച നശൂലമാ” അവൾ കോപത്തോടെ പറഞ്ഞു

ദല്ലാൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു , കുഞ്ഞ് അയാളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ടിരുന്നു.

‘ഈ അമ്മയെ നമുക്ക് വെളിച്ചത് ചോറ് കൊടുത്തിരുട്ടത്ത് കെടത്തി ഉറക്കാട്ടോ സുന്ദരികുഞ്ഞേ ,,,” ദല്ലാൾ അവളുടെ കവിളിലും നെറ്റിയിലും മുത്തം നൽകി.

“ഇത് കുടിക്ക് മാമാ ,,,” എന്ന് പറഞ്ഞു ശതരൂപ ചക്കരകാപ്പി നീട്ടി.

അയാൾ കുഞ്ഞിനെ അരികിലായി ഇരുത്തി അതുവാങ്ങിച്ചു

അപ്പോൾ അമ്രപാലി പാലിനായി കരയാൻ തുടങ്ങി.

Updated: June 19, 2022 — 12:55 am