വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

അച്ചു…അവൾക്ക് അവകാശപ്പെട്ട ഒരു രൂപപോലും നമ്മൾ എടുത്തിട്ടില്ല. എല്ലാം അവളുടെ പേരിൽ ബാങ്കിൽ ഉണ്ട്…സുകു പറഞ്ഞു.

അതുകൊണ്ടെന്തു കാര്യം എന്നു പറയണം എന്നുണ്ടായിരുന്നു…അച്ചു വേണ്ടാന്നു വച്ചു.

സുകുവേട്ടാ…മതി കിടന്നോളൂ. ഇതൊന്നും ഓർത്തു വിഷമിക്കേണ്ട…ലളിത പറഞ്ഞു. അച്ചൂ…ശരത്…വാ അച്ഛൻ ഉറങ്ങട്ടെ. അവർ മൂവരും മുറിക്കുപുറത്തിറങ്ങി.

എന്തിനെന്നറിയാതെ സുകുവിൻ്റെ കണ്ണുനിറഞ്ഞു. എന്തിനായിരുന്നു വാശി. എന്നിട്ട് എന്തുനേടി…കുറ്റബോധം വല്ലാതെ നോവിക്കാൻ തുടങ്ങി. ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…സുകു കണ്ണുകൾ ഇറുകെ അടച്ചു.

അച്ചു…അച്ഛനെ വിളിക്ക്. ചേറെടുത്തുവച്ചു…ലളിത പറഞ്ഞു. അച്ഛനെ വിളിക്കാൻ മുറിലെത്തിയ അച്ചു കണ്ടു വേദനകൊണ്ട് പുളയുന്ന അച്ഛനെ.

എൻ്റെ ദേവീ, എൻ്റെ അച്ചന് എന്താ പറ്റിയത്. അമ്മേ വേഗം വാ…നിലവിളിച്ചു കൊണ്ട് ഓടിവന്നു നെഞ്ച് തടവികൊടുത്തു.

മോളെ…അച്ഛനു വയ്യ…അമ്മേ വിളി. സുകുവേട്ടാ…ലളിത ഓടി എത്തി. അച്ചു…ശരത്തിനെ വിട്ട് വണ്ടി വിളിപ്പിക്ക്. പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ സുകുവിനെ രക്ഷിക്കാനായി…

ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം സുകു തിരിച്ചു വീടെത്തി. പരിപൂർണ്ണ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചു. അച്ചുവിനോടും ലളിതയോടും ഡോക്ടർ പറഞ്ഞു. ഇനി ഒരു അറ്റാക്ക് ഉണ്ടായാൽ രക്ഷപെടാനുള്ള സാധ്യത ഇല്ല. നല്ല കരുതൽ വേണം.

ഇത്രയും ദിവസമായിട്ടും ദേവേട്ടന് ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ…താൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാനെങ്കിലും…അച്ചു ദേവിനെപറ്റി ചിന്തിച്ചിരുന്നു.

എന്താ അച്ചു ആലോചിക്കുന്നത്. പരീക്ഷ അടുത്തില്ലേ, പഠിക്കാൻ നോക്കൂ…രണ്ടാഴ്ചയായി ഒന്നും പഠിച്ചിട്ടില്ല രണ്ടു പേരും…

അമ്മ അടുത്തു വന്നത് അച്ചു കണ്ടില്ല. എത്രയും വേഗം അച്ചുവിൻ്റെ കല്യാണം നടത്തണം. കുറെ പഠിപ്പിച്ചിട്ട് എന്തുകാര്യം…സുകുവേട്ടന് എന്തെങ്കിലും സംഭവിച്ചാൽ…ലളിത ചിന്തിച്ചുറപ്പിച്ചു.

നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ അവൾ പാടുപെട്ടു. എക്സാം വരെ കാക്കുകതന്നെ…അച്ചു പഠിക്കാനായി മുറിയിലേയ്ക്ക് നടന്നു.

*** *** ***

സ്റ്റഡിലീവ് ആയതിനാൽ ദേവിന് അച്ചുവിനെ കാണാൻ കഴിഞ്ഞില്ല. ഫോൺചെയ്യാൻ നിർവാഹവും ഇല്ല. ലാൻഡ്‌ഫോണാണ് അച്ചുവിന്റെ വീട്ടിൽ. ഒരു മൊബൈൽ വാങ്ങൂ എന്ന് എത്ര പറഞ്ഞതാ കേൾക്കില്ല. ഒരെണ്ണം വാങ്ങിതരാം എന്നുപറഞ്ഞതാ സമ്മതിക്കില്ല. എന്തു കാരണത്താലും വീട്ടിലേക്ക് ഫോൺ ചെയ്യരുതെന്നാണ് ആദ്യത്തെ കണ്ടീഷൻ.

ദേവിന് അരിശവും സങ്കടവും വന്നു. ഇനി എക്സാം വരെ കാത്തിരിക്കേണ്ടി വരുമോ…? ദേവ് ഓരോന്നോർത്തു കിടന്നു. വസുധയ്ക്ക് തൻ്റെ പ്രതീക്ഷകൾ എല്ലാം വെറുതെ ആയെന്ന് തോന്നിത്തുടങ്ങി. എപ്പോഴും എങ്ങനാണ് ദേവിനെ അച്ചുവിന്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത്. തൻെറ വാശിയാണ് ഇതിനൊക്കെ കാരണം.

ഒരാഴ്ച പിന്നിട്ടു രണ്ടാഴ്ച പിന്നിട്ടു …അച്ചുവിന്റെ ഒരു വിവരവും ഇല്ല. ദേവിനു വട്ടു പിടിക്കുന്ന പോലെയായി. വസുധയ്ക്ക് മനസ്സിലായി അച്ചുവിന്റെ വിവരം ഒന്നും ദേവിനും അറിയില്ലെന്ന്.

ദേവ്, നമുക്ക് കാവുംപുറത്ത് പോയാലോ…?

അത് വേണോ അമ്മേ…അവർ എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ…

അച്ചു…നിൻ്റെയാണ്. അവർ വേറെ കല്യാണം ആലോചിച്ചാൽ…

ഏയ് ഇല്ലമ്മേ…അവളുടെ അപ്പച്ചി വസുധയാണ്…ആ ധൈര്യം അവൾക്കും ഉണ്ടാകും…

അങ്ങനെയല്ല ദേവ്…എന്തോ ഒരു പേടി…കുറച്ചുകൂടി നോക്കാം അമ്മേ…

നീണ്ടു പോകേണ്ട ദേവ്…

ദിവസങ്ങൾ പിന്നെയും കടന്നുപോയി. വീട്ടുപടിക്കൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം മുറിയിൽ കിടക്കുകയായിരുന്ന സുകു കേട്ടു.

അച്ചൂ…ലളിതേ…ആരോ വന്നെന്നു തോന്നുന്നു ആരാന്നു നോക്കൂ…? പഠിക്കുകയായിരുന്ന അച്ചുവോ…അടുക്കളയിൽ ആയിരുന്ന ലളിതയോ…സുകു വിളിച്ചതും പറഞ്ഞതും കേട്ടില്ല.
മുറ്റത്ത് ഒരു കാർ വന്നുനിന്നത് കളി കഴിഞ്ഞു വരികയായിരുന്ന ശരത് കണ്ടു. അവൻ ഓടി വന്നു. ആരാവും കാറിന്റെ ഡോർ തുറന്നിറങ്ങിയ ആളെ കണ്ടിട്ട് ശരത്തിനു മനസ്സിലായില്ല…

ചിലപ്പോൾ ചേച്ചിയെ പെണ്ണുകാണാൻ വന്നവർ ആണോ…ഇന്നലെ അമ്മ അച്ഛനോട് പറയുന്നത് കേട്ടതാണ്. ഇന്ന് ഒരുകൂട്ടർ കാണാൻ വരുമെന്ന്…അതാവും. എന്തായാലും ചെറുക്കൻ കൊള്ളാം. നല്ല ഭംഗിയുണ്ട് കാണാൻ. ഒറ്റയ്ക്കാണോ പെണ്ണുകാണാൻ വരൂന്നത്.

കാറിൽ നിന്നും ഇറങ്ങിയയാൾ ആകെ മൊത്തം കണ്ണോടിച്ചു. പഴയ രീതിയിലുള്ള ഓടിട്ട പുര. വിശാലമായ മുറ്റം കൃഷിചെയ്തു ജീവിക്കുന്നവർ ആണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.